തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. രാവിലെ എട്ടര മണിയോടെ ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് അവസാനിച്ചു.
തികച്ചും സമാധാനപരമായാണ് ഉപരോധ സമരം നടന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ വി.മുരളിധരന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണ് മുല്ലപ്പെരിയാര്‍ പ്രശ്നം വഷളാക്കിയതെന്നു വി. മുരളീധരന് പറഞ്ഞു. അണക്കെട്ട് തകര്‍ന്നാല്‍ നാലു ജില്ലകളിലെ 35 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നു പറയുന്നു.
അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദം ദുര്‍ബലമാക്കിയെന്നും മുരളീധരന് പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയും ഉന്നയിക്കുന്നത്. സെക്രട്ടേറിയറ്റിലെ ആകെയുള്ള നാല് ഗേറ്റുകളില്‍ മുന്നും ബി.ജെ.പി ഉപരോധിച്ചു. ഒന്നാം നമ്പര്‍ ഗേറ്റിലൂടെ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചതിനാല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: