തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് ഏക പോംവഴിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അണക്കെട്ടിന്റെ കാലപ്പഴക്കവും തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂകമ്പവും മൂലം ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ആശങ്ക അടിയന്തരമായി സഭ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലം എന്ന നിലപാടില്‍ മാറ്റമില്ല. തമിഴ്നാടുമായി നല്ല ബന്ധം നിര്‍ത്തി കൊണ്ട് തന്നെ പ്രശ്നം പരിഹരിക്കുകയാണ് കേരളത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിച്ചാലും ഇപ്പോള്‍ ലഭിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ തമിഴ്നാടിന് ആശങ്ക വേണ്ട. ഇപ്പോള്‍ ലഭിക്കുന്ന വെള്ളം ഒരു തുള്ളി പോലും കുറയാതെ ലഭ്യമാക്കും. എന്നാല്‍ കേസിലെ നിയമനടപടികള്‍ നീണ്ടുപോകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാനുള്ള ശ്രമമായി സമ്മേളനം മാറണമെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന് പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രതീക്ഷയോടെയാണ് നിയമസഭ സമ്മേളനത്തെ കാണുന്നതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ തീരുമാനമെടുത്ത് ഇടപെടാനുള്ള ഇച്ഛാശക്തി കേന്ദ്രം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. പ്രശ്നം ക്രിയാത്മകമായി ചര്‍ച്ച ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
എ ജിയെ നിയമസഭയില്‍ വിളിച്ചു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: