സമാജസേവ സംഘത്തിന്റെ ദൗത്യമായി പൂജനീയ ഡോക്ടര്‍ജി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. മാനവസേവ മാധവസേവ എന്ന ആദര്‍ശവാക്യം ആ ചിന്തയില്‍നിന്നുത്ഭവിച്ചതാണല്ലൊ. രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന് താന്‍ സൃഷ്ടിച്ച നൂതന പ്രസ്ഥാനത്തിന് നാമകരണം ചെയ്തപ്പോള്‍ അദ്ദേഹം നല്‍കിയ വിശദീകരണത്തിലും അതു കാണാന്‍ കഴിയും. രാഷ്‌ട്രസേവനത്തിനായി സ്വയം പ്രേരണയില്‍ മുന്നോട്ടു വന്നിട്ടുള്ളവരുടെ സംഘം എന്നായിരുന്നുഅത്. അത്തരം സേവകരെ, സ്വയംസേവകരെ നിര്‍മിക്കാന്‍ ഡോക്ടര്‍ജി ശാഖാ പദ്ധതി ആവിഷ്ക്കരിച്ചു വളര്‍ത്തിക്കൊണ്ടുവന്നു.രാഷ്‌ട്രത്തിന്റെ നന്മയ്‌ക്കുവേണ്ടിയുള്ള ഏതു പ്രവൃത്തിയും ചെയ്യാന്‍ സന്നദ്ധരായ ലക്ഷക്കണക്കിനാളുകളെ സൃഷ്ടിച്ചെടുക്കാന്‍ ആ പദ്ധതികൊണ്ട് സാധ്യമായി എന്നുനാം ഇന്നറിയുന്നു.
നമ്മുടെ സമാജത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ അത്യന്തം പിന്നോക്കനിലയില്‍ അവശതയനുഭവിച്ചുകൊണ്ടു കഴിയുകയാണ് നൂറ്റാണ്ടുകളായി അവഗണനയ്‌ക്കും ചൂഷണത്തിനും വര്‍ണ വിവേചനത്തിനും ഇരയായി കഴിഞ്ഞതിനാലും ഹിന്ദുസമാജം നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ആത്മവിസ്മൃതി മൂലവും വന്നുചേര്‍ന്ന വിപര്യയമായിരുന്നു അത്. സാധാരണക്കാരന് സങ്കല്‍പ്പിക്കാന്‍പോലും സാധ്യമല്ലാത്തത്ര ദയനീയാവസ്ഥയില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനജാതികള്‍ രാജ്യത്തെങ്ങുമുണ്ട്. കോളണി ശക്തികള്‍ ഇക്കൂട്ടരെ പ്രലോഭിപ്പിച്ച് മതം മാറ്റി തങ്ങളുടെ ആസൂത്രിതമായ സാമ്രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരികയായിരുന്നു. കഷ്ടപ്പെടുന്നവരുടേയും ചൂഷിതരുടേയും ഭാരം ചുമക്കുന്നവന്റേയും കൈത്താങ്ങായും അത്താണിയായും തങ്ങളും മിശിഹായുമുണ്ടായിരിക്കുമെന്ന വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനാളുകളെ അവര്‍ അപ്രകാരം, അന്താരാഷ്‌ട്ര ധനസഹായമുപയോഗിച്ച് ‘മാര്‍ഗ’ത്തില്‍ ചേര്‍ത്തു. ഹിന്ദു സമാജത്തിലെ മേലാളന്മാരായി ചമഞ്ഞു നടന്ന വിഭാഗങ്ങളിലേറെയും ഈ വസ്തുസ്ഥിതിയുടെ ഗൗരവം മനസ്സിലാക്കാന്‍ കൂട്ടാക്കാതെ, ശപിക്കപ്പെട്ടവരുടെ വിധിയാണതെന്ന സംവേദനാശൂന്യമായ മനോഭാവത്തോടെ മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു ചെയ്തത്.
തെക്ക് വൈകുണ്ഠപാദ സ്വാമി ശ്രീനാരായണ ഗുരുദേവന്‍, അയ്യങ്കാളി, വടക്ക് ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാത്മാക്കള്‍ പ്രശ്നത്തിന്റെ അപകട സ്വഭാവം തിരിച്ചറിഞ്ഞ് സമാജത്തില്‍ ഉണര്‍വും നവചൈതന്യവും സൃഷ്ടിച്ചു. ജനങ്ങളില്‍ നൂതനമായ കാഴ്ചപ്പാടുണ്ടാക്കി. വിവേകാനന്ദ സ്വാമികളുടെ ഗുരുഭായിയായിരുന്ന അഖണ്ഡാനന്ദ സ്വാമിയില്‍നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച ശ്രീ ഗുരുജി, ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സംഘത്തിന്റെ സാരഥ്യം ഏറ്റെടുത്ത് ഏറെ ചെല്ലുന്നതിനുമുമ്പുതന്നെ ജനസേവനത്തിന്റെ പുതിയ വഴിത്താരകള്‍ സൃഷ്ടിച്ച് മുന്നേറാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്‍കി. കുഷ്ഠരോഗികളെ പരിചരിക്കാനും വനവാസികളുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവയൊക്കെ ക്രമേണ വളര്‍ന്നു വികസിച്ചു. ഇന്ന് ആയിരക്കണക്കിന് സംരംഭങ്ങളായി രാജ്യമാസകലം പടര്‍ന്നുപന്തലിച്ചു വരികയാണ്. പേരുംപെരുമയും സ്വാര്‍ത്ഥമോഹങ്ങളും തൊട്ടുതീണ്ടാത്ത നൂറുകണക്കിന് സ്വയംസേവകരും അവരില്‍നിന്ന് ആവേശംകൊണ്ട സാധാരണ ജനങ്ങളും ഈ സംരംഭങ്ങളെ മുന്നണിയില്‍നിന്നും താങ്ങായും പ്രവര്‍ത്തിച്ച് സഹായിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏറ്റവും അവശനിലയില്‍ അവഗണിതരായിക്കഴിഞ്ഞിരുന്ന വിഭാഗങ്ങളില്‍പ്പെട്ട ധാരാളം പേര്‍, ആര്‍ക്കും അസൂയാവഹമായ നിലയില്‍ വളര്‍ന്ന് ജനജീവിതത്തിന്റെ നാനാമേഖലകളില്‍ സമുന്നതമായ സ്ഥാനങ്ങളില്‍ വിരാജിക്കുന്നുണ്ട്. ഭാരതീയ സംസ്ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ധര്‍മത്തിന്റെയും കാര്യത്തില്‍ മറ്റേതു വിഭാഗങ്ങളെയുംപോലെ തുല്യരായ അവകാശികളും അധികാരികളും പങ്കാളികളുമാണ് തങ്ങള്‍ എന്ന് തലയുയര്‍ത്തിത്തന്നെ പറയാന്‍ അവരെ പ്രാപ്തരാക്കാന്‍ സാധിച്ചിട്ടുണ്ട്.
നവംബര്‍ മാസത്തില്‍ തൊടുപുഴയിലെ ഗോകുലം ബാലഭവനുവേണ്ടി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്തപ്പോഴാണ് ഈ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയത്. രണ്ടുവര്‍ഷംമുമ്പ് അതിന്റെ ശിലാസ്ഥാപനച്ചടങ്ങിലും പങ്കെടുത്തിരുന്നു. തൊടുപുഴയിലെ ഏതാനും മുതിര്‍ന്ന സ്വയംസേവകര്‍ 10 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ദീനദയ സേവാട്രസ്റ്റിന്റെ വിവിധതരം സംരംഭങ്ങളിലെ ഏറ്റവും പ്രധാന സ്ഥാപനമാണ് കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഗോകുലം ബാലഭവന്‍. ഇത്രയും കാലം ഒരു വാടകവീട്ടില്‍ പ്രവര്‍ത്തിച്ച ബാലഭവന്‍ സൗകര്യപ്രദമായ പുതിയ മന്ദിരത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. വ്യവസായ, വാണിജ്യ, ഭരണ, രംഗങ്ങളിലെ തൊടുപുഴക്കാരായ അത്യുന്നത വ്യക്തികള്‍ ശിലാസ്ഥാപനത്തിലും ഗൃഹപ്രവേശത്തിനും പങ്കെടുത്തിരുന്നു.
സേവാഭാരതി, ഡോ.ഹെഡ്ഗേവാര്‍ സേവാസമിതി മുതലായ സംഘപ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങളുടെ ശ്രേണിയിലെ ഒരു പ്രമുഖ സ്ഥാപനമായി ഗോകുലം ബാലഭവന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ബാലഭവനു പുറമെ യുവജനങ്ങള്‍ക്കുവേണ്ടി കൗണ്‍സലിംഗ് കേന്ദ്രം, മഹിളകള്‍ക്കായുള്ള തൊഴില്‍ പരിശീലനകേന്ദ്രം, പുനരധിവാസ ഹ്രസ്വ താമസസൗകര്യങ്ങള്‍, വൃദ്ധസദനം തുടങ്ങിയവയും ദീനദയട്രസ്റ്റിന്റെ വിഭാവനത്തിലുണ്ട്. സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സ്, വൈദ്യസഹായ ക്യാമ്പുകള്‍, സൗജന്യമായ ഭക്ഷ്യധാന്യ സഹായം, സ്വയംസഹായ സംഘങ്ങള്‍, പഠനോപകരണ വിതരണം മുതലായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നുവരുന്നു.
തൊടുപുഴയില്‍ത്തന്നെ സേവാഭാരതിയുടെ മാധവം ബാലസദനവും നടന്നുവരുന്നു. അടുത്തുതന്നെ മാധവത്തിനും സ്വന്തമായ മന്ദിരമുണ്ടാകുകയാണ്.
ഈ സ്ഥാപനങ്ങളൊക്കെത്തന്നെ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും വിദേശമിഷനുകളുടെയോ സഹായം കൂടാതെ തികച്ചും ജനകീയ സ്വഭാവത്തിലാണ് നടന്നുവരുന്നത്. അന്തേവാസികളായി കേരളത്തിന്റെ വിവിധ ജില്ലക്കാരായ കുട്ടികള്‍ തികച്ചും ധാര്‍മിക മൂല്യങ്ങളും ആത്മീയാന്തരീക്ഷവും അനുഭവിച്ചുകൊണ്ട് താമസിക്കുന്നു. അവരെ സ്വന്തം അമ്മയെന്നപോലെ ശുശ്രൂഷിക്കുന്ന സേവാവ്രതികള്‍ അവിടെയുണ്ട്. ചില കുട്ടികളുടെ ധാരണ അവര്‍ തന്നെയാണ് അമ്മയെന്നത്രെ. പരിസരവാസികളുടെ സഹകരണം സര്‍വതോന്മുഖമാണ്. സ്വന്തം വീടുകളിലെ വിശേഷാവസരങ്ങളില്‍ അവര്‍ ബാലഭവനില്‍ ചെന്ന് അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചും അവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയും മടങ്ങിപ്പോകുന്നു. ദീനദയയിലും മാധവത്തിലും ഇപ്രകാരം സഹകരിക്കുന്ന രണ്ടായിരത്തിലേറെ വീടുകളുണ്ട്.
ഇത്തരം അറുപതിലേറെ സേവന സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുത്തെ അന്തേവാസികള്‍ക്ക് തങ്ങള്‍ അനാഥരാണെന്ന തോന്നല്‍ പോലുമുണ്ടാകാതിരിക്കാന്‍ അതിന്റെ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംഘം നല്‍കുന്ന പരിശീലനവും അതിനാണ്. അനാഥനും അവശനുമായി ഒരാള്‍പോലും ഹിന്ദുസമാജത്തില്‍ ഉണ്ടാകരുതെന്നതാണല്ലൊ സംഘത്തിന്റെ സങ്കല്‍പ്പം. സര്‍ക്കാരിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണീ സ്ഥാപനങ്ങള്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്റെ പ്രമുഖര്‍ ക്രിസ്ത്യന്‍ പുരോഹിതരോ, മുസ്ലീം മൗലവിമാരോ ആണ്. അവരായിരുന്നല്ലോ ഓര്‍ഫനേജുകള്‍ നടത്തിവന്നത്. സര്‍ക്കാരിന്റെയും വിദേശനിധികളുടേയും ആനുകൂല്യങ്ങള്‍ മുഴുവന്‍ തരമാക്കിയെടുത്ത്, അന്തേവാസികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ അവയില്‍ നടക്കുന്നതായി മാധ്യമങ്ങളില്‍ ആക്ഷേപം വരാറുണ്ട്. അത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റാതെ ഉന്നതനിലവാരം നിലനിര്‍ത്തിയാണ് സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തപ്പെടുന്നത് എന്ന കാര്യം പരിശോധനക്ക് വന്നവരെ അത്ഭുതപ്പെടുത്തി.
പിറന്നുവീണയുടന്‍ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ശിശുക്കള്‍ക്ക് മായന്നൂരിലെ നിളാ തീരത്ത് തണല്‍, കണ്ണൂരിലെ മൂകാംബിക ബാലികാസദനം, ഊരകത്തെ സഞ്ജീവനി ബാലികാസദനം, ആലുവയിലെ മാതൃശക്തി പ്രതിഷ്ഠാന്‍, ചൊവ്വരയിലെ മാതൃബാല സദനം തുടങ്ങിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സനാഥരും ആത്മവിശ്വാസ സമ്പന്നരും ദേശീയബോധവും സേവനനിഷ്ഠയും നിറഞ്ഞവരുമായി വരുംതലമുറക്ക് പ്രചോദനം നല്‍കാന്‍ പ്രാപ്തരായവരെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നതില്‍ സംശയമില്ല. സംഘത്തിന്റെ ബഹുമുഖമായ വികാസപ്രയാണത്തിന്റെ ഫലമാണീ സ്ഥാപനങ്ങള്‍. അവ സ്ഥാപനവല്‍കൃത സംരംഭങ്ങളല്ല ജീവമാനമായ പ്രസ്ഥാനങ്ങളാകുന്നു. സ്വയം പ്രേരണയാണവയുടെ വിജയരഹസ്യം.
പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: