പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ‘ആദാമിെന്റ മകന് അബു’ തിളങ്ങി. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘ആദാമിന്റെ മകന് അബു’ രജതമയൂരം സ്വന്തമാക്കി. ഇന്നലെ നടന്ന സമാപനച്ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന് സലിം അഹമ്മദ് ജൂറിയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. 15 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂറി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
‘ആദാമിന്റെ മകന് അബു’വിന് വേണ്ടി തെരഞ്ഞെടുത്ത വിഷയമാണ് ഈ അംഗീകാരങ്ങള്‍ക്കെല്ലാം കാരണം. ചിത്രത്തിന്റെ ഓസ്കാര്‍ പ്രചാരണത്തിനായി അവാര്‍ഡ് തുക വിനിയോഗിക്കും. ചിത്രത്തിന് ഓസ്കര് അവാര്‍ഡ് ലഭിക്കാന്‍ എല്ലാവരും സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കണം, അവാര്‍ഡ് സ്വീകരിച്ച് സലീം അഹമ്മദ് പറഞ്ഞു. ജീവിതത്തിലെ അവിസ്മരണീയമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന അത്തര്വില്പ്പനക്കാരനായ അബുവിന്റെ ജീവിതസംഘര്‍ഷങ്ങള്‍ അനശ്വരമാക്കിയ സലിംകുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമായിരുന്നു ആദാമിന്റെ മകന് അബു. 2010 ലെ ഓസ്കര് പുരസ്കാരത്തിന് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
ഗോവയില്‍ നടന്ന 42-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം കൊളംബിയന്‍ ചിത്രമായ ‘പോര്ഷിരിയോ’ സ്വന്തമാക്കി. അലക്സാണ്ടര്‍ ലാന്ഡസാണ് പോര്ഷിരിയോയുടെ സംവിധായകന്. ഇറാനിയന്‍ ചിത്രമായ ‘എ സെപ്പറേഷന്റെ’ സംവിധായകന് അഷര്‍ ഷര്‍ഹാദ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
റഷ്യന്‍ ചിത്രമായ ഏലേനയിലെ അഭിനയത്തിന് നടാഷ മര്ക്കീന മികച്ച നടിയായും ഇസ്രയേല്‍ ചിത്രമായ റെസ്റ്റോറേഷനിലെ അഭിനയത്തിന് സാസണ് ഗബേ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: