ബുദ്ധിമാന്ദ്യം (മെന്റലി റിട്ടാര്‍ഡ്) ശാരീരിക വൈകല്യം (ഫിസിക്കലി ഹാന്‍ഡി ക്യാപ്ഡ്), മസ്തിഷ്ക തളര്‍വാതം (സെറിബ്രല്‍ പാള്‍സി), ദിവാസ്വപ്ന പ്രകൃതം(ഓട്ടിസം), കാഴ്ചശക്തിയില്ലായ്മ(വിഷ്വല്‍ ഇംപയേര്‍ഡ്), കേള്‍വിക്കുറവ് (ഹിയറിംഗ് ഇംപയേര്‍ഡ്), ബഹുവൈകല്യങ്ങള്‍(മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നു പറയുന്നത്.
ബുദ്ധിമാന്ദ്യം ശാരീരികമോ മാനസികമോ ആയ രോഗമല്ല. അത് കേവലം ഒരു അവസ്ഥ മാത്രമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള വൈകല്യം കൊണ്ടാണ് അതുണ്ടാകുന്നത്. ബുദ്ധിമാന്ദ്യം വന്നവര്‍ക്ക് അവരുടെ ആവശ്യങ്ങളെക്കുറിച്ചോ പൗരന് എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ അറിയില്ല. ബുദ്ധിമാന്ദ്യം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു അവസ്ഥയാണ്. ഇത് ഭേദപ്പെടുത്താന്‍ ഫലപ്രദമായ ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനസംഖ്യയിലെ ഏതാണ്ട് മൂന്നുശതമാനം പേര് ബുദ്ധിമാന്ദ്യമുള്ളവരാണ്. എങ്കിലും ഇവരില്‍ ചിലര്‍ക്ക് കഴിവുകളുണ്ട്. അതിനാല്‍ ബുദ്ധിമാന്ദ്യമുള്ള ഇത്തരക്കാരുടെ എല്ലാ കഴിവുകളോടും കുറവുകളോടുംകൂടി സമൂഹം അംഗീകരിക്കുകയും അവരുമായി സ്നേഹം പങ്കുവെയ്ക്കുകയും വേണം.
കുട്ടി ജനിച്ച് രണ്ട് മാസം കഴിയുമ്പോള്‍ വിളിച്ചാല്‍ മുഖത്തുനോക്കി ചിരിക്കണം. നാല് മാസം തികയുമ്പോള്‍ കഴുത്ത് ഉറയ്ക്കണം. 8 മാസം തികയുമ്പോള്‍ ഇരിയ്ക്കണം. ഒരു വര്‍ഷം തികയുമ്പോള്‍ നില്‍ക്കണം. അതായത് കുഞ്ഞ് കാണുകയും കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അമ്മ പ്രത്യേകം ഉറപ്പാക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയാംവണ്ണം ഇല്ലെന്നുണ്ടെങ്കില്‍ അത് ബുദ്ധിമാന്ദ്യത്തിന്റെയോ മറ്റ് വൈകല്യങ്ങളുടെയോ ലക്ഷണമാകാം. അതുകൊണ്ട് കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.
ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യം, മസ്തിഷ്ക്ക തളര്‍വാതം, സെറിബ്രല്‍ പാള്‍സി, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, സംസാരക്കുറവ്, ഓട്ടിസം തുടങ്ങിയ ബഹുവൈകല്യങ്ങളെ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ പഠിക്കുന്ന, പരിശീലിക്കുന്ന സ്കൂളുകളെയാണ് സ്പെഷല്‍ സ്കൂളുകള്‍ എന്നുപറയുന്നത്.
തിരുവനന്തപുരത്ത് പാങ്ങാപ്പാറയിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റലി ഹാന്‍ഡിക്യാപ്ഡ് എന്ന ഒരു സ്കൂള്‍ മാത്രമാണ് ഗവണ്മെന്റിന്റെ കീഴിലുള്ളത്. ബാക്കിയുള്ള 221 സ്കൂളുകളും നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസേഷനുകള്‍ (എന്‍ജിഒ) നടത്തുന്നതാണ്.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -19
കൊല്ലം -15
പത്തനംതിട്ട -8
ആലപ്പുഴ -13
ഇടുക്കി -8
കോട്ടയം -27
എറണാകുളം -30
തൃശ്ശൂര്‍ -21
പാലക്കാട് -8
മലപ്പുറം -20
വയനാട് -5
കോഴിക്കോട് -21
കണ്ണൂര്‍ -20
കാസര്‍ഗോഡ് -6
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടുംബശ്രീമിഷന് 47 ബഡ്സ് സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 15 എണ്ണമുണ്ട്.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ പഠിക്കുന്ന സ്പെഷല്‍ സ്കൂളുകളിലും ബഡ്സ് സ്കൂളുകളിലും പഠിക്കുന്നവര്‍ക്ക് അതാതു പ്രദേശത്തുള്ള പഞ്ചായത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസ്ഥാപനങ്ങള്‍ വഴി സ്കൂളിലേയ്ക്കുള്ള യാത്രാച്ചെലവ്, യൂണിഫോം എന്നിവയ്ക്കുള്ള സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നതാണ്. സ്കൂളുകള്‍ നടത്തുന്നവര്‍ക്ക് എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ഗ്രാന്റും ലഭിക്കും.
ബുദ്ധിമാന്ദ്യത്തിന്റെ നിലവാരമനുസരിച്ച് പഠിപ്പിക്കുവാന്‍ പറ്റുന്നവര്‍, പരിശീലിപ്പിക്കാന്‍ പറ്റുന്നവര്‍, നിരന്തര സഹായമാവശ്യമുള്ളവര്‍ എന്നിങ്ങനെ തിരിച്ചാണ് ഇവരെ പരിശീലിപ്പിക്കുന്നത്. പരസഹായം കൂടാതെ ജീവിക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭൂരിഭാഗം സ്പെഷല്‍ സ്കൂളുകളിലും ഇത്തരത്തിലുള്ള തൊഴിലധിഷ്ഠിത ട്രെയിനിംഗ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷം കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാരണം അവരുടെ കാഴ്ചശക്തിയും കേള്‍വിശക്തിയും ശരീരപ്രകൃതിയും ആരോഗ്യവും കഴിവും അഭിരുചിയും അനുസരിച്ച്, താല്‍പ്പര്യമുള്ളവരെക്കൊണ്ട് മാത്രമേ ജോലികള്‍ ചെയ്യിക്കാനും പരിശീലിപ്പിക്കാനും കഴിയുകയുള്ളൂ.
പേപ്പര്‍ ബാഗ്, മെഴുകുതിരി, സോപ്പ്,നോട്ട് ബുക്ക്, കവറുകള്‍, വസ്ത്രം, കരകൗശല വസ്തുക്കള്‍, അച്ചാര്‍ തുടങ്ങിയവ നിര്‍മിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്കിയാല് മതി. വൊക്കേഷണല്‍ യൂണിറ്റുകളുള്ള സെന്ററുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇതുകൂടാതെ വികലാംഗ കോര്പ്പറേഷന് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ ലഭിക്കുന്നതാണ്.
ബുദ്ധിമാന്ദ്യമുള്ള 21 വയസ്സു കഴിഞ്ഞവരെ പകല്‍ സമയത്ത് നോക്കി സംരക്ഷിക്കാനായി ‘പകല്‍വീടുകള്‍’ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍തോറും താലൂക്ക് അടിസ്ഥാനത്തില്‍ തുടങ്ങേണ്ടത് വളരെഅത്യാവശ്യമാണ്. താമസിപ്പിക്കുന്നതിനുള്ള സെന്ററുകളും തുടങ്ങാവുന്നതാണ്. വീടുകള്‍ക്ക് സമാനമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ചികിത്സയും പരിശീലനവും ലഭ്യമാക്കിയാല്‍ ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരു പരിധിവരെ ആശ്വാസമായിരിക്കും. വിവിധ കാരണങ്ങളാല്‍ സ്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും പോകാന്‍ കഴിയാത്തവര്‍ക്കെല്ലാം പകല്‍ വീടുകള്‍ ഒരു അത്താണിയാകും.
വിദ്യാര്‍ത്ഥികളുടെ കുറവുമൂലം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ സ്കൂളുകളും അനുബന്ധ സൗകര്യങ്ങളും മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസത്തിനും പരിശീലനത്തിനും ബഡ്സ്കൂളുകള്‍, പകല്‍ വീടുകള്‍ തുടങ്ങിയവ ആരംഭിക്കുവാന്‍ പ്രയോജനപ്പെടുത്താം.
കേരളത്തില്‍ മാത്രം 12 ലക്ഷം ബുദ്ധിമാന്ദ്യമുള്ളവര്‍ ഉണ്ട്. ഇത്തരം കുട്ടികളുള്ള കുടുംബങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ച്ച നേരിടുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സാമൂഹ്യചടങ്ങുകളില് പങ്കെടുക്കാന്‍ വിമുഖത കാട്ടുന്നു. അതിനാല്‍ ഗര്‍ഭിണിയായവര്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം, സമീകൃതാഹാരത്തിന്റെ കുറവ്, പ്രസവ സമയത്തുള്ള ഉയര്‍ന്ന ബിപി, ഗര്‍ഭസമയത്തുള്ള വീഴ്ച, ക്ഷതമേല്‍ക്കല്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ജനിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഒരു സമൂഹമെന്ന നിലയില്‍ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്കാന് സര്‍ക്കാരിനും സമൂഹത്തിനും കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന ഫിസിക്കല്‍ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡെക്സ് നിലനിര്‍ത്തുന്ന ഒരു സമൂഹമെന്ന നിലയില്‍ ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായി ഇനിയും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിലവിലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ഫലപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും വേണം.
സര്‍ക്കാരും മറ്റ് വകുപ്പുതല മേലധികാരികളും ഇവരുടെ എല്ലാതരത്തിലുമുള്ള പരിരക്ഷയും ഇനിയെങ്കിലും ഉറപ്പുവരുത്തണം. വിവിധങ്ങളായ പ്രശ്നങ്ങളില്‍ വസ്തുനിഷ്ഠമായും ക്രിയാത്മകമായും ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും വേണം.
കലൂര്‍ ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: