താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ഉണ്ടാകണേ എന്ന് ജഗത് പിതാക്കളായ പാര്വതീപരമേശ്വരന്മാരോടു പ്രാര്‍ത്ഥിച്ച ഒരു കവി നമുക്കുണ്ടായിരുന്നു. കവികളില്‍ ഒന്നാമനായി നാം എണ്ണുന്ന സാക്ഷാല്‍ കാളിദാസന്‍തന്നെ. വാക്കും അര്‍ത്ഥവുമായുള്ള നിത്യസമ്പര്ക്കത്തെപ്പറ്റി ശബ്ദബ്രഹ്മത്തില്‍ നിന്നാണ് പ്രപഞ്ചം കിളിര്ത്തതെന്ന സിദ്ധാന്തപദ്ധതി തന്നെയുണ്ടെന്ന് രഘുവംശ മഹാകാവ്യത്തിന്റെ പ്രഥമശ്ലോകത്തിനര്ത്ഥം വിശദീകരിക്കുമ്പോള്‍ കുട്ടികൃഷ്ണമാരാര് അഭിപ്രായപ്പെടുന്നു. ഏതുവിധം അര്ത്ഥകല്പനയാണ് ഏറ്റവും നല്ലത് അതിന് ഏതുവിധം ശബ്ദഘടനയാണ് ഏറ്റവും നല്ലത് എന്ന തിരിച്ചറിവാണ് വാഗര്‍ഥപ്രതിപത്തി എന്നും അദ്ദേഹം പറയുന്നുണ്ട്.
ഹൈക്കോടതി ജഡ്ജിമാരെക്കുറിച്ച് സിപിഎം നേതാവ് എം.വി. ജയരാജന് നടത്തിയ പരാമര്‍ശങ്ങളിലെ വാഗര്‍ഥപ്രതിപത്തി എന്തായിരുന്നാലുംഅദ്ദേഹത്തിന് കേരള ഹൈക്കോടതി ജയില്‍ ശിക്ഷയും പിഴയും വിധിച്ചുവെന്നതാണ് സത്യം. ആലുവ റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള പൊതുസ്ഥലത്ത് പൊതുയോഗം ചേരുന്നതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി, പാതയോരങ്ങളിലെ പൊതുയോഗങ്ങളും മറ്റും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ അന്തിമ വിധിനല്‍കിയത്, ഹര്ജിക്കാരനനുകൂലമായിട്ടായിരുന്നു. അതനുസരിച്ച് സംസ്ഥാനത്തെങ്ങും പൊതുസ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തിക്കൂടാ എന്ന് ഹൈക്കോടതി വിധിച്ചു.
അതില്‍ പ്രതിഷേധിക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജയരാജന് ചെയ്ത പ്രസംഗമാണ് കോടതിയലക്ഷ്യമായിക്കണ്ട് ഹൈക്കോടതി സ്വയമേവ അലക്ഷ്യക്കേസെടുത്തത്. വിവിധ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകള്‍ കോടതി തെളിവുകളായി സ്വീകരിക്കുകയും ചെയ്തു. സിറ്റി ന്യൂസ് ചാനലില്‍ ആ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് കോടതിവിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ അവസാന ഭാഗത്ത് “എക്സിക്യൂട്ടിവ് എക്സീഡ് ചെയ്താല്‍ ജുഡീഷ്യറിയാണ് രക്ഷ. ഈ ജുഡീഷ്യറി എക്സീഡ് ചെയ്താല്‍ പിടിച്ചുകെട്ടാന്‍ ആരുണ്ട്. ജനാധിപത്യകാലത്ത് ജനങ്ങളല്ലാതെ മറ്റാരുമില്ല. നിയമം വ്യാഖ്യാനിക്കുകയാണ്. നിയമം ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച നിയമ നിര്‍മ്മാണസഭയുടെ ഉദ്ദേശ്യത്തെ വ്യാഖ്യാനിക്കുകയാണ്, അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുകളെ വ്യാഖ്യാനിക്കുകയാണ് ജഡ്ജിമാര്‍ ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ പീഠത്തിലിരുന്നുകൊണ്ട് ഏതാനും ചില ശുംഭന്മാര് പറയുന്നത് മറ്റൊന്നുമല്ല, യഥാര്‍ത്ഥത്തില്‍ പറയുന്നത് അവര്‍ തന്നെ നിയമം നിര്‍മ്മിക്കുന്നു, അവര്‍ തന്നെ ഉത്തരവുകള്‍ ഇറക്കുന്നു, ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല. അതാണവര്‍ തിരുത്തേണ്ടത്. ഇന്ന് കേരള ഹൈക്കോടതിയിലെ രണ്ടു സീനിയര്‍ ജഡ്ജിമാരുടെ വിധി പുല്ലായി കരുതിയ ദിനം കൂടിയാണ്.”
ശുംഭന്മാര് എന്ന പ്രയോഗം ജയരാജന് ആവര്‍ത്തിക്കുക മാത്രമല്ല, ആ പദത്തിന് മോശമായ അര്‍ത്ഥമല്ലെന്ന് കോടതിയില്‍ വിശദീകരിക്കാനും ശ്രമം നടത്തി. പക്ഷേ അത് കോടതി അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മുന്‍പുണ്ടായ ചില കോടതിയലക്ഷ്യക്കേസുകളുടെ കാര്യം വിധി ന്യായത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. സിപിഎം നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്് നമ്പൂതിരിപ്പാട്, മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്. കൃഷ്ണയ്യര്‍, മുന്‍ സുപ്രീംകോടതി ജഡ്ജിയും കേന്ദ്ര മന്ത്രിസഭാംഗവുമായിരുന്ന പി. ശിവശങ്കര്‍ എന്നിവര്‍ക്കെതിരെ വന്ന കേസുകളെ പരാമര്‍ശിച്ചുകൊണ്ട് ആ നിയമ ജ്യോതിസ്സുകളുടേതായി തട്ടിച്ചുനോക്കുമ്പോള്‍ ഈ കേസിലെ പ്രതി (ജയരാജന്) വെറുമൊരു കൃമി (വേം) മാത്രമാണെന്നുകൂടി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ശുംഭന്, കൃമി മുതലായ പദപ്രയോഗങ്ങളുടെ വാഗര്‍ഥ പ്രതിപത്തി ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്.
ഉന്നത സ്ഥാനത്തിരിക്കുന്നവരുടെയും സാധാരണ ജനങ്ങളുടെയും സംഭാഷണത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ എങ്ങിനെ വേണം എന്നതില്‍ നല്ല നിഷ്കര്‍ഷ ഉണ്ടാവേണ്ടതാണ്. പുരാണങ്ങളിലും, സാഹിത്യത്തിലും മറ്റും ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തില്‍ (കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തിലല്ല) മകനുമൊത്ത് ഹസ്തിനാപുരത്തില്‍ ദുഷ്യന്തന്റെ മുന്നിലെത്തിയ ശകുന്തളയെ രാജാവ് തിരസ്കരിക്കുന്നതിനെതിരെ ചെയ്യുന്ന ന്യായവാദങ്ങള്‍ നോക്കൂ.
ആത്മാവേ വഞ്ചിച്ചിടും ചോരനുള്ളോരു പാപ-
മാത്മനാനിരുപിക്കില് മറ്റൊരുവനുണ്ടോ?
…………………………………………………..
പ്രാകൃത പുരുഷനെപ്പോലെ നീ സഭയിങ്കല്‍
സ്വാകൃതി മറച്ചെന്നെസ്സന്ത്യജിച്ചീടുന്നാകില്
ഉത്തമാംഗവും നൂറുനുറുങ്ങിവീഴും നിന-
ക്കുത്തമ പുരുഷന്മാര് സത്യത്തെ ലംഘിക്കുമോ?
മുറപടിയായി ദുഷ്യന്തന് പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്.
“ധാര്‍ഷ്ട്യമെത്രയും പാരമുണ്ടുനാരികള്ക്കെന്നു
കേട്ടുകേളിയേയുള്ളൂ കണ്ടിട്ടില്ലേവം മുന്നം
കുലടയായ നീ വന്നെന്നോടു കുലീനയെ
ന്നലസാലാപം ചെയ്വതഖിലമഖമലം
…………………………………..
പാര്‍ഥിവ സഭയിങ്കല്‍ നാണം കൂടാതെ നിന്നീ
വാര്‍ത്തകള്‍ ചൊന്നതോര്‍ത്തു ഞാന്‍ പൊറുത്തീടാം
…………………………………….
കോകിലനാരിയെന്നപോലെ നീ പരഭൃതയല്ലോ
പോകുക വൈകാതെ നിന്നെക്കാണ്കയിലിച്ഛയില്ല
ഭോഗലോലുപയായ പുംശ്ചലി നീ”
എന്നൊക്കെയാണ് രാജാവ്
പിന്നീടുള്ള ശകുന്തളാവാക്യം സുപ്രസിദ്ധമാണല്ലോ.
മത്തേദന് പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ
നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും
എന്നും മറ്റുമുള്ള സത്യത്തിന്റെ പ്രാമാണികതയെക്കുറിച്ചുള്ള ശകുന്തളയുടെ വാക്കുകള്‍ കേട്ട ദേവകള്‍ പുഷ്പവര്‍ഷം ചെയ്തു. അശരീരിയുണ്ടായി. ദുഷ്യന്തന് താന്‍ പറഞ്ഞ അധിക്ഷേപങ്ങള്‍ വിഴുങ്ങി ശകുന്തളയെയും ഭരതനെയും സ്വീകരിക്കേണ്ടിവന്നു. സത്യത്തിന്റെ പേരില്‍ രാജാവിനോടും നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞു.
രാവണ സഭയില്‍ ഹാജരാക്കപ്പെട്ട ഹനുമാന്റെ വാക്കുകളും പ്രസിദ്ധമാണല്ലോ. തടവുകാരനായിട്ടാണ് ഹനുമാന് എത്തിയത്. പ്രധാനമന്ത്രി പ്രഹസ്തനാകട്ടെ “ഭയമഖില മകതളിരില്‍ നിന്ന കളകനീബ്രഹ്മസ്സഭയൊക്കുമിസ്സഭ പാര്ക്കനീ” എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ഹനുമാന് ‘സ്ഫുടവചനമതി വിശദമിതിജള പ്രഭോ പൂജ്യനാം രാമദൂതന് ഞാനറിക നീ’ എന്നാണ് രാവണനോട് പറഞ്ഞത്.
‘ശുംഭാ’ എന്ന വാക്കിന് ഏകദേശം സമം പിടിക്കാന്‍ പറ്റുന്ന വാക്കാണ് ഇളപ്രഭോ എന്നതും. രാജസദസ്സില്‍ സ്വന്തം നിലപാട് ശക്തമായി അവതരിപ്പിക്കാന്‍ ഹനുമാന് കഴിഞ്ഞു. മഹാഭാരതത്തിലെ രാജസൂയവേളയിലും ശ്രീകൃഷ്ണന് അര്‍ഘ്യം നല്കി ആദരിക്കാന്‍ തീരുമാനിച്ചതിനെ എതിര്‍ത്ത് ശിശുപാലന് പറയുന്ന വാക്കുകള്‍ ശകാരത്തിന്റെ പരമസീമയാകുന്നു.
“ഉള്ളിലറിവില്ലാതെയായൊരുനിങ്ങളീ
ക്കള്ളനായുള്ളോരു ഗോപാലനെത്തന്നെ
കാലും കഴുകിച്ചു പൂജിച്ചതോര്ക്കുമ്പോള്
ബാലന്മാരേ പഴുതായ് വന്നു യാഗവും
മാതരുമിന്നാരെന്നില്ല ഭോഗിപ്പാന്‍
മാതുലനെക്കൊന്ന പാതകവുമുണ്ട്
പെണ്കൊലയും ചെയ്തു സാധുക്കളെയൊരു
സംശയം കൂടാതെ താന്തോന്നിയായിവന്
ഇങ്ങനെ പോകുന്ന ആക്ഷേപങ്ങളില്‍ പരോക്ഷമായ സ്തുതി കൂടിയുള്പ്പെടുത്തിയാണ് കവി നമുക്ക് നല്‍കിയിരിക്കുന്നത്.
സി.വി. രാമന്‍പിള്ളയുടെ പ്രസിദ്ധമായ ആഖ്യായിക ധര്മ്മരാജായിലെ ദുഷ്ടകഥാപാത്രമോ പ്രതിനായകനോ ആണല്ലോ ചിലമ്പിനേത്തുന്ന ചന്ത്രക്കാരന്. മാര്‍ത്താണ്ഡവര്‍മ്മയുടെ കര്‍ക്കശമായ ഉന്മൂലന നടപടികളില്‍ നാമാവശേഷനായ രാമനാമഠത്തില്‍ പിള്ളയുടെ മകനായി രാജകുടുംബത്തോട് പകവീട്ടാന്‍ പുറപ്പെട്ടയാളായിരുന്നു ചന്ത്രക്കാരന്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലശേഷം രാജാവായ ധര്‍മ്മരാജാവിന്റെ സ്വകാര്യ എഴുത്തുകാരനായിരുന്ന ഉമ്മിണിപ്പിള്ളയെ തത്സ്ഥാനത്തുനിന്ന് നീക്കി കേശവപിള്ളയെ നിയമിച്ചതിനെതിരെ തന്റെ മച്ചമ്പിയായ ചന്ത്രക്കാരന്റെ അടുത്ത് പരാതി പറയുമ്പോള്‍ ചന്ത്രക്കാരന് പറയുന്ന ഒരു വാക്യമുണ്ട്. “ഇത്രയല്ല ഇതിലേറെയും വരും ധര്‍മ്മം കേറി ആറാടണതാണിതെല്ലാം….” ബാലരാമവര്‍മ്മ രാജാവിന് ധര്‍മ്മരാജാ എന്ന പേരുവന്നതിനെയാണ് ചന്ത്രക്കാരന് ഇവിടെ ആക്ഷേപിച്ചത്.
പരമോന്നത സ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിന്റെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. അതിനുപയോഗിക്കുന്ന വാക്കുകള്‍ക്കുമുണ്ട് മാതൃകകള്‍. എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മിതത്വം നോക്കാത്തതിന്റെ ഉദാഹരണങ്ങള്‍ അവയില്‍ കാണാം. എം.വി. ജയരാജന്റെ ശുംഭപ്രയോഗമാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്. അദ്ദേഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണല്ലോ. തങ്ങളോട് യോജിപ്പില്ലാത്തവരെ വിമര്‍ശിക്കാന്‍ ഏറ്റവും നികൃഷ്ടമായ വാക്കുകളുപയോഗിക്കുന്ന പാരമ്പര്യമാണവരുടേത്. ചെരിപ്പുനക്കി, മൂടുതാങ്ങി, കൊലയാളി തുടങ്ങിയ വാക്കുകള്‍ ഒരു ലോഭവുമില്ലാതെ അവര്‍ പ്രയോഗിക്കുന്നു. തങ്ങളുടെ പദപ്രയോഗങ്ങള്‍ എത്രയും രൂക്ഷവും ക്രൂരവുമാവണമെന്നവര്ക്ക് നിര്‍ബന്ധമുണ്ട്. ആശയങ്ങളെ തീവ്രമായി ഉന്നയിക്കാന്‍ കഴിയാതെവരുമ്പോഴാണ് വാക്കുകള്‍ തീക്ഷ്ണമാകുന്നത്.
വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അങ്ങേയറ്റത്തെ മാന്യതയും കുലീനതയും പുലര്‍ത്തണമെന്നാണ് സംഘം പഠിപ്പിക്കുന്നത്. അതിന് സംഘത്തിന്റെ മുതിര്‍ന്ന വ്യക്തികള്‍ മാതൃക കാട്ടുന്നുണ്ട്. സംഘപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അങ്ങേയറ്റത്തെ മാന്യത പുലര്ത്തുന്നവയാകണമെന്നവര് നിഷ്കര്‍ഷിക്കാറുണ്ട്. മൃദുവും മാന്യവുമായ വാക്കുകളിലൂടെ തീക്ഷ്ണവും ശക്തവുമായ ആശയങ്ങള്‍ പ്രകാശിപ്പിക്കണമെന്നവര് ഉപദേശിക്കുന്നു.
മാധവജിയും പരമേശ്വര്‍ജിയും ഹരിയേട്ടനും മറ്റും അക്കാര്യത്തില്‍ നിഷ്ഠപുലര്ത്തുന്നത് നമുക്കനുഭവമാണ്. വളരെക്കാലം കേരള പ്രാന്തപ്രചാരകനും വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ഭാസ്കര്‍ റാവുജി അക്കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. സംഘപ്രവര്‍ത്തകര്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര് പലയിടങ്ങളിലും ആക്രമണങ്ങളും കൊലകളും മറ്റും നടത്തിയതില്‍ രോഷം പൂണ്ട് പ്രതിഷേധയോഗങ്ങള്‍ നടക്കുമ്പോള്‍ പലരുടെയും പ്രസംഗങ്ങള്‍ അതിര്വിട്ടുപോകുന്ന പ്രവണതയുണ്ട്. മാര്‍ക്സിസ്റ്റുകളും മറ്റുകക്ഷികളും നടത്തിവന്ന മൈതാന പ്രസംഗങ്ങളും അവരെ സ്വാധീനിച്ചുവെന്ന് വ്യക്തമാണ്.
പൊതുവില്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് പ്രസംഗങ്ങളില്‍ ഇന്നതെ പറഞ്ഞുകൂടു എന്നില്ല. മറ്റു പാര്‍ട്ടിക്കാരും മോശമല്ല. ഭാസ്കര്‍ റാവുവിന്റെ ജീവചരിത്രത്തില്‍ അത്തരം ഒരു സംഭവം വിവരിക്കുന്നുണ്ട്. “മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ രൂക്ഷമാവുകയും ധാരാളം സ്വയംസേവകര്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ സംസ്ഥാനമൊട്ടുക്കും മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധവാരമാചരിച്ചു. ഇടപ്പള്ളിയിലെ യോഗത്തിലെ റിക്കോര്‍ഡ് ചെയ്ത പ്രസംഗം ഭാസ്കര്‍ റാവുവും മാധവജിയും മറ്റും കേള്‍ക്കുകയായിരുന്നു. പ്രഭാഷകന്റെ പ്രസംഗത്തില്‍ ഇഎംഎസ്സിനെ വിക്കന്‍ നമ്പൂതിരി എന്ന് പരിഹസിച്ചത് അദ്ദേഹത്തിനിഷ്ടമായില്ല. “ഇഎംഎസിന് വയസ്സെത്രയായി എന്നറിയുമോ? അദ്ദേഹത്തെ ബഹുമാനിക്കുന്ന എത്രയോ ജനങ്ങളുണ്ടെന്നറിയില്ലേ? വാക്കുകളുപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം” എന്നദ്ദേഹം പ്രഭാഷകനെ ഉപദേശിച്ചു.
എറണാകുളത്ത് ഗുരുദക്ഷിണയില്‍ അധ്യക്ഷത വഹിച്ച ജ. കെ.ടി. തോമസിന്റെ സംഘത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ച രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും ഉപയോഗിച്ച വാക്കുകള്‍ ജയരാജന് കിടിപിടിക്കുന്നവതന്നെയായിരുന്നു.
ഇടയ്ക്ക് വല്ലപ്പോഴും അപഭ്രംശങ്ങള്‍ സംഭവിച്ചാലും സംഘത്തിന്റെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അനുകരണീയമായ മിതത്വം പാലിക്കുന്നുണ്ട്. വാക്കും അര്‍ത്ഥവും അറിഞ്ഞുപയോഗിക്കാനുള്ള വിവേകം നേടേണ്ടത് അത്യാവശ്യമാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: