തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന നിലപാടിനു വിരുദ്ധമായി പരാമര്‍ശം നടത്തിയ അഡ്വക്കെറ്റ് ജനറലിനെ മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം ഉന്നയിക്കുന്ന വാദങ്ങള്‍ ന്യായമാണെന്ന് ദേശീയ തലത്തില്‍ ബോദ്ധ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
ദല്‍ഹി സന്ദര്‍ശനത്തിനു ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. . ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണു പ്രശ്നം പരിഹരിക്കേണ്ടത്. ഇതിനു പല തരത്തിലുള്ള സഹായം ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കണമെന്ന ആവശ്യമാണു കേരളത്തിനുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിഗതികളെക്കുറിച്ചു കേന്ദ്രത്തിനു ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥതലത്തില്‍ ആയിരിക്കും ആദ്യചര്ച്ചയെന്ന് വ്യകതമാക്കിയ മുഖ്യമന്ത്രി ചര്‍ച്ചയുടെ തീയതിയോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയില്ല. ആവര്‍ത്തിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചര്‍ച്ച താമസമില്ലാതെ ഉണ്ടാകുമെന്നായിരുന്നു മറുപടി. മുല്ലപ്പെരിയാറിനെ കുറിച്ച് മാദ്ധ്യമങ്ങള്‍ ഭീതി പടര്‍ത്തുന്നുവെന്ന എ.ജിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടു സംബന്ധിച്ചു സുതാര്യമായ വാര്‍ത്തകള്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കേരളത്തിനു സുരക്ഷയും തമിഴ്നാടിനു വെള്ളവും എന്ന നിലപാടില്‍ മാറ്റമില്ല. വെള്ളം നല്കുന്നതു സംബന്ധിച്ച് ഏതു തരത്തിലുള്ള ഉറപ്പും തമിഴ്നാടിനു നല്കാന് തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആശങ്കകള്‍ അവരെ മനസിലാക്കിക്കുക എന്നതോടൊപ്പം തമിഴ്നാടിന്റെ ആശങ്കകളും അറിയുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: