ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലില്‍ കാലതാമസം ഉണ്ടാകില്ലെന്ന് പാര്‍ലമെന്ററി സ്റ്റാന്റിംങ്ങ് കമ്മറ്റി അദ്ധ്യക്ഷന്‍ അഭിഷേക് മനു സിംഗ്വി. വെള്ളിയാഴ്ച ലോക്പാല്‍ ബില്‍ സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിംഗ്വി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കകം അഴിമതിയ്ക്കെതിരായുള്ള ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിക്കും. സിംഗ്വി അദ്ധ്യക്ഷനായ 30 അംഗസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് ഏത് ദിവസം സമര്‍പ്പിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്കാന് സിംഗ്വി തയ്യാറായില്ല. റിപ്പോര്‍ട്ട് തര്‍ജമ ചെയ്യല്‍, പ്രിന്റിംഗ്, ബൈന്‍ഡിംഗ് തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് കാലതാമസം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ താമസം നേരിട്ടാല്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അണ്ണ ഹസാരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 22 ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തിനുമുമ്പ് ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ 27 മുതല്‍ ജനുവരി അഞ്ച്വരെ പ്രക്ഷോഭം നീട്ടുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി. സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്ശകളിന്മേലുള്ള അതൃപ്തി ഹസാരെയും സംഘാംഗങ്ങളും നേരത്തെ പ്രകടമാക്കിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സിംഗ്വി പറഞ്ഞു. ലോക്പാലിന്റെ അധികാരപരിധി, ഉന്നതാധികാരികള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള ചുമതല ആര്‍ക്ക് ഇതൊക്കെയാണ് കമ്മറ്റിയുടെ ശുപാര്‍ശകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: