കൊച്ചി: ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചതായി ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. താലൂക്ക്, വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് മൊത്തം 175995 വോട്ടര്‍മാരായിരുന്നു. 87326 പുരുഷന്മാരും 88669 സ്ത്രീകളും. അതിനുശേഷം 434 പേര് കൂടി പട്ടികയില്‍ പേരു ചേര്‍ത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 176429 ആയിരുന്നു. 2012 ജനുവരി ഒന്നിനെ ആധാരമാക്കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമായി 6496 അപേക്ഷകളാണ് മണ്ഡലത്തില്‍ ലഭിച്ചത്.
പിറവം നിയോജക മണ്ഡലത്തിലെ 14 വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സൂക്ഷ്മ പരിശോധന നടന്ന പുതിയ അപേക്ഷകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരുടെയും സ്ഥിതി വിവരം പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വില്ലേജിലും ഇന്നു മുതല്‍ 10 ദിവസം ഇതു സംബന്ധിച്ച ജോലികള്‍ നടക്കും. ആവശ്യമായ ഉദ്യോഗസ്ഥരെ വിവിധ താലൂക്കുകളില്‍ നിന്നും ഏറ്റെടുത്ത് പിറവത്തേക്ക് നിയോഗിച്ചതായി കളക്ടര്‍ പറഞ്ഞു.
തിരുവാങ്കുളം, കണയന്നൂര്‍, മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കൈപ്പട്ടൂര്‍, മണീട്, പിറവം, രാമമംഗലം, മേമുറി, ഓണക്കൂര്‍, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം വില്ലേജുകളാണ് മണ്ഡലത്തിലുളളത്. 81 കേന്ദ്രങ്ങളിലായി മൊത്തം 134 പോളിംഗ് സ്റ്റേഷനുണ്ട്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ പിറവത്തും (15), കുറവ് രാമമംഗലം, ഓണക്കൂര്‍ വില്ലേജുകളിലുമാണ്-ആറു വീതം.
അപേക്ഷകരെ നോട്ടീസ് നല്കി ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ വിളിച്ച് രേഖകള്‍ പരിശോധിച്ച് നടത്തുന്ന തെളിവെടുപ്പ് നടന്നുവരികയാണ്. കണയന്നൂര്‍ താലൂക്കിലെ ചില വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പതിവുപോലെ മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കാണ്‍് പിറവം നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ ചുമതല.
പിറവം മണ്ഡലവുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍, അസി.റിട്ടേണിംഗ് ഓഫീസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ തസ്തികകളില്‍ നിലവിലുളള ഉദ്യോഗസ്ഥരെ സംബന്ധിച്ചും ബന്ധപ്പെട്ട തസ്തികകളില്‍ ഒഴിവുണ്ടോ തുടങ്ങിയ അന്വേഷണങ്ങളും ഇലക്ഷന് കമ്മീഷന് വ്യത്തങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അടങ്ങിയ മറുപടി ജില്ലാ ഇലക്ഷന് ഓഫീസ് നല്‍കിയിട്ടുണ്ട്. ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ കെ.എന്‍.രാജിയുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കളക്ട്രേറ്റില്‍ നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: