തിരുവനന്തപുരം നഗരത്തിന് ഇന്നുമുതല്‍ എട്ടുനാളുകളില്‍ സംസാരിക്കാനുള്ളത് സിനിമയെക്കുറിച്ച് മാത്രമാകും. നഗരത്തിലെ പത്ത് പ്രമുഖ തീയറ്ററുകളില്‍ ഇന്നുമുതല്‍ 16വരെ നിറഞ്ഞ സദസ്സിലാകും പ്രദര്‍ശനങ്ങള്‍ നടക്കുക. എവിടെയും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ തള്ളിക്കയറ്റം. പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്നു കൊടിയേറുമ്പോള്‍ ആസ്വാദക മനസ്സില്‍ വലിയ പ്രതീക്ഷകളുടെ കൊടിയേറ്റം കൂടിയാണ് നടക്കുന്നത്. ഓരോ ചലച്ചിത്രോത്സവത്തെയും അത്രയധികം ആഗ്രഹത്തോടെയാണ് പ്രേക്ഷകന് സമീപിക്കുന്നത്. നല്ല സിനിമകള്‍ ആസ്വദിച്ചു കാണാം എന്നതുമാത്രമല്ല അതിനു കാരണം. ചലച്ചിത്രോത്സവത്തിന്റെ ഏഴുനാളുകള്‍ തിരുവനന്തപുരം നഗരം സാംസ്കാരികമായി ഉന്നതിയിലെത്തുന്നു. പന്ത്രണ്ടായിരത്തോളം പേര് വരുന്ന വലിയൊരു സമൂഹം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ദര്ശിക്കുന്നതുമെല്ലാം സിനിമയെക്കുറിച്ചു മാത്രം. സിനിമ കാണുന്നു, ചര്‍ച്ച ചെയ്യുന്നു. അനുകൂലവും വിരുദ്ധവുമായ വാദമുഖങ്ങള്‍ നിരത്തുന്നു. തീയറ്ററിനുള്ളിലും പുറത്തും കോഫീ ഷോപ്പിലും മദ്യശാലയിലും വഴിയിടങ്ങളിലും എല്ലാം ചര്‍ച്ചകള്‍ സിനിമയെക്കുറിച്ചു മാത്രം.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ചലച്ചിത്രോത്സവം നടത്തിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു. സിനിമയുടെ തെരഞ്ഞെടുപ്പിലും മേളയുടെ നടത്തിപ്പിലുമെല്ലാം ഇടതുപക്ഷ മനോഭാവവും സ്വഭാവവും നിഴലിച്ചിരുന്നു എന്നതായിരുന്നു കഴിഞ്ഞുപോയ അഞ്ചു വര്‍ഷങ്ങളുടെ പ്രത്യേകത. പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടി നടത്തുമ്പോലെയായിരുന്നു ഓരോ മേളയുടെയും സംഘാടനം. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പുകളിലും ഇടതുവശം ചേര്‍ന്നുള്ളൊരു ചായ്വ് ചിലപ്പോഴെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തു. നല്ല സിനിമാസ്വാദകനായും സംഗീതപ്രേമിയായും സ്വയം തീരുമാനിച്ച് ജീവിക്കുന്ന അന്നത്തെ മന്ത്രി എം.എ.ബേബിയുടെ ഇടപെടല്‍ സിനിമകളുടെ തെരഞ്ഞെടുപ്പു മുതല്‍ ഉണ്ടായെന്നതുകൂടി ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ചലച്ചിത്ര മേളകള്‍ വലിയ അനുഭവങ്ങളായിരുന്നു. ലോകമെങ്ങുമുള്ള സിനിമകളും സിനിമാപ്രവര്‍ത്തകരും തിരുവനന്തപുരം നഗരത്തിലേക്ക് ഡിസംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ച ഒഴുകിയെത്തി. ലോക സിനിമ ഇവിടെ കുടിയേറുകയായിരുന്നു.
ഇടതു സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന മേളകളുടെ പ്രധാന പ്രത്യേകതയും പോരായ്മയും സാമ്രാജ്യത്വ വിരുദ്ധമെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ കുത്തി നിറയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നതാണ്. അമേരിക്കന്‍ വിരുദ്ധ ചിത്രങ്ങള്‍ നിരവധി കാണാന്‍ പ്രേക്ഷകര്‍ക്ക് അതിലൂടെ അവസരം ലഭിച്ചു. ഒപ്പം അമേരിക്കന്‍ വിരുദ്ധമെന്ന പേരില്‍ പടച്ചിറക്കിയ ചില തീവ്രവാദ അനുകൂല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള മാറിയിരുന്നു.
ഭരിക്കുന്ന സര്‍ക്കാരിന്റെ കൊടിയുടെ നിറംമാറുന്നുവെങ്കിലും ചലച്ചിത്ര അക്കാദമിയിലെ സിനിമാ പ്രവര്‍ത്തകരുടെ നിറത്തിനു മാറ്റമുണ്ടാകുന്നില്ല. ലോകത്തെവിടെ നിന്നും ചലച്ചിത്ര അക്കാദമിയിലെത്തുന്ന സിനിമകള്‍ കാണുന്നതും വിലയിരുത്തുന്നതും തെരഞ്ഞെടുക്കുന്നതുമെല്ലാം മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ ഉള്‍പ്പെടുന്ന സമിതിയാണ്. ഏതു സര്‍ക്കാര്‍ വന്നാലും ബീനാപോളിനു മാറ്റമില്ല. മാറ്റാനുള്ള ധൈര്യം ആര്‍ക്കുമില്ല. മാറ്റിയാല്‍ ചലച്ചിത്രോത്സവം ഒരുപക്ഷെ നിന്നുപോകുന്ന അവസ്ഥയിലാകും. പാക്കേജുകളെക്കുറിച്ചു വിവിരമുള്ള മറ്റാരുണ്ട്?. ലോകത്തെവിടെയും പുറത്തിറങ്ങുന്ന നല്ല സിനിമകളെ അടുത്തറിയുന്ന മറ്റാരുണ്ട്?.
എം.എ.ബേബിയെപ്പോലെ ‘ലോകസിനിമാസ്വാദനത്തില് ഇടപെടാന്‍ കഴിവുള്ള’ ഒരു മന്ത്രിയും ഇപ്പോഴില്ലന്നതാണ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ മറ്റൊരു പ്രത്യേകത. സിനിമാ നടനായ ഇപ്പോഴത്തെ മന്ത്രി ഗണേശ്കുമാര്‍ ഒരു ചലച്ചിത്രോത്സവവുമായി സഹകരിക്കുന്നത് ഇപ്പോള്‍ ആദ്യമാണ്. മുമ്പൊരു ചലച്ചിത്ര മേളയിലും അദ്ദേഹത്തെ കാഴ്ചക്കാരനായിപ്പോലും കണ്ടിട്ടില്ല. വ്യാപാര സിനിമയുടെ പ്രതിനിധിയാണ് ഇപ്പോള്‍ സിനിമാ വകുപ്പു കൈകാര്യം ചെയ്യുന്ന അദ്ദേഹം. അതിനാല്‍ തന്നെ തീവ്രഇടതുപക്ഷ സ്വഭാവമുള്ള ചിലച്ചിത്രങ്ങളും കടുത്ത അമേരിക്കന്‍ വിരുദ്ധ ചിത്രങ്ങളും ഇടംപിടിക്കില്ലെന്നാണ് കരുതേണ്ടത്.
മന്ത്രിക്കും ചില അധികാരങ്ങളുണ്ടെന്ന് അദ്ദേഹം കാട്ടിത്തരികയും ചെയ്തു. ‘ആദിമധ്യാന്തം’ എന്ന മലയാള സിനിമയെ ചലച്ചിത്രമേളയില്‍ നിന്ന് തൂത്തെറിഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അധികാരത്തിന്റെ വാള്‍പ്രയോഗം നടത്തിയത്. മന്ത്രിയുടെ അധികാരപ്രയോഗത്തിലൂടെ മലയാളത്തിന് വലിയ നഷ്ടമാണ് ഈ ചലച്ചിത്രോത്സവം സമ്മാനിച്ചത്. രണ്ടു മലയാള ചിത്രങ്ങളായിരുന്നു മത്സര വിഭാഗത്തിലുണ്ടായിരുന്നത്. ‘ആദിമധ്യാന്തവും ആദാമിന്റെ മകന് അബുവും.’ രണ്ടു ചിത്രങ്ങളും മത്സരവിഭാഗത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
അക്കാദമിയുടെ ഫെസ്റ്റിവല്‍ നിയമാവലി അനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ പരിഗണിക്കുവാന്‍ യോഗ്യമല്ലന്ന കാരണം പറഞ്ഞാണ് ‘ആദാമിന്റെ മകന് അബു’വിനെ ഒഴിവാക്കിയത്. ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മത്സരവിഭാഗത്തില്‍ പങ്കെടുത്ത ചിത്രമാണ് ‘ആദാമിന്റെ മകന് അബു’. ചിത്രത്തിന് രജതചകോരവും ലഭിക്കുകയുണ്ടായി.
‘ആദിമധ്യാന്ത’ത്തെ തുടക്കം മുതലേ വിവാദമാക്കിയിരുന്നു. ചിത്രം പൂര്‍ത്തിയാകാതെയാണ് ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലെത്തിയതെന്നായിരുന്നു ആക്ഷേപം. സെലക്ഷന് കമ്മറ്റി അംഗങ്ങള്‍ ചിത്രത്തിന്റെ പക്ഷം നില്‍ക്കുകയും ചിത്രത്തിനെതിരെ മന്ത്രി വരികയും ചെയ്തു. പക്ഷെ, ജയിച്ചത് മന്ത്രിയാണ്. പൂര്‍ത്തിയാകാത്ത ചിത്രമാണ് അക്കാദമിക്ക് സമര്‍പ്പിച്ചതെന്ന് സ്ഥാപിക്കാന്‍ സ്വന്തം ചേമ്പറില്‍ പത്രക്കാര്‍ക്കു മുന്നില്‍ സിനിമാ പ്രദര്‍ശനം നടത്തിയ മന്ത്രി കെ.ബി.ഗണേശ്കുമാര്‍ സെലക്ഷന് കമ്മിറ്റിയെ അപ്രസക്തമാക്കിക്കൊണ്ട് ‘ആദിമധ്യാന്ത’ത്തെ നിഷ്കരുണം ഒഴിവാക്കി. ‘ആദാമിന്റെ മകന് അബു’ ഗോവ ഫെസ്റ്റിവലില്‍ മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഇവിടെയും ഉള്‍പ്പെടുത്തിയത്. അന്ന് എന്തുകൊണ്ട് ഒഴിവാക്കിയില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. പലകാര്യത്തിലും നിയമങ്ങളില്‍ ഇളവു നല്‍കുന്നവര്‍ക്ക് ഒരു മലയാള ചിത്രത്തിനുവേണ്ടി ഇത്തിരി ഇളവ് നല്കാമായിരുന്നില്ലെ?
ചുരുക്കത്തില്‍, കൊഴുക്കുന്ന വിവാദങ്ങളുടെയും അപവാദങ്ങളുടെയും ഇടയിലാണ് ഇന്ന് മേളയ്ക്ക് കൊടിയേറുന്നത്. ഇത്തവണയും മേള മികച്ചതാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. പതിവുപോലെ നല്ല കുറേപാക്കേജുകള് ഇത്തവണയും മേളയിലുണ്ട്. അറബ്, ഡെഫ സിനിമകളുള്‍പ്പടെ നിരവധി പാക്കേജുകള്‍. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ആദാമിന്റെ മകന് അബു ഉള്‍പ്പടെ എട്ടു സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭീതിയുടെ വ്യത്യസ്ത ദൃശ്യങ്ങളുമായി വെള്ളിത്തിരയിലെത്തുന്ന ജപ്പാനില്‍നിന്നുള്ള കയ്ദാന്‍ സിനിമകളാണ് പതിനാറാമത് ചലച്ചിത്രമേളയുടെ മറ്റൊരു പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജപ്പാനില്‍ പ്രചരിച്ചിരുന്ന പ്രേതകഥകള്‍ സമന്വയിപ്പിച്ചിറങ്ങിയ പുസ്തകങ്ങളാണ് കയ്ദാന്‍ സിനിമകള്‍ക്ക് ആധാരം. കണ്ടുപഴകിയ ഹൊറര്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഭയമെന്ന അവസ്ഥയെ വിഭ്രമാത്മകമായ മറ്റൊരു ആസ്വാദന തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് കയ്ദാന്‍ സിനിമകള്‍. ജപ്പാന്റെ സ്വന്തമെന്ന് പറയാവുന്ന നാല് കഥകള്‍. പ്രഗത്ഭരായ നാല് സംവിധായകര്‍ ചേര്‍ന്ന് ചലച്ചിത്ര ഭാഷ്യം നല്‍കിയതാണ് ഈ ശ്രേണിയിലെ ചിത്രങ്ങള്‍.
ചൈനീസ് സംവിധായകനായ സാങ്ങ് യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ’ യാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. യാഗ്സി നദിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളോടെ വിഷാദഭരിതമായ പ്രണയകഥ പറയുന്ന ചിത്രമാണിത്. ഇനിയുള്ള എട്ടുദിവസങ്ങളില്‍ ലോക സിനിമ തിരുവനന്തപുരത്തേക്ക് കുടിയേറ്റം നടത്തും. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന സിനിമകള്‍ക്കായി പ്രേക്ഷകര്‍ തീയറ്ററുകളില്‍ തിക്കിത്തിരക്കും. സിനിമയുടെ പൂരത്തിരക്കില്‍ രാജനഗരം വിസ്മയത്തിലാറാടും. പ്രതിഷേധത്തിന് പര്യാപ്തമായ പോരായ്മകള്‍ നിരവധിയുണ്ടാകും. എങ്കിലും ആകുലതകളും ആവലാതികളും മാറ്റിവച്ച് നമുക്ക് സിനിമകാണാം. ആഘോഷമാക്കാം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: