മുംബൈ: പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയെ വെടിവെച്ചുകൊന്ന കേസില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയില്‍ 3055 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകയായ ജിഹ്ന വോറയുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധോലോക നായകന് ഛോട്ടാരാജന്റെ സംഘത്തിലെ പത്ത് പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഛോട്ട രാജന്, എന്‍.ബിഷ്ത് എന്നീ പ്രതികള്‍ ഈ കേസില്‍ പൊലീസ് അന്വേഷിക്കുന്നവരാണ്. കഴിഞ്ഞ ജൂണ്‍ 11 നാണ് മിഡ് ഡെ പത്രത്തിലെ റിപ്പോര്‍ട്ടറായ ജെ.ഡെ മുംബൈയില്‍ വെടിയേറ്റ് മരിച്ചത്.
മലയാളിയായ തങ്കപ്പന് ജോസഫ് എന്ന സതീഷ് കാലിയ, അഭിജിത് ഷിന്‍ഡെ, അരുണ്‍ ദേക്, സച്ചിന് ഗെയ്ക്ക്വാദ്, അനില്‍ വാഗ്മോഡെ, നിലേഷ് ഷെണ്ഗെ, മങ്കേഷ് അഗ്വാനെ, വിനോദ് അസ്രാണി, പോള്‍സണ്‍ ജോസഫ്, ദീപക് ശിശോദിയ എന്നിവരാണ് കേസില്‍ അറസ്റ്റിലായവര്‍.
അതേസമയം ഡേയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ വനിതാ മാധ്യമ പ്രവര്‍ത്തകയും ഏഷ്യന്‍ ഏജ് ഡെപ്യൂട്ടി ബ്യൂറോ ചീഫുമായ ജിഗ്ന വോറയ്ക്ക് കൊലപാതകത്തിലുള്ള പങ്ക് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിഗ്ന വോറയുടെ പങ്ക് ചൂണ്ടിക്കാട്ടി മറ്റൊരു അനുബന്ധ കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: