കൊച്ചി: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള സമാപിച്ചു.പലതരം വിത്തുകള്‍ കൊണ്ടു കോഴിയെയും ആനയെയും കുതിരയെയും സ്ത്രീകളെയും മരങ്ങളും മാത്രമല്ല കേരളത്തിന്റെയും താജ്മഹലിന്റെയും രൂപം വരെ കുരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്. റാഗിയും കടുകും എള്ളും വ്യത്യസ്തതരം പച്ചക്കറി വിത്തുകള്‍ എന്നിവയിലാണു വിദ്യാര്‍ഥികള്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്. എല്‍പി വിഭാഗത്തില്‍ കളക്ഷന്‍ മോഡല്‍ വിഭാഗം മത്സരത്തിലാണു വിത്തുകളും ധാന്യങ്ങളും കൊണ്ടുള്ള രൂപങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. വിത്ത് എന്നതായിരുന്നു ഇവര്‍ക്കു നല്കിയ വിഷയം.
ഇക്കൂട്ടത്തില്‍ വ്യത്യസ്തമാര്‍ന്ന വിത്തു ശേഖരവുമായി എത്തിയതു ശ്രീ കൊച്ചിന് ഗുജറാത്തി വിദ്യാലയ യുപി സ്കൂളിലെ എസ് ശാന്തിനിയും എ എ ഫര്‍സാനയുമാണ്. വിത്തുകൊണ്ടുള്ള വസന്തം തന്നെയായിരുന്നു ഇവരുടെ പ്രദര്‍ശനം. വിത്തുകള്‍ കൊണ്ടു നിര്‍മിച്ച ആഭരണശേഖരവുമായാണു ശാന്തിനിയും ഫര്‍സാനയും എത്തിയത്. പിസ്ത തൊണ്ടു കൊണ്ടുണ്ടാക്കിയ മാല, മത്തന്റെയും പാവയ്ക്കയുടേയും ഗ്രീന്‍ പീസിന്റെയും വിത്തുകള്‍ കൊണ്ടു കമ്മലും മാലയും വളയുമൊക്കെ നിര്‍മിച്ചാണു എല്‍പി വിഭാഗം കളക്ഷന്‍ മോഡല്‍ മത്സരത്തില്‍ ഇവര്‍ ശ്രദ്ധേയരായത്.
മെട്രോ റെയിലും മാലിന്യസംസ്ക്കരണ പ്ലാന്റും വാട്ടര്‍ഫില്‍റ്ററും മാലിന്യത്തില്‍നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കന്നതിനും ജലശുദ്ധീകരണശാലയുമൊക്കെയായി സമകാലീന പ്രശ്നങ്ങളാണ് കുട്ടികളില്‍ ഭൂരിഭാഗം പേരും അവതരിപ്പിച്ചത്.
എല്‍ പി, യുപി വിഭാഗങ്ങളുടെ സെന്റ് ആല്‍ബര്‍ട്ട്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന തത്സമയ നിര്‍മാണ മത്സരങ്ങളില്‍ പതിവുപോലെ പാവയും തൊപ്പിയും പായും കുട്ടയും വട്ടിയുമൊക്കെ തന്നെയായിരുന്നു. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള കുഞ്ഞുപാവകള്‍ മുതല്‍ വലിയ ടെഡി ബിയറുകള് വരെ വിദ്യാര്‍ഥികളുടെ കരവിരുതിലൂടെ മത്സരത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: