റായ്പൂര്‍: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഛത്തീസ്ഗഢില്‍ ഹര്‍ത്താല്‍ നടത്തി. വാഹനങ്ങള്‍ ഓടിയില്ല. ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ബസ്തറിലും വനമേഖലകളായ റായ്പൂര്‍, മഹാസമുണ്ട്, രാജനന്ദഗോണ് ജില്ലകളിലും പോലീസിെന്റ കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ അക്രമം ഉണ്ടാകുമെന്ന് ഭയക്കുന്നതായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
മാവോ ഭീകരര്‍ അവരുടെ നേതാവ് മലോഞ്ജുള കോടേശ്വരറാവു അഥവാ കിഷന്‍ജി പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തത്.
ഈ ബന്ദില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാക്കാന്‍ മാവോ ഭീകരര്‍ പദ്ധതിയിടുമെന്നതിനാല് അക്രമം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബസ്തര്‍ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ഡിജിപി രാംനിവാസ് അറിയിച്ചു.
ദത്തേവാഡ റെയില്‍പ്പാളങ്ങളിലൂടെയുള്ള പട്രോളിംഗും ശക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ദന്തേവാഡയില്‍നിന്ന് വിശാഖപട്ടണത്തേക്ക് ഇരുമ്പയിര് എത്തിക്കുന്നതു തടയാന്‍ മാവോ ഭീകരര്‍ ശ്രമിക്കുമെന്ന് സംശയമുള്ളതിനാലാണിത്. മുന്‍കരുതലെന്ന നിലയില്‍ ദന്തേവാഡ ജില്ലയിലെ സെയിലാസിലാ സെക്ടറിലെ ചരക്ക് തീവണ്ടികള്‍ ഈസ്റ്റ്കോസ്റ്റ് റെയില്‍വേ നിര്‍ത്തലാക്കിയിട്ടുണ്ട്.
ഇതിനിടെ, ജാര്‍ഖണ്ഡില്‍ രണ്ട് ജില്ലകളില്‍ മാവോ ഭീകരര്‍ റെയില്‍പാളങ്ങള്‍ തകര്‍ത്തു. ഗോര്ണിയക്കും ഡുമറി റെയില്വേസ്റ്റേഷനുമിടക്കുള്ള പാളമാണ് തകര്‍ത്തത്. മറ്റൊരു സംഘം പ്രക്ഷോഭകര്‍ ഹേഹേഗ്രക്കും ചിപ്പഡോഹര് റെയില്വേസ്റ്റേഷനുമിടക്കും അവര്‍ പാളങ്ങള്‍ തകര്‍ക്കുകയുണ്ടായി.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചശേഷം അതുവഴി കടന്നുപോയ സ്വതന്ത്ര ഛാത്ര പാര്‍ലമെന്റംഗവും മുന്‍ അസംബ്ലി സ്പീക്കറുമായിരുന്ന ഇന്ദര്‍സിംഗ് നാംധരി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ ലറ്റേഗറിനു പോയ നാംധരി കഷ്ടിച്ചാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്.
എംപിയുടെ കാര്‍ കടന്നുപോയശേഷമുണ്ടായ സ്ഫോടനത്തില്‍ അകമ്പടികാര് നിശ്ശേഷം തകര്‍ന്ന് അതിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരാള്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ 11 ആയത്. 8 വയസായ ഒരു കുട്ടിയും 6 പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും 3 പേര് ആശുപത്രിയിലും മരിച്ചതായി ലത്ഥര് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ പുര്‍വാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: