ന്യൂദല്‍ഹി: കഴിഞ്ഞ ആഴ്ച അവിശ്വാസപ്രമേയത്തെ അതിജീവിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.കിരണ്‍കുമാര്‍ റെഡ്ഡിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു കാണിച്ച് സുപ്രീം കോടതിയില്‍ എംഎല്‍എ എസ്.വേണുഗോപാലാചാരി കൊടുത്തിരുന്ന ഹര്‍ജി പിന്‍വലിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ അവിശ്വാസ പ്രമേയം നിയമസഭയില്‍ പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കിരണ്‍കുമാറിന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞു. ഇതിന്റെ വെളിച്ചത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ വാദിയുടെ അഭിഭാഷകന് സതീഷ് ഗള്ളക്ക് ജസ്റ്റിസുമാരായ ദല്വീര്ഭണ്ഡാരിയും ദീപക് മിശ്രയും അനുമതി നല്‍കിയത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ള പിന്തുണയിലും തെലുങ്കാന പ്രശ്നത്തിലും കോണ്‍ഗ്രസിലെ 79 സാമാജികര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട റെഡ്ഡിക്ക് ഭരണം തുടരാന്‍ അവകാശമില്ലെന്നു കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതേ വിഷയത്തില്‍ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ ആയ എസ്.വേണുഗോപാലാചാരി ആന്ധ്ര ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: