കാല്‍പ്പന്തുകളിയിലെ നിത്യവിസ്മയമായിരുന്ന സോക്രട്ടീസ് ജീവിതമെന്ന കളിയോട് വിടവാങ്ങി. ഫുട്ബോളില്‍ കാല്‍പ്പനിക വസന്തം വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു വെളുത്ത പെലെ എന്നറിയപ്പെട്ടിരുന്ന ബ്രസീലിന്റെ ഈ സൂപ്പര്‍താരം. ഗോളടിക്കുന്നതിലുപരി സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്നതില്‍ അസാമാന്യ മികവ് പുലര്‍ത്തിയ വിശ്വസോക്കറിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരിലൊരാളും കൂടിയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ സോക്രട്ടീസ്.
1979 മുതല്‍ 1986 വരെ നീണ്ട ഫുട്ബോള്‍ കരിയറില്‍ 60 മത്സരങ്ങളിലാണ് ബ്രസീലിന് വേണ്ടി സോക്രട്ടീസ് ദേശീയ ജേഴ്സി അണിഞ്ഞിട്ടുള്ളത്.1982ലെ സ്പാനിഷ് ലോകകപ്പ് കളിച്ച ബ്രസീല്‍ ടീമിനെ നയിച്ച സോക്രട്ടീസിന്റെ ടീം ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റു പുറത്തായി. നാലുവര്‍ഷത്തിനുശേഷം മെക്സിക്കാ ലോകകപ്പ്. സോക്രട്ടീസ് തന്നെ നായകന്. പ്രതിഭാധനരായ ഒരുപറ്റം താരങ്ങളെ നയിച്ച സോക്രട്ടീസ് വീണ്ടും ക്വാര്‍ട്ടറില്‍ വീണു. ഇക്കുറി ഫ്രാന്‍സിനോട്. നായകനായി വന്ന് ദുരന്തം ഏറ്റുവാങ്ങി പോകാനായിരുന്നു ലോകകപ്പില്‍ സോക്രട്ടീസിന്റെ നിയോഗം. പക്ഷെ രണ്ടു ലോകകപ്പുകളോടെ ഈ മധ്യനിരക്കാരന് ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. സാങ്കേതികത്തികവുള്ള മധ്യനിരക്കാരനായിരുന്നു അദ്ദേഹം. നീക്കങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലുള്ള അപാരമായ ഉള്‍ക്കാഴ്ച കളിക്കളത്തില്‍ സോക്രട്ടീസിനെ വ്യത്യസ്തനാക്കി. എതിര് പ്രതിരോധത്തെ കീറിമുറിക്കുന്ന ത്രൂ പാസുകളും അപ്രതീക്ഷിതമായി മടമ്പുകൊണ്ട് പിന്നോട്ടുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളായിരുന്നു. മിഡ്ഫീല്‍ഡ് ജനറല്‍ എന്ന വിശേഷണത്തെ എല്ലാ അര്‍ഥത്തിലും സാര്‍ഥകമാക്കിയ ജീനിയസ്. കളി വിലയിരുത്തുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നിരീക്ഷണബുദ്ധിയും അപാരമായിരുന്നു. സോക്രട്ടീസ് എന്ന പ്രതിഭ ഒരിക്കലും ഫുട്ബോളിന്റെ ചതുരക്കളത്തില്‍ ഒതുങ്ങിനിന്നില്ല. പഠനവും ഫുട്ബോളും ഒരുമിച്ചുപോയ ചരിത്രമില്ലാതിരുന്നിട്ടും സോക്രട്ടീസ് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. പ്രൊഫഷണല്‍ കരിയര്‍ തുടങ്ങാന്‍ സോക്രട്ടീസ് താമസിച്ചതും ഇതുകൊണ്ടുതന്നെ. വൈദ്യശാസ്ത്ര പഠനത്തിനിടെ മത്സരങ്ങള്‍ക്കിറങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. പഠനത്തിനിടയില്‍ ദേശീയ ടീമിനുവേണ്ടിപ്പോലും, അത് അര്‍ജന്റീനക്കെതിരെ ആയാലും കളിക്കാന്‍ സോക്രട്ടീസ് വിമുഖത കാട്ടി. ‘പഠിക്കുമ്പോള്‍ പഠിക്കുക’ എന്നതായിരുന്നു നയം. പഠനത്തിനുശേഷമാണ് അദ്ദേഹം ഫുട്ബോള്‍ ഗൗരവത്തോടെ എടുത്തതും.
സ്പാനിഷ് ലോകകപ്പോടെ യൂറോപ്യന്‍ സോക്കറിലെ വമ്പന്‍ ക്ലബ്ബുകള്‍ സോക്രട്ടീസിനെ റാഞ്ചാനെത്തി. പക്ഷെ, അദ്ദേഹം ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്ത്യന്‍സില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ജനാധിപത്യ രീതിയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താതെ രാജ്യം വിടാന്‍ തയ്യാറല്ലെന്ന് സോക്രട്ടീസ് പ്രഖ്യാപിച്ചു. ബ്രസീലിലെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ തെരുവില്‍ ഇറക്കിയ സോക്രട്ടീസ് ‘ജനാധിപത്യം’ എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് അക്കാലത്ത് കൊറിന്ത്യന്‍സിനുവേണ്ടി കളിച്ചത്.
പിന്നീട് ബ്രസീലില്‍ ജനാധിപത്യം പുനസ്ഥാപിച്ചതിനു പിന്നാലെ സോക്രട്ടീസ് ഇറ്റലിയില്‍ ഫിയോന്റിനയുമായി കരാര്‍ ഒപ്പിട്ടു. പക്ഷെ ഒരുവര്‍ഷമേ അദ്ദേഹം ഇറ്റലിയില്‍ തുടര്‍ന്നുള്ളൂ. പിന്നീട് കൊറിന്ത്യന്‍സിലേക്ക് തന്നെ മടങ്ങി. തുടര്‍ന്നും വമ്പന്‍ ഓഫറുകളുമായി യൂറോപ്യന്‍ ക്ലബ്ബുകള്‍ കരാര്‍ വാഗ്ദാനം ചെയ്തിട്ടും കൊറിന്ത്യന്‍സിന്റെ ഇടതു വിങ്ങില്‍ അദ്ദേഹം തുടര്‍ന്നതും ഇതുകൊണ്ടുതന്നെ.
ഫുട്ബോളിലെ വാണിജ്യവല്‍ക്കരണത്തിനെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച താരമായിരുന്നു സോക്രട്ടീസ്. പെലെയെപ്പോലെ ഫുട്ബോളിന്റെ അംബാസിഡറാകാന്‍ സോക്രട്ടീസിനും ക്ഷണമുണ്ടായിരുന്നു. പക്ഷെ വാണിജ്യവല്‍ക്കരണവും അതിന്റെ അഴുക്കുകളും അടിഞ്ഞുകൂടിയ ഫുട്ബോളിന് വേണ്ടി ഒന്നും പറയാന്‍ താനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം വാഗ്ദാനം നിരസിച്ചു. കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളമെഴുത്തുകാരനായി. ടിവി അവതാരകനായും പ്രവര്‍ത്തിച്ചു. പക്ഷെ എഴുത്തും പ്രഭാഷണവും മുഖ്യമായും തത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളിലായിരുന്നു. 2014 ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വിഷയമാക്കി നോവല്‍ രചിക്കുന്നതിനിടെയാണ് അദ്ദേഹം ഗുരുതരാവസഥയില്‍ ആശുപത്രിയിലാകുന്നതും മരണം കീഴ്പ്പെടുത്തിയതും. ആവിശ്വഫുട്ബോളറുടെ സ്മരണ കളിക്കമ്പക്കാര്‍ എന്നും നെഞ്ചേറ്റും, തീര്‍ച്ച.
മുല്ലപ്പെരിയാറിന്റെ മാര്‍ഗം
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് യുക്തിസഹവും മാനുഷികതയ്ക്ക് അനുരൂപവുമായ ഒരു പരിഹാരമാണ്. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണുതാനും. എന്നാല്‍ പ്രകോപനപരമായ ചില നീക്കങ്ങള്‍ പലയിടത്തും ഉണ്ടാവുന്നുണ്ട്. പ്രസ്തുത വിഷയത്തിലെ അപകടകരമായ ഒരുവശം മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കുമെന്നതാണ്. അതിന്റെ വ്യാപ്തിയും ശക്തിയും ഇനിയും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഒരു കണക്കിന് അത് അസാധ്യവുമാണ്. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ഒഴുകിയെത്തിപ്പരന്നുകിടക്കുന്ന ജലം നാം പ്രതീക്ഷിക്കുന്നയിടങ്ങളില്ക്കൂടി മാത്രമെ പോകൂവെന്ന് ചിന്തിക്കുന്നത് മൗഢ്യമല്ലേ?
രണ്ടു സംസ്ഥാനങ്ങളിലെ ഭരണകൂടവും ജനങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് സ്ഥിതിഗതികള്‍ മാറിപ്പോവാന്‍ എളുപ്പമാണ്. വിചാരം വികാരത്തിന് വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായാല്‍ ഒരിക്കലും പരിഹരിക്കാനാവാത്തവിധത്തിലേക്ക് സംഗതികള്‍ മാറിമാറിയുകയും ദുരന്തം സംഭവിക്കുകയും ചെയ്യും. പക്വതയോടെയുള്ള നിലപാടും തുടര്‍നടപടികളുമാണ് ഇക്കാര്യത്തില്‍ അഭിലഷണീയമെന്നതില് തര്‍ക്കമില്ല. തമിഴ്നാട് സര്‍ക്കാര്‍ തികഞ്ഞ കര്‍ക്കശ നിലപാടില്‍നിന്ന് അല്പം അയഞ്ഞത് ഈ ചുറ്റുപാടില്‍ ശുഭോദര്‍ക്കമായി തന്നെ കാണണം.
ജലസേചനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മുല്ലപ്പെരിയാറിനെ ആശ്രയിക്കുന്ന തമിഴ്നാടിന് കേവലം വെള്ളം എന്ന അവസ്ഥയല്ല ആവശ്യം. അണക്കെട്ടിന്റെ പരമാധികാരമാണ് ആ സംസ്ഥാനം കാംക്ഷിക്കുന്നത്. ആരുടെയും ഔദാര്യം ആവശ്യമില്ലാത്ത ഒരു സ്ഥിതിവിശേഷം അവര്‍ക്കു വേണ്ടതുകൊണ്ടാണ് ഡാമിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി മുന്നോട്ടുപോകുന്നത്. സംഗതിവശാല്‍ മറ്റൊരു ഡാം പണിയുകയാണെങ്കില്‍ ഇപ്പോഴത്തെ കൈകാര്യകര്‍തൃത്വം തമിഴ്നാടിന് എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും. ഈയൊരു ഭീതിയാണ് അവരെ വേട്ടയാടുന്നത്.
മേപ്പടി കാര്യത്തില്‍ തമിഴ്നാടിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്നതരത്തിലുള്ള നീക്കങ്ങള്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലേ എന്ന് സംശയമാണ് നിലനില്‍ക്കുന്നത്. ആ സംശയത്തിന്റെ പശ്ചാത്തലവും കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞ കാര്യവും കൂട്ടിവായിക്കുമ്പോള്‍ സംശയം ഇരട്ടിക്കുകയും ചെയ്യുന്നു. സ്വയം മുല്ലപ്പെരിയാര്‍ കേസ് തോറ്റുകൊടുക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം താഴ്ന്നുപോവുന്നു എന്ന തോന്നല്‍ പൊതുവെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ഭീഷണിയായി മുല്ലപ്പെരിയാര്‍ കാര്യത്തെ വിശകലനം ചെയ്ത് കേന്ദ്രത്തിന്റെ മുമ്പിലെത്തിച്ച തമിഴ്നാട് ഹോം വര്‍ക്കു ചെയ്യുന്നതില്‍ ഒരു മിടുക്കന്കുട്ടിയുടെ നിലപാടിലാണ്.
ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യത്യസ്ത വീക്ഷണങ്ങളുള്ള പ്രശ്നത്തില്‍ നേരിട്ടിടപെടാനുള്ള വൈമനസ്യം കേന്ദ്രത്തിനുണ്ടാവുമെങ്കിലും അതു മറികടക്കാനുള്ള മാനുഷികവും സാങ്കേതികവുമായ വഴികള്‍ അവര്‍ നോക്കിയില്ല എന്നുവേണം കരുതാന്‍. കാവേരിജല പ്രശ്നത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനമായിരുന്നല്ലോ തമിഴ്നാട്. വാജ്പേയി പ്രധാനമന്ത്രിയായ കാലഘട്ടത്തില്‍ എത്ര സുഗമമായി അത് പരിഹരിച്ചുവെന്നത് സുവിദിതമാണ്. എന്നാല്‍ ഇടുങ്ങിയ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ അവസാനകാലത്തേക്ക് എല്ലാം നീക്കിവെക്കുന്ന സമീപനം കൈക്കൊള്ളുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
ജനകീയ മുന്നേറ്റങ്ങളും അതുമായി ബന്ധപ്പെട്ട ഒട്ടനേകം കാര്യങ്ങളും കൊണ്ടാവാം തമിഴ്നാട് തല്ക്കാലം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ക്കായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. തികച്ചും ആശ്വാസപ്രദവും ശുഭകരവുമായ ഒരന്തരീക്ഷം സംജാതമാകാന്‍ അതിടവെക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ മാസം 15ന് നടക്കുന്ന ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ക്കായാണ് അവര്‍ സമ്മതം മൂളിയിരിക്കുന്നത്. ഇനി ശ്രദ്ധിക്കേണ്ടത് കഴിവതും പ്രകോപനമുണ്ടാക്കാതിരിക്കാനാണ്. അതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് മാത്രമല്ല സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഴുതിവീഴുകയും ചെയ്യും. സംഘര്‍ഷം ഉണ്ടാക്കാന്‍ ഏതു കൊച്ചുകുട്ടി വിചാരിച്ചാലും കഴിയും. എന്നാല്‍ അവസാനിപ്പിക്കാന്‍ ആരു വിചാരിച്ചാലും കഴിയുകയുമില്ല.
ഏതേതൊക്കെ തരത്തിലുള്ള ഭീഷണിയാണ് മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വസ്തുതാപരമായ എല്ലാ തെളിവുകളും ചര്‍ച്ചയില്‍ വെക്കുകയെന്നതാവണം സംസ്ഥാനത്തിന്റെ അടുത്ത നീക്കം. വികാരങ്ങളേക്കാള്‍ വിചാരങ്ങള്‍ക്ക് ശക്തിപകരുന്നതായിരിക്കണം അത്. നാലുനാക്കുകൊണ്ട് സംസാരിക്കുന്ന ഇന്നത്തെ രീതി മാറ്റി ഒറ്റനാവുകൊണ്ട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ശത്രുരാജ്യത്തോടുള്ള പെരുമാറ്റമല്ല, മിത്രത്തോട് കാര്യങ്ങള്‍ വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കാനാവണം ശ്രമിക്കേണ്ടത്. തമിഴ്നാടിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവരുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: