കൊച്ചി: ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്ന സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ 10ന് ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍വ്വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും യാത്രാ സുരക്ഷ ഉറപ്പു വരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി പ്രകാരം ജില്ലയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) എന്ന പേരില്‍ പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രമേ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകൂ.
തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍, റോഡ് സുരക്ഷ, പ്രാഥമിക ചികിത്സ നല്കല്, തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ക്ലാസ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍, ഓട്ടോറിക്ഷ, കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നിവരെ പരിശീലനത്തില്‍ ഉള്‍പെടുത്തും. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് രണ്ടാം ഘട്ടം മുതല്‍ പരിശീലനം ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പരിശീലന ശേഷം ലഭിക്കുന്ന ബിഎല്‍എസ് കാര്‍ഡിനു പുറമെ ജില്ലാ ട്രാഫിക്ക് കൗണ്‍സില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കാഴ്ച പരിശോധനയടക്കമുള്ള പ്രാഥമിക ചികിത്സയും ലഭ്യമാക്കും. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, എന്‍ആര്‍എച്ച്എം, വിദ്യാഭ്യാസ വകുപ്പ്, ഐഎംഎ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എറണാകുളം, മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികളുമായി വരുന്ന ഓട്ടോ, ടാക്സി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവര്‍ 17ന് നടക്കുന്ന ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു. രാവിലെ 9 മണിക്കു തന്നെ ജനറല്‍ ആശുപത്രി ഹാളില്‍ രജിസ്ട്രേഷന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള പ്രത്യേക കമ്മറ്റി രൂപീകരിച്ചാണ് പരിശീലന പദ്ധതിയുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം കുട്ടികളില്‍ അവബോധം വളര്‍ത്തി ഭാവിതലമുറയുടെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ പദ്ധതി സഹായകമാകുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: