മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയോട് തമിഴ്നാട് പൂര്‍ണമായും നിസഹകരിച്ചു. മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സബ്ജക്ട് കമ്മിറ്റി ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ ഡാമിന്റെ വിസിറ്റേഴ്സ് ഗ്യാലറിയിലേക്കുള്ള പ്രവേശനം തമിഴ്നാട് തടഞ്ഞു. ഗ്യാലറിയിലെ വാതിലിന്റെ താക്കോല്‍ പൂട്ടി ഡാം സൂപ്രണ്ട് ഉള്‍പ്പെടുയുള്ള തമിഴ്നാട് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു.
ഡാമിന്റെ ചോര്‍ച്ച ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് വിസിറ്റേഴ്സ് ഗ്യാലറിയില്‍ നില്‍ക്കുമ്പോഴാണ്. കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിച്ച സ്പീക്കര്‍ ജി. കാര്ത്തികേയന് വിസിറ്റേഴ്സ് ഗ്യാലറിക്കു സമീപത്തെ വിള്ളലിലൂടെ വെള്ളം പോകുന്നത് കൈകുമ്പിളില്‍ എടുത്തിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച മന്ത്രി ജോസഫ് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോഴും ഗ്യാലറിക്കുള്ളില്‍ കടന്ന് ഒഴിച്ചുകൊണ്ടിരുന്ന സുര്‍ക്കി മിശ്രിതം കോരിയെടുത്ത് മാധ്യമസംഘത്തെ കാണിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റി ഗ്യാലറി കാണുന്നത് ഗുണകരമല്ലെന്ന് തോന്നിയത് കൊണ്ടാകാം തമിഴ്നാട് ഇത്തരമൊരു നീക്കം നടത്തിയതെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇന്നലെ 12 മണിയോടെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിയമസഭാ സമിതി ഡാമിലെത്തിയപ്പോള്‍ തമിഴ്നാടിന്റെ ഒരുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നില്ല. ഡാമിന്റെ സുരക്ഷാ പരിപാലന ചുമതല തമിഴ്നാടിനാണ്. എന്നിട്ടും ജലസേചനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തോട് തമിഴ്നാട് നിഷേധാത്മക നിലപാട് സ്വീകരിച്ചത് ബോധപൂര്‍വ്വമാണ്. തമിഴ്നാടിന്റെ നിലപാട് ശരിയായില്ലെന്ന് പി.ജെ. ജോസഫ് പ്രതികരിക്കുകയും ചെയ്തു. എംഎല്‍എമാരായ ടി.എന്‍. പ്രതാപന്, എ.എം. ആരിഫ്, വര്‍ക്കല കഹാര്‍, മുഹമ്മദുണ്ണി ഹാജി, തോമസ് ചാണ്ടി, ജി.എസ്. ജയലാല്‍ എന്നിവരായിരുന്നു മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സമിതിയംഗങ്ങള്‍.
1894 ല്‍ സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച ഡാം പലഘട്ടങ്ങളിലായി തമിഴ്നാട് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും ചോര്‍ച്ച വര്‍ധിക്കുകയായിരുന്നു. ഡാമിന്റെ സുരക്ഷയും ചോര്‍ച്ചയും പരിശോധിക്കുന്നതിന് ഡാം ഭിത്തിക്കുള്ളില്‍ ഉള്ള ഇടനാഴിയാണ് ഗ്യാലറി. ഇതിനകത്ത് കയറി പരിശോധിച്ചാല്‍ മാത്രമേ ഡാമിന്റെ ചോര്‍ച്ചയുടെ ശരിയായ ചിത്രം വ്യക്തമാകു. തമിഴ്നാടിന്റെ നിസഹകരണം മൂലം ഇത് മനസിലാക്കാന്‍ സബ്ജക്ട് കമ്മറ്റിക്ക് കഴിഞ്ഞില്ല.
നിലവിലെ ഡാം പൊളിച്ച് നീക്കി പുതിയ ഡാം എന്ന നിര്‍ദേശത്തെ തമിഴ്നാട് അംഗീകരിക്കാത്ത സാഹചര്യത്തില്‍ പുതിയൊരു സംരക്ഷണ അണ എന്ന ആശയം സബജക്ട് കമ്മറ്റി ചര്‍ച്ച ചെയ്തു. നിലവിലെ അണക്കെട്ട് തൊടാതെ അതിന് 1300 അടി താഴെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സംരക്ഷണ ഡാം പണിയുക, തമിഴ്നാടിന് ഇപ്പോഴത്തെ രീതിയില്‍ തന്നെ വെള്ളം നല്‍കുക, കേരളത്തിന്റെ ഭൂമിയില്‍ സംസ്ഥാനത്തിന്റെ ചിലവില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കണമെന്നും സബ്ജക്ട് കമ്മറ്റി ആവശ്യപ്പെടും.
ഇത് കേരളത്തിന്റെ മാത്രം പ്രശ്നമായതിനാല്‍ തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്നും അവര്‍ക്ക് ഇപ്പോഴുള്ള സ്ഥിതി മാറാത്തതിനാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും സബ്ജക്ട് കമ്മറ്റി വിലയിരുത്തി. ഈ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന ആവശ്യവും കമ്മറ്റി മുന്നോട്ടുവെക്കും. സംരക്ഷണ ഡാം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം സബ്ജക്ട് കമ്മറ്റി നിയമസഭയില്‍ സമര്‍പ്പിക്കും.
ഡാമിന്റെ മധ്യഭാഗത്ത് അടക്കം എട്ട് ബ്ലോക്കുകളില്‍ ശക്തമായ ചോര്‍ച്ച പുറത്ത് നിന്ന് തന്നെ കാണാന്‍ കഴിയും. ഇതിന് പുറമെ രണ്ട് ഡസനിലേറെ ചെറുചോര്ച്ചകള് ഉണ്ട്. ബ്ലോക്ക് 18ല്‍ ജോയിന്റുകളില്‍ പോലും ശക്തമായ ചോര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഡാമിനെ ശക്തിപ്പെടുത്താന്‍ മുന്‍വശത്ത് വെച്ചിട്ടുള്ള ചെമ്പ് തകിട് തകര്‍ന്നത് കൊണ്ടാണിതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് എം.കെ. പരമേശ്വരന്‍നായര്‍ വിശദീകരിച്ചു. ഇത് വന്‍ അപകട സാധ്യതയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാമിന്റെ പുറംഭിത്തികളില്‍ കൂടിയുള്ള ചോര്‍ച്ച ശക്തമായതിനാല്‍ ഡാം ദുര്‍ബലമാണെന്ന് മറ്റൊരു പരീക്ഷണത്തിന്റെയും ആവശ്യമില്ലാതെ പറയാമെന്ന് സെസ് ശാസ്ത്രജ്ഞന് ജോണ്‍മത്തായി വ്യക്തമാക്കി.
ഡാമിനെ ശക്തിപ്പെടുത്താന്‍ നടത്തിയ കേബിള്‍ ആങ്കറിംഗ് കമ്പികള്‍ പലതും ഇളകിയ അവസ്ഥയിലാണെന്നും വിദഗ്ധര്‍ വിശദീകരിച്ചു. ഇത് ചെയ്തതുകൊണ്ട് ഗുണം ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: