ബംഗളൂരു: അനധികൃത ഖാനനത്തിന് അനുമതി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണക്കും കര്‍ണാടകയിലെ രണ്ട് മുന്മുഖ്യമന്ത്രിമാര്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരിക്കെ കൃഷ്ണയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. ധരംസിംഗ്, ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി എന്നിവരും സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി അനധികൃത ഖാനനത്തിന് സൗകര്യം ഒരുക്കിക്കൊടുത്തു എന്നാരോപിച്ച് ടി.ജെ. എബ്രഹാം എന്നയാളാണ് സ്വകാര്യ പരാതി നല്‍കിയത്. ഇവര്‍ക്ക് പുറമെ 11 ഉദ്യോഗസ്ഥരുടെ പേരുകളും അഴിമതി നിരോധന നിയമം, വനംസംരക്ഷണ നിയമം, വനനിയമം, ധാതു, ലോഹ നിയന്ത്രണ, വികസന നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങിയവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിച്ച് ജനുവരി ആറിനകം റിപ്പോര്‍ട്ട് നല്കാന് ലേകായുക്ത കോടതി ജഡ്ജി എന്‍.കെ. സുധീന്ദ്ര റാവു പോലീസിന് നിര്‍ദ്ദേശം നല്കി. 1999 ഒക്ടോബര്‍ മുതല്‍ 2004 മെയ് വരെ കൃഷ്ണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.
ബംഗളൂരുവിലെ പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമാണ് എബ്രഹാം. അനധികൃത ഖാനനത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അന്നത്തെ ലോകായുക്ത സന്തോഷ് ഹെഗ്ഡെ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ പരാതി. ഇതോടെ നാല് മുന്‍ മുഖ്യമന്ത്രിമാരാണ് അനധികൃത ഖാനന പ്രശ്നത്തില്‍ ലോകായുക്ത പോലീസിന്റെ അന്വേഷണം നേരിടുന്നത്. ഇവര്‍ക്കെതിരെ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ലോകായുക്ത എഡിജിപി സത്യനാരായണ റാവു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: