തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതി മുമ്പാകെ കേരളത്തിനെതിരെ വിവാദ നിലപാടെടുത്ത അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വിധി ഇന്നറിയാം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ എജിയെ തുടരാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാകും. ഇന്ന് രാത്രി പത്ത് മണിക്കാണ് മന്ത്രിസഭാ യോഗം. ഈ യോഗത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായി ഹൈക്കോടതിയിലെ നിലപാട് സംബന്ധിച്ചു വിശദീകരണം നല്‍കും.
ഹൈക്കോടതിയില്‍ നല്കിയ വിവാദ സത്യവാങ്മൂലത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ തന്നോട് മാത്രം കാര്യങ്ങള്‍ വിശദീകരിച്ചാല്‍ പോരാ മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദണ്ഡപാണിയോട് ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറല്‍ ഇന്ന് നല്കുന്ന വിശദീകരണത്തിന് ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുക.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്നാണ് എജി ഹൈക്കോടതിയില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിനേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ക്കുന്നത്. അതേസമയം മന്ത്രിമാരായ കെ.എം.മാണിയും പി.ജെ.ജോസഫും ഇന്ന് ഉപവാസ സമരം നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മാണി ചപ്പാത്തിലും ജോസഫ് ദല്‍ഹിയിലും ഉപവാസ സമരം നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
മന്ത്രിമാര്‍ പ്രത്യക്ഷ സമരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെ സമരം എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം കേരള കോണ്‍ഗ്രസ് ചെയര്മാന് എന്ന നിലയിലാണ് ഉപവാസ സമരം നടത്തുന്നതെന്ന് മാണി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളാകട്ടെ എ ജിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന നിലപാടിലാണ്.
ഇന്നലെ രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ എജിയെ കാണാന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി ഒടുവില്‍ തനിക്കു മാത്രമായി വിശദീകരണം വേണ്ടെന്നും മന്ത്രിസഭയില്‍ പറഞ്ഞാല്‍ മതിയെന്നും പറയുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിനൊപ്പം അഡീഷണല്‍ എജിമാരായ എ.എ.ജലീലും പി.സി.ഐപ്പും ഉണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായ നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ച എ.ജിക്കെതിരായി വന്‍ ജനരോഷമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച എജിയെ മുഖ്യമന്ത്രി അവഗണിച്ചത്. എജിയെ ആദ്യം ന്യായീകരിച്ചു സംസാരിച്ച സംസ്ഥാനമന്ത്രിമാര്‍ പിന്നീട് ജനരോഷം ഭയന്ന് നിലപാടു മാറ്റിയിരുന്നു. ഇതോടെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ ശ്രമിച്ചത്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പറഞ്ഞ എജിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഈ സര്‍ക്കാറിന് ഉറച്ച നിലപാടാണ് ഉള്ളത്. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏക അഭിപ്രായമാണ് ഉള്ളത്. കേരള സര്‍ക്കാറിനെ ബലിയര്‍പ്പിച്ചുകൊണ്ടുള്ള ഒരു നിലപാടും യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. കേരള ജനതക്ക് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒറ്റ വികാരമേയുള്ളൂ. പൊതുവായ പ്രശ്നമായതിനാല്‍ കൂട്ടായ തീരുമാനമേ ഉണ്ടാവുകയുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം പൊളിറ്റ് ബ്യൂറോയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നേതാക്കള്‍ വ്യത്യസ്ത നിലപാടെടുത്തത് യുഡിഎഫ് പ്രശ്നമാക്കാത്തത് പൊതുവായ പ്രശ്നമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: