ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ദുബായിയില്‍ മക്കളെ സന്ദര്‍ശിക്കാന്‍ പോയ സര്‍ദാരിക്ക് അവിടെവെച്ചാണ് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉടന്‍ ചികിത്സ തേടിയെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സപ്തംബറില്‍ സര്‍ദാരിക്ക് ബ്രിട്ടനിലെ ഒരു ആശുപത്രിയില്‍ ആന്‍ജിയോഗ്രാഫി നടത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്ന് വ്യക്തമാക്കിയത്.
അതേസമയം, നവംബര്‍ 26 നുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചെങ്കിലും സര്‍ദാരിയുടെ സംസാരത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ദുബായിക്ക് പോകുന്നതിന് മുമ്പ്, പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, സെനറ്റ് ചെയര്മാന് ഫറൂക്ക് എച്ച്എന്എയ്ക്ക്, ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് എന്നിവരുമായി പ്രത്യേക ചര്‍ച്ചകളും സര്‍ദാരി നടത്തിയിരുന്നു. രാഷ്ട്രത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: