തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തമിഴ്നാട് പക്വതയോടെ കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ ഡാം പണിതാലും തമിഴ്നാടിന് വെള്ളം നല്‍കുമെന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഉപവാസം നടത്തുകയായിരുന്നു ചെന്നിത്തല. ജനമന:സാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യവുമായാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.പി.സി.സി ഉപവാസസമരം നടത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഉപവാസം.
ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ക്ലിമ്മീസ് , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ. ബാബുപോള്‍, കാവാലം നാരായണപ്പണിക്കര്‍, നടന് സുരേഷ് ഗോപി, പെരുമ്പടവം ശ്രീധരന്, ഡോ. ജോര്‍ജ് ഓണക്കൂര്‍, ചുനക്കര രാമന്‍കുട്ടി, ബിച്ചു തിരുമല, പി. നാരായണക്കുറുപ്പ് തുടങ്ങിയവരും എംഎല്‍എമാരും ജനപ്രതിനിധികളും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് അഞ്ചിനു ശിവഗിരി മഠാധിപതി പ്രകാശാനന്ദ നാരങ്ങാനീരു നല്കി ഉപവാസം അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: