കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് മാറ്റി. അണക്കെട്ട് തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ക്ക് താങ്ങാനാവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് കുറച്ചുകൊണ്ടാവും ഇതിന് ക്രമീകരണം നടത്തുകയെന്നും സര്‍ക്കാരിന് വേണ്ടി എ.ജി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങളാണ് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നതെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി. ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുമെന്നും എ.ജി. വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങള്‍ ആശങ്ക പരത്തുകയാണെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ധൃതിപിടിച്ച് ദല്‍ഹിക്ക് ഓടിയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ആരുടെയെങ്കിലും ഭാവനയാണോയെന്ന് ചോദിച്ച കോടതി മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം എത്രനേരം കൊണ്ട് ഇടുക്കി ഡാമിലെത്തുമെന്നും അവിടെ നിന്ന് എത്രനേരം കൊണ്ട് അറബിക്കടലില്‍ എത്തുമെന്നും അറിയിക്കാനും നിര്‍ദേശം നല്കി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാവിലെ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാന്‍ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ.ജി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. വാചകമടി കൊണ്ട് കാര്യമില്ല. ഒരു അത്യാഹിതം സംഭവിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ എന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയെന്ന വിശദീകരണം ചൊവ്വാഴ്ച കോടതിയില്‍ ഫയല്‍ ചെയ്യാനും എ.ജിയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: