പള്ളുരുത്തി: 10,11,12 തീയതികളില്‍ പള്ളുരുത്തി അര്ജ്ജുനന് മാസ്റ്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന സിപിഎം പള്ളുരുത്തി ഏരിയാസമ്മേളനം കൊഴുപ്പിക്കാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്ത് ചെയ്തുള്ള പ്രചരണ പരിപാടികള്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമാകുന്നു. പള്ളുരുത്തി ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രചരണ പരിപാടികളാണ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. പ്രചരണപരിപാടികള്‍ നിയന്ത്രിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ചതായും അറിയുന്നു.
ആയിരക്കണക്കിന് വരുന്ന ഫ്ലക്സ് ബോര്‍ഡുകളും, കമാനങ്ങളും കയ്യെഴുത്തു ബാനറുകളും, ചുവരെഴുത്തും, പതിനായിരക്കണക്കിന് വര്‍ണ പോസ്റ്ററുകളും നിരത്ത് നിറയുമ്പോള്‍ പാവപ്പെട്ടതൊഴിലാളിവര്ഗ പാര്‍ട്ടിയുടെ ധാരാളിത്തം കണ്ട് പൊതുജനം അന്തംവിടുന്ന കാഴ്ചയാണ് പള്ളുരുത്തിയില്‍ പരക്കെകാണുന്നത്. സമ്മേളനം നടക്കുന്ന അര്ജ്ജുനന് മാസ്റ്റര്‍ ഗ്രൗണ്ടില്‍ കൂറ്റന്‍ പന്തലും ഒരുങ്ങിക്കഴിഞ്ഞു. ഗ്രൗണ്ടിനു മുന്നിലായി വാരിക്കുന്തവുമായി നില്ക്കുന്ന സമര ഭടന്റ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചതും ലക്ഷങ്ങള്‍ ഒഴുക്കിയാണെന്നും ആരോപണമുണ്ട്. വി.എസ്.ഗ്രൂപ്പിന്റെ സര്‍വാധിപത്യമുള്ള ഏരിയയാണ് പള്ളുരുത്തി. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി സെക്രട്ടറി പദം അലങ്കരിച്ചയാള്തന്നെ ഇത്തവണയും സെക്രട്ടറിയാകുമെന്നാണ് പൊതുവിലുള്ള സംസാരം. ജില്ലയിലൊരിടത്തും ഇത്രയും ആര്‍ഭാടം നിറഞ്ഞ സമ്മേളനപ്രചരണം നടന്നിട്ടില്ലായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം പറയുന്നുണ്ട്. ലക്ഷങ്ങള്‍ തെരുവില്‍ തുലച്ച് നടക്കുന്ന സമ്മേളനത്തിനെതിരെ സ്വാഗതസംഘം രൂപീകരണവേളയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതഉണ്ടായതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: