കൊച്ചി: ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള റോഡിന് നാളെ മുതല്‍ ടോള്‍ നല്‍കണം. ദേശീയ പാതയില്‍ ആമ്പല്ലൂരിലാണ് പുതിയ ടോള്‍ ബൂത്ത്. അരൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള 17 കിലോമീറ്റര്‍ നാല് വരിയായി വികസിപ്പിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ പുതുക്കിയ ടോള്‍ നിരക്ക് നിലവിലുള്ളപ്പോഴാണ് പുതിയ ടോള്‍ പിരിവ്.
ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള റോഡിനുള്ള ടോള്‍ നിരക്ക് നിശ്ചയിച്ച് നാഷണല്‍ ഹൈവേ അതോറിട്ടി ഉത്തരവിറക്കിയിരുന്നു. ഈ റോഡിലൂടെ സഞ്ചരിക്കുന്നതിന് കാറുകള്‍ക്ക് ഒരു ഭാഗത്തേയ്ക്ക് 55 രൂപയും ഇരു വശത്തേയ്ക്കുമുള്ള യാത്രയ്ക്ക് 85 രൂപയുമാണ് ടോള്‍ നിരക്ക്. യാത്ര അരൂര്‍ വരെ നീളുകയാണെങ്കില്‍ കുമ്പളത്തെ ടോള്‍ പ്ലാസയില്‍ 15 രൂപ ടോള്‍ നല്‍കണം. ഇരുവശത്തേയ്ക്കുമുള്ള യാത്രയാണെങ്കില്‍ 20 രൂപ.
അരുരില്‍ നിന്നും തൃശൂര്‍ വരെ കാറില്‍ പോയി മടങ്ങണമെങ്കില്‍ ഇന്ധനച്ചെലവിന് പുറമേ 105 രൂപ ടോള്‍ കൊടുക്കണം. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 95 രൂപയും ഇരുഭാഗത്തേയ്ക്കുമുള്ള യാത്രയ്ക്ക് 145 രൂപയുമാണ് ടോള്‍ നിരക്ക്. ലോറികള്‍ക്കും ബസുകള്‍ക്കും ഇത് യഥാക്രമം 195 രൂപയും 290 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: