ബുദ്ധിമാന്മാര്ക്ക് ഉപദേശം ആവശ്യമില്ല. വിഡ്ഡികള്‍ ഉപദേശം സ്വീകരിക്കുകയുമില്ല. അങ്ങനെയാണെങ്കില്‍ ഉപദേശങ്ങള്‍ കൊണ്ട് എന്തുപ്രയോജനം. നമ്മുടെ അബോധമനസ്സിനെ തൊട്ടുണര്‍ത്തി ബുദ്ധിപൂര്‍വ്വമായി ചിന്തിക്കാന്‍ സഹായിക്കുന്നവയാണ് ഉപദേശങ്ങള്‍. ഇരുട്ടിനെ പേടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ വിഡ്ഡിയാണ് വെളിച്ചത്തെ ഭയപ്പെടുന്ന മനുഷ്യന്.
നെഗേറ്റെവ് (പ്രതികൂല) വികാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മായ സൃഷ്ടിക്കുന്നു. ഈ മായയില്‍ ജീവിക്കുമ്പോള്‍ ജീവിതം അസത്യങ്ങള്‍ കൊണ്ട് നിറയുന്നു. നമ്മള് ബോധവാന്മാരാണ്. എന്നതു തന്നെ അസത്യമായ ഒരു കാര്യമാണ്. നമ്മിലുള്ള ദോഷകരമായ ‘അഹം’ എന്ന ഭാവത്തെ നാം കൂട്ടുപിടിക്കുന്നു. പക്ഷേ, അബോധമനസ്സിലെ ബുദ്ധിയുള്ള ‘അഹം’ ജീവിതത്തെ വിലയിരുത്തുന്നു, സ്വകാര്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. നിശബ്ദമായി ലക്ഷ്യത്തിലേക്ക് നീങ്ങുന്നു.
പക്ഷേ, വ്യക്തിജീവിതത്തിലെ ചില കാര്യങ്ങള്‍ ഭിന്നതകള്‍ സൃഷ്ടിച്ചുകൊണ്ട് പൊട്ടിത്തെറിക്കുന്ന വികാരങ്ങളാകുന്നു.
ജീവിതത്തിലെ സ്വകാര്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ ഉള്ളിലുള്ള പലതും പുറത്തേക്കൊഴുകുന്നു. പുറത്തുനിന്നും പലതും അകത്തേക്കൊഴുകുന്നു. പുറത്തേക്കൊഴുകുന്നവ പ്രതികരിക്കുന്നത് ഉച്ചത്തിലുള്ള നിലവളി, പരിഹാസം, വിറയല്‍, അടി എന്നീ രീതികളിലായിരിക്കും. അകമെ സൃഷ്ടിക്കപ്പെടുന്ന പ്രതികരണങ്ങള്‍ നിരാശ, അസ്വസ്ഥതകള്‍, ഭയം എന്നിവയാണ്.
നിങ്ങളുടെ മേലുദ്യോഗസ്ഥന് നിങ്ങളെ ശകാരിക്കുമ്പോള്‍ അതില്‍ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോള്‍ അകാരണമായിട്ടാവാം. അങ്ങനെയെങ്കില്‍ അത് ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മറിച്ച് തക്കതായ കാരണമുണ്ടെങ്കില്‍ സ്വന്തം തെറ്റ് വിശകലനം ചെയ്യുക. മനസ്സിനെ കണ്ണാടിയാക്കി സത്യത്തെ പ്രതിഫലിപ്പിക്കുക.
കോര്‍പ്പറേറ്റ് മേഖലയില്‍ ശക്തിപ്രാപിക്കുക എന്നാല്‍, കാര്യപ്രാപ്തിയുള്ള ഒരാള്‍ അകമെയും പുറമെയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. കരുണ, ശാന്തത, ഉത്സാഹം എന്നിവയാണ് അകമെയുള്ള മികച്ച ഗുണങ്ങള്‍. ലക്ഷ്യപ്രാപ്തി കൈവരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മറ്റുള്ളവരെ സഹായിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുറമെ കാണിക്കുന്ന നല്ല ഗുണങ്ങള്‍.
ഓരോ കാര്യങ്ങളും പ്രയാസമുള്ളതാണോ അല്ലാത്തതാണോ എന്നത് ഓരോ വിഷയത്തെയും സംബന്ധിക്കുന്ന ഘടകമാണ്. ഒരു കാര്യം സാദ്ധ്യമാവുന്നത് ഒരാള്‍ ബോധപൂര്‍വ്വം അതിന് ശ്രമിച്ചാല്‍ മാത്രമാണ്. പ്രതിബദ്ധതയും ആവശ്യമാണ്. ശരിയായ ദിശയിലൂടെ നീങ്ങുന്ന ശരീയായ പ്രവൃത്തി ആസ്വദിക്കാന്‍ ഓരോരുത്തരും പഠിക്കണം. അതിലൂടെ ജീവിതം ശരിയായി നയിക്കപ്പെടുകയും ചെയ്യും.
– സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: