കൊല്ലം: മുല്ലപ്പെരിയാറില്‍ നിര്‍മിക്കുന്ന പുതിയ അണക്കെട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടുമെന്നു കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. മുല്ലപ്പെരിയാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യു.ഡി.എഫ് ജില്ല കമ്മറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തറക്കല്ലിടുന്ന മുഖ്യമന്ത്രി തന്നെ ഉദ്ഘാടനവും നിര്‍വഹിക്കും. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി അണക്കെട്ടു താങ്ങുമെന്ന് എജിയല്ല ഏതു വിദഗ്ധന്‍ പറഞ്ഞാലും അംഗീകരിക്കില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം മാത്രമല്ല പാറയും പാലങ്ങളും വീടുകളുമൊക്കെ ഇടുക്കിയിലേക്ക് വരും. ഇവിടത്തെ വെള്ളം തുറന്നു വിട്ടു പ്രശ്നപരിഹാരം കണ്ടാല്‍ വൈദ്യുതിയില്ലാതെ കേരളം സ്തംഭിക്കുമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വൈദ്യുതി നിലച്ചാല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് മുതല്‍ ട്രെയിന്‍ സര്‍വീസ് വരെ മുടങ്ങുമെന്ന് വിദഗ്ദ്ധര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടും കേരളവും തമ്മില്‍ 1979 ല്‍ ഒപ്പുവെച്ച കരാറില്‍ 15 വര്‍ഷത്തിനകം പുതിയ അണക്കെട്ട് വേണമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം ഇടതുമുന്നണി 14 വര്‍ഷം ഭരിച്ചിട്ടും പുതിയ അണക്കെട്ടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇതു മറച്ചുവെച്ചാണ് കൊല്ലല്ലേ എന്നു പറഞ്ഞ് അച്യുതാനന്ദന് നിലവിളിക്കുന്നത്.
കേരളത്തില്‍ ചേരിതിരിഞ്ഞു സമരം നടത്തുന്നതു ദോഷം ചെയ്യുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് അറബിക്കടലിലേക്ക് ഒരു പാട് റോഡുകളുണ്ടെന്നും ഇടതുമുന്നണിയുടെ മനുഷ്യമതില്‍ പിറവം വഴി ചുറ്റിയാണ് പോകുന്നതെന്നും അതിന്റെ ലക്ഷ്യം എല്ലാവര്‍ക്കുമറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: