ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ രണ്ടു സാക്ഷികളെ കൂടി വിസ്തരിക്കാന്‍ കോടതി അനുമതി നല്കി. ദല്‍ഹിയിലെ പ്രത്യേക സി.ബി. ഐ കോടതിയാണ് അനുമതി നല്‍കിയത്. സി.ബി.ഐ ജോയിന്റ് ഡയറക്ടറെയും ധനകാര്യവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെയും ആണ് വിസ്തരിക്കുന്നത്.
ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സുബ്രഹ്മണ്യസ്വാമിയെ സാക്ഷിയായി ഈ മാസം 17 ന് വിസ്തരിക്കും. മുന്‍ ടെലികോം മന്ത്രി എ. രാജയും പി. ചിദംബരവും നടത്തിയ ചര്‍ച്ചയില്‍ അന്നത്തെ ധനകാര്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായിരുന്ന സിന്ധു സി. ഗുല്ലര്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയെക്കുറിച്ചു ഗുല്ലറിന് അറിയാമെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
സ്പെക്ട്രം കേസ് അന്വേഷിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ ഹിതേഷ് അവസ്തി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ ധനകാര്യ വകുപ്പിലെ ചില കുഴപ്പങ്ങള്‍ ഇടപാടിലുണ്ടായെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധനകാര്യ മന്ത്രി ഇതില്‍ പങ്കെടുത്തിട്ടില്ലെന്നു വ്യക്തമാക്കി. ഇതാണു ഹിതേഷിനെ സാക്ഷിയാക്കണമെന്നു സ്വാമി ആവശ്യപ്പെടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: