ഇടുക്കി: അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തണമെന്ന് നിയമസഭാ സമിതി യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് മുമ്പ് തേക്കടിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഡാം തകര്‍ന്നാല്‍ 450 കുടുംബങ്ങള്‍ക്ക് മാത്രമേ അപകടം സംഭവിക്കൂ എന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതില്‍ നിയസഭാസമിതി അതൃപ്തി രേഖപ്പെടുത്തി.
മുല്ലപ്പെരിയാര്‍ കേസില്‍ അഡ്വക്കേറ്റ ജനറലും വിദഗ്ദ്ധരും ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന പൊതുവികാരമാണ് നിയമസഭാസമിതിയോഗത്തിലുണ്ടായത്. എ.ജിയുടെ വാദങ്ങളും കോടതിയില്‍ നല്കിയ പ്രസ്താവനയും സര്‍ക്കാരിന്റെ വാദങ്ങളെ ദുര്‍ബലമാക്കി. ഇത് സുപ്രീംകോടതിയില്‍ തമിഴ്നാട് കേരളത്തിനെതിരെ ആയുധമാക്കും.
ആര് നല്കിയ വിവരങ്ങളാണ് എ.ജി കോടതിയെ ധരിപ്പിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് സമിതി അംഗങ്ങളായ എം.എം ആരിഫും ടി.എന്‍ പ്രതാപനും ആവശ്യപ്പെട്ടു. ആഡ്വക്കേറ്റ് ജനറലിനെ സഭാസമിതിക്ക് മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണം തേടണം. ഇതിന് സ്പീക്കറുടെ അനുമതി തേടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാനെയും നിയമസഭാ സമിതി അംഗങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. യോഗത്തില്‍ പങ്കെടുത്ത എം.കെ പരമേശ്വരന് നായര്‍ ഹൈക്കോടതിയില്‍ നല്കിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ വേണമെന്നും യോഗത്തില്‍ ആവശ്യമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: