കൊച്ചി: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ വികാരത്തിന് പകരം വിചാരത്തിന്റേയും സമചിത്തതയുടേയും മാര്‍ഗത്തിലൂടെ പരിഹാരം കാണണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അക്രമം ഒന്നിനും പരിഹാരമല്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന അയഞ്ഞ സമീപനം ഉപേക്ഷിക്കണം. കേരളത്തിന്റേയും തമിഴ്നാടിന്റേയും ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സത്യസന്ധമായാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്. തര്‍ക്കത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യണം. ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് ഇതാണ്.
അതിരുവിട്ട പ്രതിഷേധത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും വിലപേശലിനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്ന ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ സംയമനത്തോടെ മാത്രം പ്രതികരിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയാവണം, അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പുനല്‍കുന്ന പരിഹാരമാണ് ഉരുത്തിരിയേണ്ടത്. കേന്ദ്രത്തിലേയും ഇരു സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇതിന് കഴിയും. ഒരു സാഹചര്യത്തിലും ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ തമ്മിലടിക്കാന്‍ ഇടവരുത്തരുത്. ഇപ്പോഴത്തെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ വിശാലമായ ദേശീയ വീക്ഷണത്തോടെ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്, ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: