മൂവാറ്റുപുഴ: സംസ്ഥാന സ്പോര്‍ട്സ്, വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ മൂവാറ്റുപുഴ സന്ദര്‍ശനം പ്രതീക്ഷകളും, ഉണര്‍വ്വും നല്‍കുന്നതായിരുന്നു. പകുതിയില്‍ ഉപേക്ഷിക്കപ്പെട്ട മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം, പരാധീനതകള്‍ താണ്ടുന്ന സര്‍ക്കാര്‍ മോഡല്‍ സ്കൂള്‍ എന്നിവടങ്ങളിലും മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുവാന്‍ ഉതകുന്ന പുതിയ പദ്ധതിയായ മള്‍ട്ടിപ്ലക്സ് തീയേറ്ററിനുള്ള സ്ഥലം കാണല്‍ എന്നിവ ഒന്നരമണിക്കൂറിനുള്ളില്‍ തീര്‍ത്ത സന്ദര്‍ശനത്തില്‍ മന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി ഭരിക്കുന്ന കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ മന്ത്രിയെ സ്വീകരിക്കുവാന്‍ ഉത്സാഹം കാണിച്ചതും വികസന കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായി.
പകുതി പണിയില്‍ ഉപേക്ഷിക്കപ്പെട്ട മൂവാറ്റുപുഴ സ്റ്റേഡിയം ഗ്രൗണ്ടിന് ശാപമോക്ഷം ഏകുവാന്‍ എത്തിയ സ്പോര്‍ട്സ് മന്ത്രി സ്പോര്‍ട്സ് വകുപ്പിന്റെ ഒരു കോടി രൂപ നല്കുവാനും, ബാക്കി തുകയായ മൂന്ന് കോടി നഗരവികസന മന്ത്രി കുഞ്ഞാലികുട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പറഞ്ഞു. ഒരു സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സ്റ്റേഡിയം ഇവിടെ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 2011-12 വര്‍ഷത്തില്‍ സപ്ലിമെന്ററി ഡിമാന്റ്സ് ഫോര്‍ ഗ്രാന്‍ഡ്സില്‍ ഉള്‍പ്പെടുത്തി 1കോടിരൂപയും ബഡ്ജറ്റില്‍ 2കോടിരൂപയും ഉള്‍പ്പെടുത്തിയതിന് പ്രകാരം കോണ്ട്രാക്ടര് മൂന്നരകോടിയുടെ പണികള്‍ തീര്‍ത്തിരുന്നു. എന്നാല്‍ പണം യഥാസമയം ലഭിക്കാതെ വന്നതോടെയാണ് സ്റ്റേഡിയം പണി പാതി വഴിയില്‍ നിലച്ചത്. മന്ത്രിയുടെ വരവോടെ പ്രതിസന്ധികള്‍ നീങ്ങുമെന്നും സ്റ്റേഡിയം പണി പുനരാരംഭിക്കുവാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് മൂവാറ്റുപുഴ നഗരസഭ.
കെ എസ് ആര് ടി സിക്ക് എതിര്‍വശം ആധുനിക ശ്മശാനത്തിന് സമീപമുള്ള മുനിസിപ്പാലിറ്റി 60സെന്റ് സ്ഥലത്താണ് ചലച്ചിത്രവികസന കോര്പ്പറേഷന് 5കോടിരൂപ ചിലവഴിച്ച് മൂവാറ്റുപുഴയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന മള്‍ട്ടി ഫ്ലെക്സ് തീയേറ്റര്‍ പണിയുവാനുള്ള വാഗ്ദാനം ചലച്ചിത്ര മന്ത്രികൂടിയായ ഗണേഷ്കുമാര് നഗരസഭയ്ക്ക് മുന്നില്‍ വച്ചത്. കുടുംബങ്ങള്‍ക്ക് വന്ന് സിനിമ കാണുവാനും, ഷോപ്പിംങ്ങും കളികളും ഉള്‍പ്പടെയുള്ള സംവിധാനങ്ങളും അടങ്ങിയ ഏറ്റവും ആധുനിക സംവിധാനങ്ങളോടെയുള്ള നാല് മള്‍ട്ടിപ്ലസ് തീയേറ്ററുകള്‍ സംസ്ഥാനത്ത് പണിയുവാന്‍ ഉദ്ദേശിക്കുന്നതില്‍ ഒന്നാണ് മൂവാറ്റുപുഴയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തിനകം ടിക്കറ്റിംങ്ങ് മെഷീനുകള്‍ തീയേറ്ററുകളില്‍ സ്ഥാനം പിടിക്കുമെന്നും മൊബെയില്‍ എസ് എം എസ് വഴി തീയേറ്ററുകളിലെ സീറ്റിംങ്ങ് പൊസിഷന്‍ മനസ്സിലാക്കുന്ന സിസ്റ്റം വരുമെന്നും മന്ത്രി പറഞ്ഞു.
പരാധീനതകളുടെ പടുകുഴിയിലായ സര്‍ക്കാര്‍ മോഡല്‍ സ്കൂളിന് ഇത്തിരി ശ്വാസം നല്‍കുന്നതായിരുന്നു സ്പോര്‍ട്സ് വനം മന്ത്രി ഗണേഷ്കുമാറിന്റെ സന്ദര്‍ശനം. ഏഴര ഏക്കര്‍ സ്ഥലത്ത് പടര്‍ന്ന് കിടക്കുന്ന സ്റ്റേഡിയം അടക്കമുള്ള ഈ സ്കൂളിനെ സ്പോര്‍ട്സ് സ്കൂള്‍ ആക്കുവാനും അവിടെ ഹോസ്റ്റല്‍ സൗകര്യവും മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം പണിയുവാനും സര്‍ക്കാര്‍ തലത്തില്‍ ചെയ്യുവാന്‍ ശ്രമിക്കുമെന്ന ഉറപ്പും മന്ത്രി നല്കി.
മുഹറം അവധിയില്‍ സ്കൂളില്‍ എന്‍ എസ് എസ് വോളണ്ടിയേഴ്സ് മാത്രമായിരുന്നു മന്ത്രിയുടെ സന്ദര്‍ശന സമയത്തുണ്ടായിരുന്നത്. ഏതായാലും സിനിമാ നടനായ മന്ത്രി വന്നതോടെ കുട്ടികള്‍ ഉഷാറായി, ചുറ്റും നിന്ന് പടം എടുക്കാന്‍ ഉത്സാഹം, അത് കഴിഞ്ഞപ്പോള്‍ നഗരസഭയിലെ സ്ത്രീ കൗണ്‍സിലര്‍മാരുടെ ഊഴം, പിന്നെ മൂവാറ്റുപുഴയിലെ നേതാക്കള്‍ എല്ലാം…മന്ത്രിമാരുടെ സന്ദര്‍ശനം മൂവാറ്റുപുഴയില്‍ ഏറെ നടന്നെങ്കിലും ഗണേഷ്കുമാറിന്റെ സന്ദര്‍ശനം വേറിട്ട അനുഭവമായി. സമയക്ലിപ്തത പാലിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ച്, തുറന്ന ചര്‍ച്ചകള്‍ നടത്തി ഇനി മൂവാറ്റുപുഴ ഉറ്റുനോക്കുകയാണ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ എന്ന് അറിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: