മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനവും സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിരന്തരമായ പാര്‍ലമെന്റ് സ്തംഭനത്തിലേക്ക് നയിച്ച സാഹചര്യത്തില്‍ തീരുമാനം തല്ക്കാലം ഉപേക്ഷിച്ചതായ കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് സ്വാഗതാര്‍ഹമാണ്. ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളും സ്റ്റോക്ഖോള്ഡര്മാരും തമ്മില്‍ ചര്‍ച്ച നടത്തി അഭിപ്രായസമന്വയം രൂപീകരിച്ചശേഷം മാത്രമേ ഈ തീരുമാനം നടപ്പിലാക്കുകയുള്ളൂ എന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന അടിവരയിടുന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇതോടെ ഒരു മാസമായി നീണ്ട സ്തംഭനം അവസാനിക്കുകയും സഭകള്‍ പുനരാരംഭിക്കുകയും ചെയ്തു. രാഷ്ട്രീയപാര്‍ട്ടികളുടെയും മുഖ്യമന്ത്രിമാരുടെയും പങ്കാളിത്തമില്ലാതെ തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രണബ് മുഖര്‍ജി സമ്മതിച്ചിരിക്കുകയാണ്. ചില്ലറ വിപണിയില്‍ 47000 കോടി രൂപയുടെ വിദേശനിക്ഷേപം വരുമ്പോള്‍ കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുമെന്നും വിലക്കയറ്റം നിയന്ത്രണവിധേയമാകുമെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പക്ഷെ വിദേശകുത്തക ഭീമന്മാര് ആഭ്യന്തര വിപണി കയ്യടക്കിയാല്‍ തദ്ദേശീയ ചെറുകിട വ്യാപാരികള്‍ തറപറ്റും എന്നായിരുന്നു പ്രതിപക്ഷ നിലപാട്.
ഇന്ത്യയില്‍ 15 ദശലക്ഷം ചില്ലറവ്യാപാരികള്‍ ഉണ്ട്. എട്ട് ഇന്ത്യക്കാര്‍ക്ക് ഒരു ചില്ലറവ്യാപാരി എന്ന നിരക്കിലുള്ള ചില്ലറ വില്‍പ്പന കുടുംബങ്ങളും അയല്പക്കത്തുള്ള ചില്ലറവ്യാപാരികളും തമ്മിലുള്ള ഇടപാടാണ്. ഇന്ത്യന്‍ റീട്ടെയില്‍ വ്യാപാരം 400 ബില്യണ്‍ ഡോളറിന്റേതാണ് എന്നാണ് കണക്ക്. ഇതില്‍ കോര്‍പ്പറേറ്റുകളുടെ ഷെയര്‍ അഞ്ച് ശതമാനം മാത്രമാണ്. 59 ദശലക്ഷത്തോളം ചെറുകിട കര്‍ഷകര്‍ 47000 റീട്ടെയില്‍ വ്യാപാരികള്‍ക്കാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. നാല്പത് ശതമാനം ഭക്ഷ്യോല്‍പ്പന്നങ്ങളും വില്‍ക്കുന്നത് ചില്ലറ വ്യാപാര മേഖലയിലാണ്. ചില്ലറ വ്യാപാര മേഖലയില്‍ വാള്‍മാര്‍ട്ട് പോലുള്ള ആഗോള ഭീമന്മാര് ശീതീകരണ സംവിധാനവുമായി രംഗത്തെത്തുമ്പോള്‍ നിലവില്‍ ഈ സംവിധാനമില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിക്കുന്നത് ഒഴിവാക്കി ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുമെന്നായിരുന്നു യുപിഎ നിലപാട്. പക്ഷെ 422 ബില്യണ്‍ ഡോളര്‍ ആഗോള വില്‍പ്പന നടത്തുന്ന 2.1 ദശലക്ഷം ജോലിക്കാരുള്ള വാള്മാര്ട്ടിലേക്കെത്തുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വെറും അഞ്ച് ശതമാനമാണെന്നും ജോലിസാധ്യത വിരളമാണെന്നും എഫ്ഡിഐ എതിര്‍ത്തവര്‍ വാദിച്ചിരുന്നു. മറ്റൊരു വസ്തുത ഇന്ത്യക്ക് ചൈനയുമായി ഉല്പാദനരംഗത്ത് മത്സരിക്കാന്‍ സാധ്യമല്ല എന്നതാണ്.
ഇന്ത്യയില്‍ ചില്ലറ വ്യാപാര രംഗത്തെ ‘കിരാന’ കടകള്‍ എല്ലാം വ്യവസ്ഥിതിയുടെ ഭാഗമാണ്. അന്തിമമായി ഈ പരിഷ്കാരം ഇന്ത്യക്ക് ഗുണകരമാകും എന്ന് ഉല്‍ഘോഷിക്കുമ്പോള്‍ യുപിഎയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് തിരിച്ചറിയേണ്ടിയിരുന്നത് ഇത് ഒറ്റക്കക്ഷി ഭരണമല്ലെന്നും അന്തിമമായി ഇതില്‍ ജനങ്ങളുടെ ഇച്ഛയാണ് പ്രധാനമെന്നുമായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ എത്രയോ സഭാദിനങ്ങള് നഷ്ടപ്പെട്ടു. വളരെ സുപ്രധാനമായ വിഷയങ്ങള്‍- സാധനങ്ങളുടെ അമിത വിലക്കയറ്റം, രൂപയുടെ തകര്‍ച്ച- മുതലായവ ചര്‍ച്ച ചെയ്യാതെ, പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ വിശകലനം ചെയ്യാനോ ഉള്‍ക്കൊള്ളാനോ തയ്യാറാകാതെ യുപിഎ സര്‍ക്കാര്‍ എടുത്ത നിലപാടാണ് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാവാത്ത വിധത്തില്‍ സഭാ സ്തംഭനത്തിലേക്ക് നയിച്ചത്. ഒടുവില്‍ സ്വന്തം ഘടകകക്ഷികളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുപോലും വിമതസ്വരം ഉയര്‍ന്നപ്പോഴാണ് ഈ സുപ്രധാന തീരുമാനം മറ്റീവ്ക്കാമെന്ന് യുപിഎ തീരുമാനിച്ചത്. ഇപ്പോഴും മറ്റീവ്ക്കുന്നു എന്നു മാത്രമാണ് വിശദീകരണം! ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടും ഉള്‍പ്പെടുത്തണമെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരി അഭിപ്രായപ്പെടുകയുണ്ടായി. ഇത്ര സുപ്രധാനമായ ഒരു ബില്‍ പ്രതിപക്ഷ സമവായമില്ലാതെ പാസാക്കപ്പെടുകയില്ല എന്ന തിരിച്ചറിവില്ലാതെ ഇത്ര നീണ്ട സഭാസ്തംഭനത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: