അഹമ്മദാബാദ്: കഴിഞ്ഞ രണ്ടുവര്‍ഷമായി ബീജിംഗിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരായ വജ്രവ്യാപാരികളെ വിട്ടയ്ക്കാന്‍ ചൈന തീരുമാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലുകളാണ് വ്യാപാരികളുടെ മോചനത്തിന് സഹായകമായത്.
തടവില്‍ കഴിയുകയായിരുന്നു 22 ഇന്ത്യക്കാരായ വജ്രവ്യാപാരികളില്‍ 13 പേരെ വിട്ടയ്ക്കാന്‍ ചൈന തീരുമാനിച്ചു. ഇവര്‍ക്ക് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ചൈനയിലെ ഷെന്‍സന്‍ നഗരത്തിലെ പ്രാദേശിക കോടതി ഉത്തരവോടെ പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വജ്ര കള്ളക്കടത്തുമയി ബന്ധപ്പെട്ട കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. ബാക്കി ഒമ്പത് വ്യാപാരികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തയിതിനെ തുടര്‍ന്ന് ഒരു മാസം മുതല്‍ ആറുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. കഴിഞ്ഞ മാസം തന്റെ ചൈനാ സന്ദര്‍ശനവേളയില്‍ തടവിലായ വ്യാപാരികളെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി നരേന്ദ്രമോഡി ഉന്നത അധികൃതരെ കണ്ടിരുന്നു. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.
7.3 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വജ്രം 2010 ജനുവരില്‍ ഹോകോങ്ങില് നിന്നും ചൈനയിലേക്ക് കടത്തിയെന്ന കേസിലായിരുന്നു വ്യാപാരികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ 14 പേര് മുംബൈ സ്വദേശികളും എട്ടുപേര്‍ സൂറത്തുകാരുമായിരുന്നു. ചൈനയുടെ ഈ നടപടിയെ മോഡി സ്വാഗതും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: