ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഗൂഗ്ള്‍, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചില വിഭാഗങ്ങളെ അപമാനിക്കും വിധം പോസ്റ്റുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
നിയന്ത്രണത്തിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കള്‍ക്കും മതങ്ങള്‍ക്കും എതിരെയുള്ള അപകീര്‍ത്തികരമായ ഉള്ളടക്കം പിന്‍വലിക്കണമെന്ന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ഗൂഗിള്‍, യൂ ട്യൂബ്, യാഹൂ എന്നീ കമ്പനികളോടാണ് വാര്‍ത്താവിനിമയവകുപ്പ് മന്ത്രി കപില്‍ സിബല്‍ ഈ ആവശ്യമുന്നയിച്ചത്. രാജ്യത്തിന് അഭിമതമല്ലാത്ത പോസ്റ്റുകള്‍ തടയുകയാണു ലക്ഷ്യം.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെയും സോണിയാഗാന്ധിയുടെയും വികൃതചിത്രങ്ങള്‍ സിബല്‍ ഇന്റര്‍നെറ്റ് കമ്പനി മേധാവികളെ കാണിച്ചു. ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കമ്പനി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്ത്യയില്‍ 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും 28 മില്യണ്‍ ഫേസ് ബുക്ക് അക്കൗണ്ടുകളുമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: