ന്യൂദല്‍ഹി: വര്‍ഷങ്ങളായി തുടരുന്ന ഷിയ-സുന്നി തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതിയും ഉത്തര്‍പ്രദേശ് ഭരണകൂടവും ഇടപെടുന്നു. വാരാണസിയിലെ ദോസിപുരയില് ന്യൂനപക്ഷമായ ഷിയ വിഭാഗവും ഭൂരിപക്ഷമായ സുന്നി വിഭാഗവും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തിട്ട് 132 വര്‍ഷമായി.
ഈ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടും ഇതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഷിയ വിഭാഗത്തിന് അവരുടെ വസ്തുവിന്മേല് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും സുന്നി വിഭാഗം ഈ ഭൂമിയില്‍ നിയമവിരുദ്ധമായി പ്രവേശിക്കരുതെന്ന 1981 ലെ വിധി നടപ്പാക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭരണാധികാരികളില്‍ നിന്ന് അനുകൂലനിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ 30 വര്‍ഷമായി സുപ്രീംകോടതി വിധിന്യായം പേപ്പറില്‍ ഒതുങ്ങിയിരിക്കുകയാണ്.
ഏകദേശം 5000 ത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വോട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കിലെടുക്കാത്ത കാരണം അവര്‍ അധികാരത്തിലെത്തിയാലും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് ജസ്റ്റിസുമാരായ ഡി.കെ.ജെയ്ന്‍,അനില്‍ ആര് ദേവ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഷിയ സമുദായം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്കി 30 വര്‍ഷം പിന്നിട്ടിട്ടും ഭരണകൂടം ഇതിന് താല്പര്യമെടുക്കുന്നില്ലെന്നും കോടതിയില്‍ എത്രകാലം ഇത് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമെന്നും ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ചോദിച്ചു.
എന്നാല്‍ ഷിയ വിഭാഗവുമായി പ്രശ്നമൊന്നും ഇല്ലെന്നാണ് അവര്‍ക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് എസ്.പട്വാലിയ കോടതിയെ ബോധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: