കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനത്തില്‍ രണ്ട് റെക്കോഡുകള്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഹൈജംപില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനമായിരുന്നു ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ ശ്രീനിത്ത് മോഹന്റേത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂവായിരം മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി.
പതിവുപോലെ ആദ്യദിനത്തില്‍ പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശി. സീനിയര്‍, ജൂനിയര്‍, ദീര്‍ഘദൂര ഇനങ്ങളില്‍ നാലില്‍ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് നേടി. പത്ത് ഫൈനലുകള്‍ കഴിഞ്ഞപ്പോള്‍ 34 പോയിന്റുമായി പാലക്കാട് ഒന്നാംസ്ഥാനത്ത്. 18 പോയിന്റോടെ എറണാകുളം രണ്ടാമതും 12 പോയിന്റോടെ മലപ്പുറം മൂന്നാംസ്ഥാനത്തുമാണ്.
പാലക്കാടിനുവേണ്ടി സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ ചിത്ര പി.യു, ഹൈജംപില്‍ ഗ്രീഷ്മ രാജന്, മൂവായിരം മീറ്റര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് അഫ്സല്, മൂവായിരം മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വര്‍ഷ എംപി എന്നിവര്‍ സ്വര്‍ണവും മൂവായിരം മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിദ്യ കെ.കെ വെള്ളിയും അര്‍ച്ചന സി.ബി വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ താര എം.ഡി, ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ സതീഷ്. ജെ, ഹൈജംപില്‍ അശ്വിന് വി.വി എന്നിവര്‍ വെള്ളിയുംനേടി. പ്രീജ ശ്രീധരന്റെ പിന്മുറക്കാരിയെന്ന വിശേഷണം ഇക്കുറിയും മുണ്ടൂര്‍ സ്കൂളിന്റെ പി.യു. ചിത്ര നിലനിര്‍ത്തി. ദേശീയ ചാമ്പ്യന്‍ എം.ഡി. താരയെ മൂവായിരം മീറ്ററില്‍ അത്ഭുതപ്രകടനത്തിലൂടെ കീഴടക്കിയാണ് സ്വര്‍ണം നേടിയത്. ഇടുക്കി ഇരട്ടയാര്‍ സ്കൂളിലെ ഗീതു മോഹനന് വെങ്കലം നേടി.
സ്കൂള്‍തലത്തില്‍ 20 പോയിന്റേറാടെ പറളി ഹൈസ്കൂള്‍ ആദ്യദിനത്തില്‍ ഒന്നാംസ്ഥാനത്തെത്തി. കോതമംഗലം മാര്‍ ബേസിലും മുണ്ടൂര്‍ ഹൈസ്കൂളും 9 വീതം പോയിന്റ് നേടി രണ്ടാംസ്ഥാനത്താണ്. 6 പോയിന്റോടെ ഐഡിയല്‍ കടക്കശ്ശേരിയാണ് മൂന്നാംസ്ഥാനത്ത്. അഞ്ച് വര്‍ഷത്തെ ഇടവേളക്കുശേഷം കാസര്‍ഗോഡ് ഡിസ്ക്കസ് ത്രോയില്‍ സ്വര്‍ണം നേടി. കുട്ടമത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിയേഷ് ആണ് 38.15 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: