തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനത മൊത്തം ആശങ്കയുടെ മുള് മുനയില്‍ നില്ക്കുമ്പോള് ഉത്തരവാദിത്തപ്പെട്ടവരുടെ പിടിപ്പുകേട് തമിഴ്നാടിന് ഗുണകരമായി. അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദവും ഇതിനെ പിന്തുണച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ പത്രസമ്മേളനവും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനും ജസ്റ്റിസുമായ ജെ.ബി.കോശി നടത്തിയ പ്രസ്താവനകളുമെല്ലാം കേരളത്തിന് ദോഷകരമെന്നു മാത്രമല്ല തമിഴ്നാടിന്റെ നിലപാടുകളെ ശക്തിപ്പെടുത്തുന്നതുമാണ്. രാഷ്ട്രീയ പ്രശ്നമായും ധാര്‍മിക പ്രശ്നമായും മനുഷ്യത്വപ്രശ്നമായും മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. എ ജിയുടെയും മന്ത്രിയുടെയും നിലപാടുകള്‍ തങ്ങളുടെ പരമ്പരാഗത നിലപാട് തന്നെ എന്ന് തമിഴ്നാട് ഇനി പറയുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ കേരളത്തിന് കഴിയില്ല. തമിഴ്നാടിന് ജലം നല്‍കാമെന്ന് ആവര്‍ത്തിച്ചു പറയുന്ന കേരളം സുരക്ഷയുടെ പേരിലാണ് പുതിയ ഡാം നിര്‍മിക്കാമെന്ന് പറയുന്നത്. സുരക്ഷാ പ്രശ്നമില്ലെന്ന് സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറലും പിന്തുണച്ച് മന്ത്രിയും രംഗത്തു വന്നപ്പോള്‍ പിന്നെയെന്തിന് ഡാം എന്ന ചോദ്യത്തിന് ഉത്തരം നല്കാന് കേരളം വിഷമിക്കും. ഫലത്തില്‍ കേസ് കോടതിയിലെത്തും മുമ്പ് കേരളം തോറ്റു എന്നു പറയാം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിലൂടെ യഥാര്‍ഥത്തില്‍ കേരള ജനതയെ ആകമാനം ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പറയാം. കാരണം രാഷ്ട്രീയ-ജാതിമത വ്യത്യാസമില്ലാതെ അടുത്ത കാലത്ത് കേരളം ഒറ്റക്കെട്ടായി നിലകൊണ്ട വിഷയത്തിലാണ് ജനാഭിലാഷത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ നിരത്തിയിരിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി മുല്ലപ്പെരിയാര്‍ സുരക്ഷാ കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനുമുമ്പാകെ നിരത്തിയ വാദമുഖങ്ങള്‍ കേരളത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. എജിയുടെ വാദമുഖങ്ങളെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ന്യായീകരിക്കുകയും ചെയ്തു. എ.ജിയും മന്ത്രിയും ഒരു സ്വരത്തിലാണ്. ഇതിലൂടെ സര്‍ക്കാര്‍ നിലപാടാണ് എ.ജി ഹൈക്കോടതിയെ ധരിപ്പിച്ചതെന്ന് വ്യക്തമാകുന്നു.
മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന ഒരു അണക്കെട്ടുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടുവിചാരമില്ലാതെ നീങ്ങുകയാണ്. അതാണ് അഡ്വക്കറ്റ് ജനറലിന്റെയും മന്ത്രിയുടെയും നിലപാട് വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിലപാട് കേരള നിയമസഭ അംഗീകരിച്ച പ്രമേയത്തിനും സര്‍വകക്ഷിയോഗം കൈക്കൊണ്ട തീരുമാനത്തിനും നിരക്കുന്നതല്ല.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: