കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സംസ്ഥാന നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതില്‍ അഡ്വക്കേറ്റ് ജനറലിന് വീഴ്ച പറ്റിയെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എ.ജിക്കെതിരെ നടപടി വേണമോയെന്ന കാര്യം ഉന്നത തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ രേഖാമൂലം ഹാജരാക്കിയ വിശദീകരണത്തിനു വിരുദ്ധമായാണ് എ.ജി ഹൈക്കോടതിയില്‍ സംസാരിച്ചത്. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്. അത് സര്‍ക്കാരിന്റെ പൊതുനിലപാടല്ല. ഒരു അഭിഭാഷകന് എന്ന നിലയിലാകും അഡ്വക്കേറ്റ് ജനറല്‍ അങ്ങനെ പറഞ്ഞത്. മുല്ലപ്പെരിയാര്‍ പോലുള്ള വൈകാരികമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വാക്കുകളില്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
എ.ജിക്കെതിരെ എന്തു നടപടി വേണമെന്ന് തനിക്ക് വ്യക്തിപരമായ നിലപാടുണ്ട്. ഇത് അടുത്ത ദിവസം ചേരുന്ന ഉന്നത തലയോഗത്തില്‍ അറിയിക്കും. യോഗത്തില്‍ നടപടിയുണ്ടാകും. മാദ്ധ്യമങ്ങളാണ് ഭീതി പടര്ത്തുന്നതെന്ന് എ.ജി കോടതിയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇടുക്കി അണക്കെട്ടിന് മുഴുവന്‍ വെള്ളവും താങ്ങാന്‍ കഴിയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: