തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഭയപ്പെടാനില്ലെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലപ്രവാഹം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് സാധിക്കും. സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടനുസരിച്ചാണ് പുതിയ നീരീക്ഷണമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതിയനുസരിച്ച് വലിയ ഭയാശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇടുക്കി ഡാമില്‍ അതിനായി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. നേവിയുടെയും മിലിട്ടറിയുടെയും കോസ്റ്റ് ഗാര്ഡിന്റെയുമെല്ലാം സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.
ജനങ്ങളെ സുരക്ഷിതമായി എത്തിക്കാനുള്ള കേന്ദ്രങ്ങളും അവരെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. ഭീഷണിയുടെ നിഴലിലുള്ളവരില് ഈ സന്ദേശം എത്തിച്ചിട്ടുണ്ട്. ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിത് പ്രശ്നം പരിഹരിക്കണം. മുല്ലപ്പെരിയാര്‍ നിലകൊള്ളുന്നത് ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണെന്നത് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയും അംഗീകരിച്ചു കഴിഞ്ഞു. എത്ര തവണ ഭൂകമ്പമുണ്ടായി എന്നതിനെ ചൊല്ലി മാത്രമെ അവര്‍ക്ക് അഭിപ്രായവ്യത്യാസമുള്ളൂ.
തമിഴ്നാട് സഹകരിക്കാതെ നിയമപരമായി ജലനിരപ്പ് 120 അടിയായി താഴ്ത്തുക സാധ്യമല്ല. നിയമപരമല്ലാതെ മറ്റുവഴികളുണ്ടാകുമെങ്കിലും അത് ഇപ്പോള്‍ പരിഗണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: