മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അതിനുശേഷമുള്ള യുദ്ധത്തില്‍ അമ്പുംവില്ലുമായിരിക്കും പ്രയോഗിക്കുകയെന്ന് പ്രഖ്യാപിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. എന്നാല്‍ മൂന്നാം ലോകമഹായുദ്ധത്തിനു മുമ്പ് തന്നെ, യുദ്ധത്തിന്റെ ആയുധവും വേദിയും രീതിയും മാറിയിരിക്കുന്നു. ഒരു തുള്ളി രക്തം ചിന്താതെയുള്ള ആശയപരമായ യുദ്ധത്തിന് ഇന്ന് അവസരമൊരുക്കിയിട്ടുള്ളത് ഇന്റര്‍നെറ്റാണ്. വാളിനെക്കാള്‍ മൂര്‍ച്ചയുള്ള സമരായുധമായി ‘മൗസ്’ മാറിയിരിക്കുന്നു.
വിയോജിക്കുന്ന ഒരു വര്‍ത്തമാന പത്രത്തെ മൂര്‍ച്ചയേറിയ ഒരായിരം ബയനറ്റുകളെക്കാള് സൂക്ഷിക്കണമെന്ന നെപ്പോളിയന് ബോണപാര്‍ട്ടിന്റെ വരികള്‍ വിമര്‍ശനാത്മകമായ ഇന്റര്‍നെറ്റ് മാധ്യമം മേറ്റ്ന്തിനേക്കാളും സൂക്ഷിക്കപ്പെടണമെന്ന് ഇന്ന് സൈബര്‍ വിപ്ലവം തിരുത്തിക്കുറിക്കുന്നു. ഇത് തിരിച്ചറിഞ്ഞതാണ് കേന്ദ്രമന്ത്രി കപില്‍ സിബലിന് ഇരിക്കപ്പൊറുതി നഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് അദ്ദേഹമിതാ സൈബര്‍ മാധ്യമങ്ങള്‍ക്കെതിരെ യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നു. കുളമ്പടിച്ച് കുതിക്കുന്ന ഇന്റര്‍നെറ്റ് മാധ്യമങ്ങളെ പിടിച്ചുകെട്ടുമെന്നാണ് സിബലിന്റെ പ്രഖ്യാപനം. അതിന്റെ ആദ്യപടിയാണ് അവയെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശവും നീക്കവും. ഇന്ത്യാ ഗവണ്മെന്റിനുവേണ്ടി കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയുടെ ഈ പടപ്പുറപ്പാടിന്റെ പിന്നിലെ അപകടം സൈബര്‍ ഭടന്മാര് ഞൊടിയിടയില്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിബലിനെതിരെയുള്ള പോര്‍വിളികളാല്‍ മുഖരിതമാണ് സൈബര്‍ വിഹായസാകെ ഇപ്പോള്‍.
ഇന്ത്യാ ഗവണ്മെന്റിനു വേണ്ടിയെന്നോ ഇന്ത്യയ്ക്കുവേണ്ടിയെന്നോ ഒക്കെയാണ് പാശ്ചാത്യ നിരീക്ഷകര്‍ കപില്‍ സിബലിന്റെ നീക്കത്തെ വിശേഷിപ്പിക്കുന്നതെങ്കിലും അത് യഥാര്‍ത്ഥത്തില്‍ യുപിഎയ്ക്കും, അതിലുപരി സോണിയ ഗാന്ധിയ്ക്കും വേണ്ടിയാണെന്ന് ഏതൊരു ഇന്ത്യാക്കാരനും കണ്ടെത്താന്‍ വലിയ അന്വേഷണത്തിന്റെയോ ഗവേഷണത്തിന്റെയോ ആവശ്യമില്ല. ആറാഴ്ച മുമ്പ് ഫേസ്ബുക്ക്, ഗൂഗിള്‍, യാഹു, മൈക്രോസോഫ്ട് എന്നീ സൈബര്‍ സര്‍വീസ് ദാതാക്കളുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സംസാരിക്കാന്‍ സിബലിനെ പ്രേരിപ്പിച്ചത് സോണിയയെ കുറിച്ച് ഒരു ഫേസ് ബുക്ക് പേജില്‍ വന്ന വിമര്‍ശനമാണ്. അക്കാര്യം അദ്യം റിപ്പോര്‍ട്ട് ചെയ്തത് ‘ന്യൂയോര്‍ക്ക് ടൈംസ്’ രണ്ടു ദിവസം മുമ്പാണ്. സോണിയയെ വിമര്‍ശിക്കുന്ന വരികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് ‘ഇതനുവദിക്കാനാവില്ലെ’ന്നാണ്. സോണിയ ഗാന്ധിയെ വിമര്‍ശിക്കുന്നതില്‍ ഇന്ത്യാ ഗവണ്മെന്റിന് അങ്ങേയറ്റം അസ്വസ്ഥതയും അസഹിഷ്ണുതയും ഉള്ളതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ പറയുന്നു. സോണിയയുടെ ജീവചരിത്രത്തെ സംബന്ധിക്കുന്ന ഒരു സ്പാനിഷ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിരോധിക്കാന്‍ ഗവണ്മെന്റ് നീക്കങ്ങള്‍ നടത്തിയതായും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. സോണിയയുടെ അടുത്തകാലത്തെ ആരോഗ്യപ്രശ്നങ്ങളും ആശുപത്രിവാസവുമൊക്കെ അതീവ രഹസ്യമായി സൂക്ഷിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ശ്രമിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് സൂചിപ്പിക്കുന്നു.
സോണിയയ്ക്കെതിരെ ഫേസ്ബുക്കില്‍ വന്നതുപോലുള്ള വിമര്‍ശനങ്ങള്‍ അനുവദിക്കാതിരിക്കാനുള്ള സാങ്കേതിക സംവിധാനമൊരുക്കണമെന്നും അത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം അടുത്ത് തന്നെ ഇന്ത്യാ ഗവണ്മെന്റില്നിന്നുണ്ടാവുമെന്നുമാണത്രെ കപില്‍ സിബല്‍ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുടെ പ്രതിനിധികളെ അറിയിച്ചത്. വഴങ്ങാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. എന്തുതരം നടപടിയെന്നു മാത്രം വ്യക്തമാക്കിയില്ല.
ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്കെതിരെ ഇന്ത്യാ ഗവണ്മെന്റ് തിരിയുന്നത് ഇതാദ്യമല്ല. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ‘ബ്ലാക്ക് ബെറി’യുടെ സേവനം നിരോധിക്കുമെന്ന് അതിന്റെ ഉടമകളായ ‘റിസര്‍ച്ച് ഇന്‍ മോഷനെ’ കഴിഞ്ഞ ഏപ്രിലില്‍ അറിയിച്ചിരുന്നു. ഭാഗികമായി ‘ബ്ലാക്ക് ബെറി’ വഴങ്ങുകയും ചെയ്തു. സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് അവസരം നല്കി. എന്നാല്‍ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ‘ബ്ലാക്ക്ബെറി’ ഉടമകള്‍ ഇന്ത്യാ ഗവണ്മെന്റിനെ അറിയിച്ചു. ഗൂഗിള്‍ ട്രാന്‍സ്പെറന്‍സി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം ജനുവരിയ്ക്കും ജൂണിനും ഇടയില്‍ മാത്രം ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എഴുപതിലേറെ പ്രാവശ്യം ഇന്ത്യാ ഗവണ്മെന്റ് സമീപിച്ചിരുന്നു.
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇന്ത്യയിലാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ ഇപ്പോള്‍ ആറ് ദശലക്ഷമാണ്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇല്ല ഇവര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ മുന്നൂറ് ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നത്. ഫേസ് ബുക്കിന് ഇരുപത്തഞ്ച് ദശലക്ഷവും ഗൂഗിളിന് എണ്‍പത് ദശലക്ഷവും ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ട്.
അനുദിനം, അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയിലൂന്നിയ മാധ്യമപ്രവര്‍ത്തനം വിസ്ഫോടനാത്മകമെന്ന് വിശേഷിപ്പിച്ച് വിമര്‍ശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കപില്‍ സിബലിനെ ‘വിഡ്ഡി’ എന്നാണ് സൈബര്‍ ലേഖകര്‍ വിശേഷിപ്പിച്ചത്. വിവരസാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിവരമില്ലായ്മയാണത്രെ സിബലിനെ ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നെള്ളിക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ. അതോടൊപ്പം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ അധികാരപ്രമത്തതയുടെ ഫലമായുള്ള കടന്നുകയറ്റവും. പ്രേരണയും പ്രകോപനവും എന്തുതന്നെ ആയാലും സിബല്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നാണ് പൊതുനിഗമനം. മുന്നൂറിലേറെ ദശലക്ഷം സന്ദേശവാചകങ്ങളാണ് ഇന്ത്യയില്‍നിന്ന് ഇന്റര്‍നെറ്റിലൂടെ പ്രവഹിക്കുന്നത്. അതായത് ഒരു ദിവസം ശരാശരി ഒരു ദശലക്ഷം സന്ദേശവാചകങ്ങള്. ഇവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും, വേണ്ടിവന്നാല്‍ നീക്കം ചെയ്യാനും ശ്രമിക്കുകയെന്നത് ഒരു ഹെര്ക്യുലിയന് യത്നമാണ്. അത് മനുഷ്യസാധ്യമല്ലെന്നതിനാല് സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ സംവിധാനമൊരുക്കിയാലും, ഓരോ സന്ദേശവും അനുവദനീയമോ അല്ലയോ എന്ന തീരുമാനം ആത്മനിഷ്ഠമാണെന്നിരിക്കെ അപ്രായോഗികമാവുമെന്ന് വിദഗ്ദ്ധര്‍ വിധിയെഴുതുന്നു. ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ ഒരു പരമാധികാര ഭരണകൂടത്തിന് അവകാശമുണ്ടെങ്കിലും അതെങ്ങനെ ഫലപ്രമായി നടപ്പിലാക്കാനാവുമെന്നതാണ് മൗലികമായ ചോദ്യം. അത്തരം സംവിധാനം സാധ്യമാകാത്തിടത്തോളം സര്‍ക്കാരും സര്‍ക്കാര്‍ നീക്കവും ആഗോളതലത്തില്‍ അപഹാസപാത്രമാവുകയാവും ആത്യന്തിക ഫലം. അന്യ രാഷ്ട്രങ്ങളില്‍ ചിലതിന്റെ അനുഭവവും അത്തരത്തിലാണ്. ചൈനയുടെ അനുഭവം തന്നെ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് നല്ലൊരു പാഠമാണ്. ഇന്ത്യന്‍ ഐടി ആക്ട് സെക്ഷന്‍ 79 പ്രകാരം ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഇപ്പോള്‍തന്നെ ഇന്റര്‍നെറ്റ് സേവനദാതാക്കള്ക്കുണ്ട്. ‘ബാബി ഡോട്ട് കോം’ കേസില്‍, വെബ്സൈറ്റിന്റെ ഉടമയ്ക്കെതിരെ ശിക്ഷാനടപടി സാധ്യമായത് ഈ നിയമപ്രകാരമാണ്. അതേയവസരത്തില്‍ ഇന്റര്‍നെറ്റ് മാധ്യമപ്രവര്‍ത്തനത്തിന് പരക്കെ നിയന്ത്രണമേര്‍പ്പെടുത്താനുള്ള സിബലിന്റെ നീക്കത്തിന്റെ പിന്നിലെ രഹസ്യ അജണ്ട മറ്റൊന്നാണ്.
സോണിയ ഗാന്ധിയ്ക്കെതിരെയുള്ള വിമര്‍ശനം ഏറ്റവും ഒടുവിലത്തെ പ്രകോപനമാണ്. വളരെ മുമ്പെ തന്നെ സൈബര്‍ മാധ്യമങ്ങള്‍ മന്മോഹന് സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. മറ്റു പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും അടുത്തകാലത്തായി അധികാരകേന്ദ്രങ്ങളിലെ അഴിമതിയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും തുറന്ന് കാണിക്കുന്നതില്‍ പരമ്പരാഗത മാധ്യമങ്ങളെക്കാള്‍ ജാഗ്രത പുലര്‍ത്തി വരുന്നതും ബാഹ്യനിയന്ത്രണങ്ങള്ക്കൊന്നും വിധേയമല്ലാത്തതിനാല്‍ വിജയിക്കുന്നതും സൈബര്‍ മാധ്യമങ്ങളാണ്. കമ്പോളവല്ക്കരണത്തിന്റെ കരാള ഹസ്തങ്ങളിലമര്‍ന്ന് പരമ്പരാഗത മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പലപ്പോഴും തിരസ്ക്കരിക്കാനും തമസ്ക്കരിക്കാനും നിര്ബന്ധിതമാവുമ്പോള് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന കുട്ടികള്‍ ഇന്ന് ഏറെയും നവമാധ്യമങ്ങളിലാണ്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തന്നെ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ റാഡിയാടേപ്പുകള് പുറത്തുകൊണ്ടുവന്നത് ആദ്യം ഒരു സൈബര്‍ മാധ്യമത്തിലൂടെയാണല്ലൊ. അഴിമതിയ്ക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തിന് ആക്കം കൂട്ടുന്നതിലും സൈബര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ട്, അനുഭവത്തിന്റെ വെളിച്ചത്തിലാവാം കേന്ദ്രസര്‍ക്കാരിന്റേയും കപില്‍ സിബലിന്റെയും അസഹിഷ്ണുത. മൂന്നര പതിറ്റാണ്ട് മുമ്പ് ഇന്ദിരാ ഗാന്ധി പ്രയോഗിച്ച് പരാജയപ്പെട്ട മാധ്യമമാരണ മാര്‍ഗം തന്നെയാണ് ഇന്ന് അവരുടെ മരുമകള്‍ സോണിയ ഗാന്ധിക്കുവേണ്ടി കപില്‍ സിബല്‍ അവലംബിക്കുന്നത്. മാധ്യമങ്ങളുടെ വാമൂടിക്കെട്ടിയതാണ് തനിക്ക് പറ്റിയ മഹാ അബദ്ധം എന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി ഏറ്റു പറഞ്ഞതാണ്. പക്ഷെ ഇന്ദിരയുടെ പിന്‍ഗാമികളിലൂടെ അബദ്ധങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുന്നു; പ്രഹസനമായും പിന്നെ ദുരന്തമായും.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: