ന്യൂദല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ സാക്ഷിമൊഴി നല്‍കാനും തെളിവുകള്‍ ഹാജരാക്കാനും ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമിക്ക് ദല്‍ഹി കോടതി അനുമതി നല്കി. ഈ മാസം 17ന് സ്വാമി തെളിവുകള്‍ ഹാജരാക്കണം. ഇതോടൊ ചിദംബരവും കേസില്‍ പ്രതിയാകാനുള്ള സാധ്യതയേറി.
സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ ചിദംബരവും മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയും ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് സ്വാമി പ്രത്യേക സിബിഐ കോടതിയില്‍ സ്വകാര്യ പരാതി നല്‍കിയത്. സ്പെക്ട്രം വില നിര്‍ണയത്തില്‍ ചിദംബരത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന വാദത്തെ സിബിഐ നേരത്തെ എതിര്‍ത്തിരുന്നു. തന്റെ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനും മറ്റുമായി സ്വാമി ഒന്നാം സാക്ഷിയായി കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി വ്യക്തമാക്കി. സാക്ഷിയാകാനുള്ള അപേക്ഷക്കൊപ്പം മറ്റു ചില സാക്ഷികളുടെ പട്ടികയും സ്വാമി ഹാജരാക്കിയിരുന്നു.
ഇതിന് പുറമെ ചില മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പേരുകളും ചേര്‍ത്തിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തേണ്ടതിന്റെ ആവശ്യകത പരാതിക്കാരന് ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
പരാതി സമര്‍പ്പിച്ച വേളയില്‍ കൂടുതല്‍ പ്രതികള്‍ ആരൊക്കെയെന്ന് പരാതിക്കാരന് അറിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അത് ആരൊക്കെയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് നിയമം അദ്ദേഹത്തെ തടയുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഈ മാസം 17ന് കോടതിയില്‍ ഹാജരായി ചിദംബരത്തിനെതിലേയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സ്വാമിക്ക് നിര്‍ദ്ദേശം നല്കി. ധനമന്ത്രിയായിരുന്ന ചിദംബരം സ്പെക്ട്രം ലൈസന്‍സുകള്‍ സംഘടിപ്പിച്ച സ്വാന് ടെലികോം, യൂണിടെക് എന്നീ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കാന് അനുമതി നല്‍കിയെന്ന് സ്വാമി ആരോപിച്ചിട്ടുണ്ട്.
ഇതേസമയം, ചിദംബരത്തിനെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ ബിജെപി തീരുമാനിച്ചു. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതനായ ചിദംബരം രാജിവെക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ രാജി സിബിഐ അന്വേഷണത്തിനും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനും അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിദംബരത്തിനെതിരെ 2 ജി സ്പെക്ട്രം കേസില്‍ സുബ്രഹ്മണ്യന് സ്വാമിയെ സാക്ഷി വിസ്താരം നടത്താന്‍ ദല്‍ഹി കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തങ്ങള്‍ ആവശ്യപ്പെടുന്നത് ചിദംബരത്തിന്റെ രാജിയാണ്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ അദ്ദേഹത്തിന്റെ പങ്ക് സിബിഐ അന്വേഷിച്ചുവരികയാണ്. രണ്ട് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷണ ഏജന്‍സിക്ക് മുന്പില് വെളിപ്പെടുത്താന്‍ തയ്യാറായ സാഹചര്യത്തില്‍ മന്ത്രിപദത്തില്‍ തുടരാന്‍ ധാര്‍മ്മികമായ എല്ലാ അവകാശങ്ങളും ചിദംബരത്തിന് നഷ്ടപ്പെട്ടതായും പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
ചിദംബരം മന്ത്രിപദത്തില്‍ തുടര്‍ന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കുവാനും ശ്രമിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.
ഭക്ഷ്യവിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രതിപക്ഷം സഭ അനാവശ്യ ആവശ്യങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തുകയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ ജോഷി തള്ളി. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ചിദംബരത്തിനെതിരെ മൊഴി നല്കാന് തയ്യാറായ കീഴുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ചിദംബരം ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരുന്നപക്ഷം കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: