ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി സ്ഥിരീകരിച്ചു. തീരുമാനം കേന്ദ്രം മരവിപ്പിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എഫ്.ഡി.ഐ അനുവദിക്കുന്നതിനെ ആദ്യം മുതല്ക്കേ തന്നെ മമതാ ബാനര്‍ജി എതിര്‍ത്തിരുന്നു. എഫ്.ഡി.ഐ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന മമതയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, കേന്ദ്ര സര്‍ക്കാരാണ് തീരുമാനം പ്രഖ്യാപിക്കേണ്ടതെന്ന് ബി.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പ്രണബ് മുഖര്‍ജി പ്രസ്താവന നടത്തിയത്.
എഫ്.ഡി.ഐ അനുവദിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളിച്ച നവംബര്‍ 22 മുതല്‍ ഒമ്പതു ദിവസം തുടര്‍ച്ചയായി തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ പ്രണബ് മുഖര്‍ജി, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമെ എഫ്.ഡി.ഐ തീരുമാനവുമായി മുന്നോട്ട് പോകുകയുള്ളൂവെന്ന് ഉറപ്പു നല്കി.
ബുധനാഴ്ച പാര്‍ലമെന്റ് വീണ്ടും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: