ന്യൂദല്‍ഹി: രാത്രി തലചായ്‌ക്കാനിടമില്ലാത്ത ദല്‍ഹിയിലെ അഗതികള്‍ക്കായി തീപിടിക്കാത്ത നാല്‍പ്പത് താവളങ്ങള്‍ തണുപ്പുകാലത്തിനുമുമ്പ് ഒരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം 16 താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ ഇക്കൊല്ലം തീപിടിക്കാത്ത പാര്‍പ്പിടങ്ങളാണ് നിര്‍മിക്കുന്നതെന്ന് ദല്‍ഹി നഗരപാര്‍പ്പിട ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ചേതന്‍ സംഗി അറിയിച്ചു.
പുതുതായി നിര്‍മിക്കുന്ന താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍ ടൊയ്‌ലറ്റ് സൗകര്യം, വൈദ്യുതി, പുതപ്പുകള്‍, കിടക്ക എന്നിവയുണ്ടാകും. ഇവയില്‍ തീപിടുത്തമുണ്ടായാല്‍ അപായസൂചന നല്‍കുന്ന സംവിധാനങ്ങളും സജ്ജമാക്കും. ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്ന 40 പാര്‍പ്പിടങ്ങളില്‍ 30 എണ്ണം ഡിസംബര്‍ 10ഓടെ പൂര്‍ത്തീകരിക്കും. ഇതില്‍ മൂന്നെണ്ണം സ്ത്രീകള്‍ക്കു മാത്രമായി നീക്കിവെയ്‌ക്കുമെന്ന് സംഗി കൂട്ടിച്ചേര്‍ത്തു. ഈ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ക്ക് ഓരോന്നിനും മൂന്ന് ലക്ഷം രൂപ വീതം ചെലവുവരും. ജുമാ മസ്ജിദ്, യമുന പുസ്ത, നെഹ്‌റു പ്ലെയ്സ്, കിംഗ്സ് വേ ക്യാമ്പ് എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലുമായാണ് ഈ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ വിന്യസിക്കുന്നത്.
ഇതുകൂടാതെ തലസ്ഥാനത്ത് 64 സ്ഥിരം രാത്രി താവളങ്ങളുണ്ട്. ഇതില്‍ 44 എണ്ണം ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ സൊസൈറ്റിക്കും 18 എണ്ണം സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കും രണ്ടെണ്ണം സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള വകുപ്പുമാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം റവന്യൂവകുപ്പാണ് താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിയത്. സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കായിരുന്നു അതിന്റെ മേല്‍നോട്ടമെന്ന് ഷെല്‍ട്ടറുകളുടെ ഡയറക്ടര്‍ വിജയ് ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: