തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്നു മുതല്‍ എട്ടു ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്ത ജീവിത രീതികളും ആചാരങ്ങളും സംസ്കാരങ്ങളും ആവിഷ്കാര രീതികളും സംഗമിക്കും. 1300 വനിതാപ്രതിനിധികളും 2400 വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ പതിനായിരത്തിലധികം സിനിമാ പ്രേമികള്‍ ലോക സിനിമയുടെ വെള്ളിത്തിരക്കാഴ്ചകള്ക്കായി തിക്കിത്തിരക്കും. 2200 ഓളം മാധ്യമ പ്രവര്‍ത്തകരും മേള കൊഴുപ്പിക്കാന്‍ എത്തും.
ഇന്ന് വൈകിട്ട് ആറിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ സിനിമാ മന്ത്രി കെ.ബി.ഗണേഷ്്കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. ഹിന്ദി സിനിമാതാരം ജയാബച്ചന് മുഖ്യാതിഥിയായിരിക്കും. ഓംപുരി, മോഹന്‍ലാല്‍, ഇന്നസെന്റ്, പദ്മിനികൊലാപ്പുരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വയസ്കര മൂസിന്റെ മഹാഭാരതം ആട്ടക്കഥയെ ഉപജീവിച്ച് സംവിധായകന് ടി.കെ.രാജീവ് കുമാര്‍ തയ്യാറാക്കിയ ‘നിയതിയുടെ ചതുരംഗം’ എന്ന പരിപാടി നടക്കും.
പ്രശസ്ത ചൈനീസ് സംവിധായകന് സാങ്ങ് യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ’ ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങിനു ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്.
65 രാജ്യങ്ങളില്‍ നിന്ന് 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്ത് നിന്ന് 50 പ്രതിഭകള്‍ ഉള്‍പ്പെടെ നൂറോളം പേര് അതിഥികളായെത്തും. പ്രതിനിധികളുടെ ബാഹുല്യമാണ് ഇത്തവണയും മേളയെ പ്രത്യേകതകളുള്ളതാക്കുന്നത്. കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേളക്കെത്തിയത് ഏഴായിരത്തോളം പ്രതിനിധികളായിരുന്നെങ്കില്‍ ഇത്തവണ അത് പതിനായിരം കടക്കും. എന്നാല്‍ അതനുസരിച്ച് തീയറ്ററുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല. കൈരളി, ശ്രീ, കലാഭവന്‍, ന്യു, ശ്രീകുമാര്‍, ശ്രീവിശാഖ്, അജന്ത, ശ്രീ പത്മനാഭ, ധന്യ, രമ്യ എന്നീ തിയേറ്ററുകളിലും പൊതുജനങ്ങള്‍ക്കായി നിശാഗന്ധിയിലും പ്രദര്‍ശനം നടക്കും.
മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 4 ചിത്രങ്ങള്‍ ലാറ്റിനമേരിക്കയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങളുണ്ട്. മത്സരിക്കാന്‍ മലയാള ചിത്രങ്ങളില്ല. മലയാള സിനിമയുടെ മാര്‍ക്കറ്റിംഗിനായി മാര്‍ക്കറ്റിംഗ് മലയാളം സിനിമ എന്ന പരിപാടി മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ആറന്മുള പൊന്നമ്മ, ശാരംഗപാണി, ജോണ്സണ്, മുല്ലനേഴി, കാക്കനാടന്, എ.ടി.അബു, മച്ചാന് വര്‍ഗ്ഗീസ് എന്നിവരെ സ്മരിച്ചുകൊണ്ട് ഇന്നു മുതല്‍ 14 വരെ സഞ്ചരിക്കുന്ന ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: