ന്യൂദല്‍ഹി: കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് കൂടുതല്‍ വൈദ്യുതി വിഹിതം അനുവദിച്ചു. 135 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അധികമായി നല്‍കുമെന്ന് ഊര്‍ജ്ജസഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ എന്‍.ടി.പി.സി നിലയങ്ങളില്‍ നിന്നായിരിക്കും ഈ അധിക വൈദ്യുതി കേരളത്തിന് കിട്ടുക. ഇതു സംബന്ധിച്ച് ഉത്തരവ് ഇന്ന് പുറത്തിറങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിന് 100 മെഗാവാട്ട് അനുവദിച്ചതിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുന്നത്.
1490 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ഇപ്പോള്‍ കേന്ദ്രപൂളില്‍ നിന്നും കിട്ടുന്നത്. തെലുങ്കാന സമരവും താള്‍ച്ചര്‍ നിലയത്തിലെ തകരാറുകളും മൂലം വൈദ്യുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങിനും പവര്‍ കട്ടിനും കാരണമായിരുന്നു.
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള കേന്ദ്ര അനുമതിയും നീണ്ടു പോകുന്നതിനാല്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ കേന്ദ്രവിഹിതം വേണമെന്ന് മന്ത്രിതല സംഘം ദല്‍ഹിയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: