വാഷിംഗ്ടണ്‍: സയ്ദ് ഗുലാംനബി ഫായിയും അയാളുടെ കാശ്മീരി അമേരിക്കന്‍ കൗണ്‍സിലും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അമേരിക്കയിലെ നിയമനിര്‍മാതാക്കളേയും ഉദ്യോഗസ്ഥരേയും കാശ്മീരിനെക്കുറിച്ചുള്ള പാക് നിലപാട് സ്വീകരിക്കാനായി പ്രേരിപ്പിക്കുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനമെന്നും കോടതി രേഖകള്‍ തെളിവു നല്കുന്നു. പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐക്കുവേണ്ടി തങ്ങള്‍ ചാരവൃത്തി നടത്തിയതായും അവരില്‍നിന്നും പണം വാങ്ങി അമേരിക്കയിലെ നിയമനിര്‍മാതാക്കളെ കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന് അനുകൂല നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതായും കഴിഞ്ഞ ദിവസം ഫായ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കോടതിയില്‍ ഫായ് ഒപ്പുവെച്ച 26 പേജ് വരുന്ന രേഖകളില്‍ തന്റെ പ്രവര്‍ത്തനശൈലിയും ഐഎസ്ഐ ബന്ധവും 80000 മുതല്‍ പത്തുലക്ഷംവരെ അമേരിക്കന്‍ ഡോളറുകള്‍ അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ക്ക് പ്രതിവര്‍ഷം നല്‍കിയതായും സമ്മതിക്കുന്നുണ്ട്. ഈ സത്യവാങ്മൂലമനുസരിച്ച് 1990 മുതല്‍ കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സിലിനായി 3.5 മില്യണ്‍ അമേരിക്കന്‍ ഡോളറുകള്‍ ലഭിച്ചതായും അറിയുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥരുടെ പേരുകളും ഈ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഫായ് ബന്ധപ്പെട്ട പാക് ഉദ്യോഗസ്ഥന് 1990 കളില്‍ ജാവേദ് അസീസ്ഖാന്‍ എന്നറിയപ്പെടുന്ന ബ്രിഗേഡിയര്‍ അബ്ദുള്ള ഖാനും 2008 ല്‍ ഐഎസ്ഐ സുരക്ഷ ഡയറക്ടറേറ്റിന്റെ തലവനായിത്തീര്‍ന്ന മേജര്‍ ജനറല്‍ മുംതാസ് അഹമ്മദ് സജ്വയും ആയിരുന്നു. തന്റെ സത്യവാങ്മൂലത്തിലെ വസ്തുതകളെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് ഫായ് അമേരിക്കന്‍ ജില്ലാ ജഡ്ജി ഓഗ്രേഡിയോട് സമ്മതിച്ചിട്ടുണ്ട്. കാശ്മീര്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ വാര്‍ഷിക ചെലവുകള്‍ താനുമായി ബന്ധപ്പെടുന്ന പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കാണ് ഫായ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ വാര്‍ഷിക രേഖയുടെ പേര് കാശ്മീരി അമേരിക്കന്‍ തന്ത്രപ്രധാന രേഖ എന്നായിരുന്നു. ഈ രേഖകളില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ അമേരിക്കന്‍ സെനറ്റംഗങ്ങളെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിരുന്ന 2000 ലെ ഇത്തരം രേഖയില്‍ 490000 അമേരിക്കന്‍ ഡോളര്‍ ആണ് ചെലവു പ്രതീക്ഷിക്കുന്നതായി കാണിച്ചിട്ടുള്ളത്. ഇതില്‍ 80000 അമേരിക്കന്‍ ഡോളര്‍ അമേരിക്കന്‍ കോണ്ഗ്രസംഗങ്ങള്ക്ക് നല്കിയ സംഭാവനയും ഒരു ലക്ഷം ഡോളര്‍ കോണ്‍ഫറന്‍സ് ചെലവുകളും. 60,000 ഡോളര്‍ സെമിനാറുകള്‍ സംഘടിപ്പിച്ചതിനും 50000 ഡോളര്‍ പത്രങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കാനും 30000 ഡോളര്‍ കാശ്മീരിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാനും ചെലവു വരുമെന്ന് ചൂണ്ടിക്കാട്ടുന്നു. 2001 ല്‍ 455000 ഡോളറും 2005 ല്‍ 490000 ഡോളറും 2006 ല്‍ 719000 ഡോളറുമായിരുന്നു ബജറ്റ് ചെലവ്.
2008 ജനുവരി 1 ന് ഫായ് ഖാനയച്ച രേഖയില്‍ 2007 ലെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായും ദേശീയ സുരക്ഷ കൗണ്‍സില്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരുമായി 33 സന്ദര്‍ശനങ്ങള്‍ നടത്തിയതായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: