ഇന്ത്യന്‍സിനിമയുടെ നിത്യഹരിതനായകനാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ വിടവാങ്ങിയത്. ബോളിവുഡിന്റെ നഗരയുവാവിന്റെ ആദ്യരൂപമായിരുന്ന ദേവ് ആനന്ദ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആധാരമാക്കിയ ദേവാനന്ദിന്റെ ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ പോലും പ്രശംസ നേടിയെടുത്തു. വിഷാദനായകന്മാര് ബോളിവുഡിന്റെ അരങ്ങുവാണിരുന്ന കാലത്താണ് കണ്ണില്‍ പ്രണയവും ചുണ്ടില്‍ ചിരിയും വിടര്‍ത്തി ദേവ് ആനന്ദ് എന്ന അതുല്യപ്രതിഭ അഭ്രപാളിയിലെത്തുന്നത്. ദേവാനന്ദിന്റെ പ്രണയാതുരമായ നോട്ടം നായികമാരെ മാത്രമല്ല, ബോളിവുഡ് സിനിമാപ്രേമികളെയും വശീകരിക്കുകയായിരുന്നു. 1923 സപ്തംബര്‍ 26ന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഗുരുദാസ്പൂരിലായിരുന്നു ധരം ദേവ് ആനന്ദ് എന്ന ദേവാനന്ദിന്റെ ജനനം. ലാഹോറിലെ സര്‍ക്കാര്‍ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി പുറത്തിറങ്ങിയ ദേവാനന്ദ് നാല്‍പ്പതുകളുടെ തുടക്കത്തില്‍ മുംബൈയിലെത്തി. മുംബൈയിലെ ഒരു സൈനിക സെന്‍സര്‍ ഓഫീസില്‍ ജോലി ലഭിച്ചു. അധികം വൈകാതെതന്നെ 1946ല്‍ പുറത്തിറങ്ങിയ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് ബോളിവുഡിലെ സമാനതകളില്ലാത്ത താരമായി വളരുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനരംഗത്തും സിനിമാ നിര്‍മ്മാണരംഗത്തും സജീവമായിരുന്നു. 19 സിനിമകള്‍ സംവിധാനംചെയ്ത അദ്ദേഹം 31 സിനിമകള്‍ നിര്‍മിച്ചു.
നാല്‍പ്പതുകളുടെ അവസാനത്തില്‍ അക്കാലത്തെ സൂപ്പര്‍ഹിറ്റ് നടിയായ സുരയ്യയോടൊപ്പം അഭിനയിക്കാന്‍ ദേവിന് അവസരങ്ങള്‍ വന്നു. സിനിമയില്‍ കഴിവുതെളിയിച്ച സുരയ്യയെ പോലൊരു നടിയോടൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ദേവ് പാഴാക്കിയില്ല. ഇരുവരും നായികാ നായകന്മാരായി ശോഭിച്ചു. ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസില്‍ വന്‍വിജയങ്ങളായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ദേവ് ആനന്ദിന് കൈനിറയെ ചിത്രങ്ങളായിരുന്നു. സുരയ്യക്കും കല്പനക്കും പുറമെ വഹീദ റഹ്മാന്, നുതന്‍ എന്നിവര്‍ക്കൊപ്പവും ദേവ് നായകനായെത്തി. അമ്പതുകളുടെ തുടക്കം മുതല്‍ അറുപതുകളുടെ പകുതിയോളം ദിലീപ് കുമാര്‍, രാജ്കപൂര്‍, ദേവ് ആനന്ദ് ത്രിമൂര്‍ത്തികള്‍ ബോളിവുഡിലെ രാജാക്കന്മാരായി തിളങ്ങി. അറുപതുകളില്‍ മന്‍സില്‍, തേര ഗര്‍ കെ സാംനെ, കിനാരെ കിനാരെ, മായ, ജബ് പ്യാര് കിസിസേ ഹോതാ ഹെ മഹല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദേവ് റൊമാന്റിക് നായകനായി മാറിയത്. ആര്.കെ നാരായണന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത ഗൈഡ് എന്ന ചിത്രം ദേവ് ആനന്ദിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നാണ്. ദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പ്രേംപൂജാരി. ചിത്രം വിജയിച്ചില്ല. 1971ല്‍ ദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹരേ രാമ ഹരേ കൃഷ്ണ വന്‍ വിജയമായിരുന്നു. ചിത്രത്തിലൂടെ ഹിപ്പി കള്‍ച്ചര്‍ തരംഗമായി.
ഹേമമാലിനി, സീനത്ത് അമന്, ഷര്‍മിള ടാഗോര്‍ തുടങ്ങിയ നായികമാര്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ ദേവിന്റെ നിത്യഹരിത നായക സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ സിനിമയിലെ അമ്പതിലേറെ നായികമാര്‍ ദേവിനൊപ്പം അഭിനയിച്ചിട്ടുണ്ട്.1980കള്‍ വരെ ദേവ് നായകസ്ഥാനത്ത് തിളങ്ങി നിന്നു. അറുപതാം വയസ്സിലും പ്രായത്തെ വെല്ലുന്ന ചെറുപ്പവുമായി ദേവ് വെള്ളിത്തിരയിലുണ്ടായിരുന്നു. അഭിനയത്തിന് പുറമെ ബഹുമുഖ പ്രതിഭയായിരുന്ന ദേവ് പത്തൊമ്പത് സിനിമകള്‍ സംവിധാനം ചെയ്യുകയും മുപ്പത്തിയൊന്ന് ചിത്രങ്ങള്‍ നിര്‍മിക്കുകയും പതിമൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തു. ദേവാനന്ദിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. സംഗീത സംവിധായകരായ ശങ്കര്‍ജയ്കിഷന്‍, ഒ.പി. നയ്യാര്‍, കല്യാണ്‍ജിആനന്ദ്ജി, സചിന് ദേവ് ബര്മന്, രാഹുല്‍ ദേവ് ബര്മന് എന്നിവരുടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അഭിനയിക്കാനുള്ള ഭാഗ്യവും ദേവാനന്ദിന് ലഭിച്ചു. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍ എന്നിവരുടെ ശബ്ദസൗകുമാര്യം ദേവാനന്ദിന്റെ മികച്ച അഭിനയത്തിലൂടെ പുറത്തുവന്നപ്പോള്‍ ആരാധകര്‍ക്ക് പാട്ടുകളുടെ പാലാഴി തന്നെ ലഭിക്കുകയായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതത്തില്‍ 100ലധികം ചിത്രങ്ങളില്‍ ദേവ് വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാന്‍സിംഗ് വിത്ത് ലൈഫ് 2007 ല്‍ പുറത്തിറങ്ങി.
ദേവാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച് നായകനായി 2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ്രെപെം മിനിസ്റ്ററാണ് അവസാന ചിത്രം. രണ്ടു വര്‍ഷമായി ചാര്‍ജ്ജ് ഷീറ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമായ ദേവാനന്ദ് അടിയന്തരാവസ്ഥയ്ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. 1977 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ അദ്ദേഹം നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയും പിന്നീട് ഇത് പിരിച്ചുവിടുകയും ചെയ്തു. 1958ലും 1966ലും ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹനായി. 2001ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ഈ അഭിനയപ്രതിഭയെ ആദരിച്ചു. 2002ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരവും ലഭിച്ചു. നല്ല സിനിമകളുടെ വക്താവായിരുന്ന ദേവാനന്ദ് ഇന്ത്യന്‍ സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് . പ്രശസ്തിയുടെ ഉന്നതിയിലായിരുന്നപ്പോഴും വളരെ നല്ലൊരു മനുഷ്യന് കൂടിയായിരുന്നു അദ്ദേഹം. നായകന്മാരുടെ പറുദീസയാണ് ബോളിവുഡ്. എണ്ണാന്‍ തുടങ്ങിയാല്‍ അനന്തമായി നീളുന്ന ആ നിരയില്‍ പക്ഷേ ദേവാനന്ദിന്റെ സ്ഥാനം അതുല്യമാണ്. ദേവാനന്ദ് എന്ന നിത്യഹരിത നായകന് വിടപറഞ്ഞെങ്കിലും അദ്ദേഹം നല്കിയ ഒരിക്കലും മരണമില്ലാത്ത കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ എക്കാലവും തലയുയര്‍ത്തി നില്ക്കും. അദ്ദേഹം ഒഴിച്ചിട്ടുപോയ സിംഹാസനം ഇനിയുള്ള കാലം ശൂന്യമായിക്കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: