തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെടുത്ത നിലപാടിന്റെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വെട്ടിലായി. അദ്ദേഹത്തെ പുറത്താക്കാതെ തരമില്ലെന്ന അവസ്ഥയിലാണ്. ദണ്ഡപാണിയെക്കൊണ്ട് രാജിവയ്പ്പിക്കാന്‍ ചില നീക്കങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നിയമമന്ത്രി കെ.എം.മാണിക്കും ദണ്ഡപാണി രാജിവയ്ക്കണമെന്ന അഭിപ്രായമില്ല. മാത്രമല്ല സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് താന്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് എജി ആവര്‍ത്തിക്കുമ്പോഴും ഇവര്‍ രണ്ടും ഇദ്ദേഹത്തെ തള്ളിപ്പറയാനും തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും അറിവോടെയാണ് എജി നിലപാടെടുത്തതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖം നഷ്ടപ്പെട്ടുനില്‍ക്കുന്ന സര്‍ക്കാരിന് എജിയെ പുറത്താക്കാതെ തരമില്ലെന്ന സാഹചര്യമാണ്.
മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ളയും എജി കുറ്റക്കാരനല്ലെന്ന് ഇന്നലെ പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദണ്ഡപാണിയുടെ നിലപാടിനെ തുടക്കത്തില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ജനരോഷം ഉണ്ടായപ്പോള്‍ അദ്ദേഹം ഇന്നലെ നിലപാടുമാറ്റി. മാത്രമല്ല എജിക്കെതിരെ ശക്തമായ ആക്ഷേപവും ഉന്നയിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും ചീഫ് വിപ്പ് പി.സി.ജോര്‍ജുമാണ് ശക്തമായ ഭാഷയില്‍ എജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ രാജിയെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് താന്‍ രാജിവയ്ക്കില്ലെന്ന് അദ്ദേഹം ഇന്നലെ ആവര്‍ത്തിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ നിലയും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ല എന്നാണ് ദണ്ഡപാണി ഇന്നലെയും ആവര്‍ത്തിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കൊച്ചിയില്‍ വ്യക്തമാക്കി. ഇന്നലെ ഒരു സംഭവം ഉണ്ടായി. അത് കഴിഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ രാജിവെക്കേണ്ട കാര്യവുമില്ല. ചൊവ്വാഴ്ച സാങ്കേതിക വിദഗ്ധരെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹംപറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വെള്ളിയാഴ്ച എജി കോടതിയില്‍ നടത്തിയ പരാമര്‍ശം വന്‍വിവാദമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നാലും ജനങ്ങളുടെ ജീവന് സുരക്ഷാ ഭീഷണിയില്ലെന്നുമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിരിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: