ആപ്തവാക്യങ്ങള്‍ അപ്രസക്തമാകുന്ന കാലഘട്ടമാണിത്. പുരാതന സങ്കല്‍പ്പങ്ങള്‍ വികല്പ്പങ്ങളാകുന്നു. പൗരാണിക മൂല്യങ്ങള്‍ അമൂല്യമല്ലാതാകുന്നു. മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം അപ്രസക്തമായത് മാതാവും പിതാവും ഗുരുവും കുട്ടികളെ ചൂഷണവിധേയരാക്കിത്തുടങ്ങിയപ്പോഴാണ്. മാതൃദേവോ ഭവഃ എന്നതും പിതൃദേവോ ഭവഃ എന്നതും ഒരുപോലെ സത്യങ്ങളല്ലാതായി.
ഇന്ന് എല്ലാം പുതിയ സങ്കല്‍പ്പങ്ങളാണ്. ആഗോളഗ്രാമം, അത്യന്താധുനികത, മാധ്യമവിസ്ഫോടനം, ആധുനിക സാങ്കേതിക വിപ്ലവം, സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക്, മൊബെയില്‍ ഫോണ്‍ മുതലായ പുതിയ സങ്കല്‍പ്പങ്ങള്‍ പഴയതിനെ ചവറ്റുകുട്ടയിലേക്കെറിഞ്ഞു. പക്ഷെ അങ്ങനെ എറിയപ്പെടേണ്ടിവന്നത് ഈശ്വരസ്ഥാനീയരായവര് പിശാചുക്കളായി മാറിയതുകൊണ്ടുകൂടിയാണെന്നതും ഒരു വസ്തുതയാണ്.
ഇന്ന് മാധ്യമങ്ങള്‍ നിരന്തരമായി ചര്‍ച്ച ചെയ്യുന്നതും വിമര്‍ശിക്കുന്നതും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത മക്കളെപ്പറ്റിയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് സമൂഹം മാറിയത് വികസനത്തിന്റെ ഭാഗമായാണ്. വികസനം മനസ്സിനെയും സദ്വികാരങ്ങളെയും ശുഷ്ക്കമാക്കും എന്ന തിരിച്ചറിവ് നല്കി വൃദ്ധരെ അധികപറ്റാക്കി. ഗാര്‍ഹിക മാലിന്യം റോഡിലാണ് തള്ളുക. വൃദ്ധര്‍ ഇന്ന് കുടുംബമാലിന്യമായി മാറിയപ്പോള്‍ അവരെയും പൊതുവഴിയിലും റെയില്‍വേസ്റ്റേഷനിലും ഉപേക്ഷിക്കപ്പെടുന്നു. കുറച്ചുകൂടി പ്രതിബദ്ധതയുള്ളവര്‍ അവരെ വൃദ്ധസദനങ്ങളിലാക്കി കൈകഴുകുന്നു. വൃദ്ധസദനങ്ങള്‍ ഇന്ന് പെരുകുകയാണ്. ഗ്രാമതലത്തില്‍ പോലും. ഗ്രാമം വിശുദ്ധിയുടെ പര്യായമായിരുന്ന കാലം മറഞ്ഞു. ഇന്ന് ഗ്രാമങ്ങളില്‍നിന്ന് നെല്ലും കുടുംബമുറ്റത്തുനിന്ന് തുളസിയും മുല്ല കയറിമറിയുന്ന കൂവളങ്ങളും പറമ്പില്‍നിന്ന് അത്തിയുംഇത്തിയും ഇലവും ഇലഞ്ഞിയും ഏഴിലംപാലയും- എന്തിന് തൊട്ടാവാടിയും ചൊറിയിണവും അപ്രത്യക്ഷമായ പോലെ കുടുംബ സാമൂഹികബന്ധങ്ങളും മറഞ്ഞു. ആര് ആരെ കൊന്നാലും ഇന്ന് ഗ്രാമവാസികള്‍ അറിയുന്നില്ല, തിരിഞ്ഞുനോക്കുന്നുമില്ല. അപ്പോള്‍ വികസനം എന്നതിന്റെ അര്‍ത്ഥം സ്വാര്‍ത്ഥതാ വികസനമാണോ എന്ന് ഞാന്‍ സംശയിക്കാറുണ്ട്.
മാതാപിതാക്കളെ വൃദ്ധസദനത്തിലും പൊതുനിരത്തിലും തള്ളുന്നതിനെതിരെ നിരന്തരം എഴുതിയപ്പോള്‍ എന്നെ സ്നേഹംകൊണ്ട് മൂടിയ അമ്മയെയാണ് ഞാന്‍ ഓര്‍മിച്ചത്. പക്ഷാഘാതം പിടിച്ച അച്ഛന്റെ മടിയില്‍ ഞാന്‍ ഇരുന്നിട്ടില്ല. പക്ഷെ അമ്മയുടെ മടിയില്‍ വലുതായിട്ടുപോലും ഇരുന്നു. പത്താം ക്ലാസ്വരെ എന്നെ എണ്ണയും താളിയും തേച്ച് കുളിപ്പിച്ച് എന്റെ സമൃദ്ധമായ മുടിയില്‍ അഭിമാനം കൊണ്ടിരുന്ന അമ്മയായിരുന്നു എന്റേത്. ഉറക്കത്തില്‍ അറിയാതെ “അമ്മേ” എന്ന് വിളിച്ചാല്‍ പോലും ഞെട്ടിയുണര്‍ന്ന് “എന്താ അമ്മിണി” എന്ന് ചോദിക്കുമായിരുന്ന അമ്മ. എന്റെ ആദ്യ ശമ്പളത്തില്‍നിന്നും ഞാന്‍ അമ്മക്ക് വാങ്ങിയത് വായിക്കാനുള്ള കണ്ണടയായിരുന്നു. വായനാശീലമുള്ള അമ്മക്ക് വെള്ളെഴുത്ത് വന്നപ്പോള്‍ വായിക്കാന്‍ വയ്യാതായി. കണ്ണ് പരിശോധിപ്പിക്കാന്‍ ഹൈദരാബാദിലുള്ള എനിക്ക് സാധ്യമല്ലാതിരുന്നതിനാല്‍ ഞാന്‍ ഞങ്ങളുടെ ലാന്‍ഡ്ലേഡി (വാടകവീടിന്റെ ഉടമസ്ഥ) മിസ്സിസ് ഗിബ്സിെന്റ കണ്ണട പോലത്തെ കണ്ണട വാങ്ങി അയയ്ക്കുകയായിരുന്നു.
ഇന്ന് ഞാന്‍ മക്കളെ പീഡിപ്പിക്കുന്ന അമ്മമാരുടെ കഥകളും വാര്‍ത്തകളുമാണ് കേള്‍ക്കുന്നത്. പിതൃദേവോ ഭവഃ എന്ന സങ്കല്‍പ്പം നശിച്ചുവെന്ന് തിരിച്ചറിഞ്ഞത് സ്വന്തം പിതാവ് മകളെ ലൈംഗികമായി ഉപയോഗിച്ചു തുടങ്ങിയ വാര്‍ത്തകള്‍ വന്നപ്പോഴാണ്. 60 ശതമാനം പീഡനവും സ്ത്രീകള്‍ അനുഭവിക്കുന്നത് സ്വന്തം കുടുംബങ്ങളില്‍നിന്നാണ് എന്ന് കണക്കുകള്‍ പറയുമ്പോള്‍ അച്ഛനാലും മുത്തച്ഛനാലും ഗര്‍ഭിണിയായ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷന്റെ മുന്നില്‍ എത്തി ആ വാര്‍ത്തകള്‍ സത്യമാണെന്ന് തെളിയിക്കുന്നു. ഇന്ന് അമ്മമാര്‍ക്ക് പെണ്മക്കളെ അച്ഛനെ ഏല്പ്പിച്ചുവിടാന് പേടിയാണ്.
പക്ഷെ അമ്മമാര്‍ മകളെ ദ്രോഹിക്കുമെന്നത് എനിക്ക് സങ്കല്പ്പിക്കാന് പോലും സാധ്യമല്ലായിരുന്നു. ഇന്ന് ധാരാളം അമ്മമാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ ശരീരം വില്ക്കാന് പ്രോത്സാഹിപ്പിച്ച് പണം കൊയ്യാന്‍ ശ്രമിക്കുന്നു. വരാപ്പുഴ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിയെ ശോഭാ ജോണ്‍ ഒരു ലക്ഷം രൂപക്കാണല്ലോ വിലക്ക് വാങ്ങിയത്. ഇന്ന് സീരിയലിലും സിനിമയിലും റിയാലിറ്റി ഷോകളിലും മുഖം കാണിച്ച് പ്രസിദ്ധിയുടെ സോപാനം കയറുവാന്‍ വ്യഗ്രത കാണിക്കുന്ന അമ്മമാരും പലവിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകുന്നതായി കാണാം. മക്കളെ നിര്‍ബന്ധിക്കുന്നതും കാണാം.
ഇപ്പോള്‍ അമ്മമാരുടെ മറ്റൊരു മുഖവും എനിയ്ക്ക് ദൃശ്യമായിരിക്കുന്നു. സാധാരണ അമ്മമാരുടെ ലക്ഷ്യം/മോഹം തങ്ങളുടെ പെണ്മക്കളെ വിവാഹം കഴിച്ചയയ്ക്കലാണ്. പൊന്നും പണവും നല്കി പട്ടില്‍ പൊതിഞ്ഞ് മകളെ കല്യാണപന്തലില്‍ എത്തിക്കുന്നതാണ് പല അമ്മമാരുടെയും സ്വപ്നം. വീട് വിറ്റും പണയം വെച്ചും വിവാഹം ആര്‍ഭാടമായി നടത്തി കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളാണ് കേരളത്തില്‍. ഇതിന് അപവാദങ്ങളുണ്ടാകാം.
ഞാന്‍ കണ്ട അസാധാരണത്വം എന്നെ ഞെട്ടിച്ചു. ഒരമ്മ സ്വന്തം മകളുടെ കല്യാണം മുടക്കി അവളെ പരിചാരികയാക്കി മാറ്റി തന്റെ സര്‍വ സാഡിസ്റ്റ് പ്രവണതകള്‍ക്കും ഇരയാക്കി. അടിച്ചും ഇടിച്ചും തൊഴിച്ചും അവളെ മൂലയിലിരുത്തുന്ന ഒരമ്മ. എംഎ വരെ പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടെ പാസായിട്ടും ജോലിക്ക് പോകാന്‍ സമ്മതിക്കാതെ സ്വന്തം ഭര്‍ത്താവിനെ വീട്ടില്‍നിന്നും തല്ലിയിറക്കി മകളുമൊത്ത് ജീവിക്കുന്ന രാക്ഷസിയായ സ്ത്രീ. ഇപ്പോള്‍ മകള്‍ക്ക് വയസ്സ് 50. കാണാന്‍ സുന്ദരിയായ മകള്‍ക്ക് വന്ന കല്യാണാലോചനകളെല്ലാം ഈ അമ്മ മുടക്കി. ഇപ്പോള്‍ സമപ്രായക്കാരനായ, സാമ്പത്തികശേഷിയുള്ള തറവാടിയായ ഒരാള്‍ കല്യാണമാലോചിച്ച് വന്നപ്പോഴും അമ്മയുടെ വായ്ത്താരി “അപ്പോള്‍ എനിക്ക് ആര് ആഹാരം ഉണ്ടാക്കിത്തരും? അവളില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ” എന്നായിരുന്നു. മകളുടെ സല്‍സ്വഭാവവും നിരാശ്രയത്വവും മനസിലാക്കി അയല്ക്കാരന് കൊണ്ടുവന്ന ആലോചന അമ്മ നിരാകരിച്ചപ്പോള്‍ വരനാകാന്‍ തയ്യാറായി വന്നയാള്‍ അവളോട് തന്റെ ഒപ്പം ഇറങ്ങിവരാന്‍ പറഞ്ഞു. അപ്പോഴും മാതൃദേവോ ഭവഃ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന മകള്‍ വിസമ്മതിച്ച് പറഞ്ഞത് “ഞാന്‍ ഇങ്ങനെ മരിക്കട്ടെ. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. പക്ഷെ അമ്മയെ ധിക്കരിക്കാന്‍ വയ്യ” എന്നാണ്. എന്റെ പരിചയത്തിലുള്ള ഇ ആള് ഇതിന് എന്ത് പരിഹാരം എന്ന് എന്നോട് ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരമില്ല.
പണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നഴ്സായി ജോലിക്ക് പോകുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത കുടുംബങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊന്ന് അനുഭവത്തില്‍ ഇതാദ്യമാണ്. പക്ഷെ ഇത് ഒറ്റപ്പെട്ടതല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് മറ്റൊരു അമ്മയെ കണ്ടപ്പോഴായിരുന്നു. മൂന്ന് പെണ്മക്കളുള്ള ഈ അമ്മയുടെ രണ്ട് പെണ്മക്കളും ഒളിച്ചോടി വിവാഹിതരായി. മൂത്ത മകള്‍ക്ക് കല്യാണം ആലോചിക്കുന്നതിന് പോലും ഈ ഒളിച്ചോട്ടങ്ങള്‍ ബാധകമായി. പക്ഷെ ഒടുവില്‍ അവളെ വിവാഹം ചെയ്യാന്‍ സ്ത്രീധനമോ സ്വര്‍ണമോ ആവശ്യപ്പെടാതെ ഒരാള്‍ തയ്യാറായപ്പോഴും അമ്മ അത് തടസപ്പെടുത്തുകയായിരുന്നു. തന്റേടിയായ ഭാര്യയുടെ മുന്നില്‍ അച്ഛന് മൗനിയായി.
മാതൃത്വം എന്നത് സങ്കല്‍പ്പം മാത്രമാണോ എന്ന് ഞാന്‍ ചോദിച്ചുപോകുന്നത് ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ്. പണത്തിനുവേണ്ടി എട്ടാം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങി പഠിച്ചിരുന്ന സ്വന്തം മകളെ വേശ്യാവൃത്തിക്ക് വിട്ട് പണം സമ്പാദിച്ച അമ്മയെപ്പറ്റി കേട്ടിരുന്നു. പണം കായ്ക്കുന്ന മരങ്ങളായി പെണ്മക്കളെ മാറ്റുന്നതുപോലെ തന്നെയോ അതിനേക്കാള്‍ ക്രൂരമോ ആണ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് വിവേചനശേഷി പോലും നശിപ്പിച്ച്, ചലിക്കുന്ന യന്ത്രങ്ങളായി മക്കളെ മാറ്റുന്ന അമ്മമാര്‍ ചെയ്യുന്നത്.
ഇന്നലെയും പത്രത്തില്‍ വന്ന വാര്‍ത്ത അമ്മമാരുടെ പീഡനമേറ്റ പിഞ്ചുകുട്ടികളെപ്പറ്റിയായിരുന്നു. ഒരു വയസ്സും നാല് വയസ്സും ഏഴു വയസ്സുമുള്ള കുട്ടികളെ കാലിന്റെ വെള്ളയില്‍ കമ്പി പഴുപ്പിച്ച് പൊള്ളിച്ച് കൈകളിലും കാലുകളിലും പൊള്ളിച്ചും ബാലഭിക്ഷാടനത്തിന് വിടാന്‍ ശ്രമിക്കുന്ന മദ്യപരായ രണ്ട് അമ്മമാരില്‍നിന്നും കുട്ടികളെ രക്ഷിച്ചത് തെരുവോര പ്രവര്‍ത്തകരായിരുന്നു. ബാലഭിക്ഷാടനത്തിന് കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കള്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടെന്നും അങ്ങനെ വാങ്ങുന്ന കുട്ടികളാണ് കേരളത്തില്‍ ഭിക്ഷാടനത്തിനെത്തുന്നതെന്നും ഞാനും എഴുതിയിട്ടുണ്ട്. ജനസേവാ ശിശുഭവനില്‍ കണ്ട വേല്‍മുരുകന്റെ ഉദരഭാഗം മുഴുവന്‍ പൊള്ളിച്ച് കിടത്തിയാണ് ഭിക്ഷ യാചിപ്പിച്ചിരുന്നത്.
ബാലപീഡനത്തിനെതിരെയും ഗാള്ഹികപീഡനത്തിനെതിരെയും എല്ലാം നിയമങ്ങളുണ്ട്. പക്ഷെ അമ്മമാരുടെ പീഡനം തടയാന്‍ നിയമമില്ല. നിയമങ്ങളുണ്ടെങ്കിലും അവ വ്യാഖ്യാനിക്കുന്നത് എതിര്‍കക്ഷിക്ക് എങ്ങനെ അനുകൂലമാക്കി മാറ്റാം എന്ന് തെളിയിച്ച അഡ്വക്കേറ്റ് ജനറല്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഒടുവില്‍ കേരള മുഖ്യമന്ത്രിപോലും ആ നിലപാടിനെ ന്യായീകരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: