മോസ്കോ: ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം റഷ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് പ്രചാരണം നടത്താനോ ടെലിവിഷനില്‍ പരസ്യം നല്‍കാനോ നിയമപരമായ അനുവാദമില്ല.
റഷ്യയിലെ ഏഴ് അംഗീകൃത പാര്‍ട്ടികളും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഇതില്‍ യുണൈറ്റഡ് റഷ്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അള്‍ട്രാ നാഷണല്‍ എല്‍ഡിപിആര്‍, എ ജസ്റ്റ് റഷ്യ എന്നീ പാര്‍ട്ടികള്‍ക്കാണ് പാര്‍ലമെന്റില്‍ അംഗങ്ങളുള്ളത്. യാബ്ലോക്കോ, ദ റൈറ്റ് കോസ്, പാട്രിയറ്റ്സ് ഓഫ് റഷ്യ എന്നീ പാര്‍ട്ടികള്‍ ഏഴുശതമാനം വോട്ടുകള്‍ കരസ്ഥമാക്കി ആദ്യമായി ഡുമയിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഇതിനിടെ റഷ്യയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള കാംചട്ക, ചുക്കോട്ട പ്രദേശങ്ങളില്‍ ഇന്ന് 8മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യത്താകമാനം 9600 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാണോ എന്ന് പരിശോധിക്കാന്‍ 650 അന്തര്‍ദേശീയ നിരീക്ഷകര്‍ രംഗത്തുണ്ട്. റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷമേ ഫല പ്രഖ്യാപനം ഉണ്ടാവൂ.
റഷ്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള കാംചട്കയില്‍ നിന്ന് പടിഞ്ഞാറുള്ള സെന്റ് പീറ്റേഴ്സ്ബര്‍ഗ്‌വരെ 11 ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: