തിരുവനന്തപുരം: എ.ജിയുടെ അഭിപ്രായം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രശ്നത്തിന്റെ വസ്തുതകള്‍ വിവരിച്ചപ്പോള്‍ പറഞ്ഞതാകാമെന്നും തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ് നല്കാന് റേഡിയോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അഞ്ചംഗ ക്രൈസിസ് മാനേജുമെന്റ് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാടിന് അനുകൂലമായ നിലപാടാണ് എ.ജിയുടേതെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസില്‍ ഹാജരായത് അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു.എ.ജിയുടെ വിശദീകരണം സത്യവിരുദ്ധമാണെന്ന് നിയമമന്ത്രി കെ.എം.മാണി പറഞ്ഞു. നിയമ വകുപ്പോ താനോ അറിയാതെയാണ് എ.ജിയുടെ പരാമര്‍ശമെന്നും മാണി പറഞ്ഞു.
അതിനിടെ എ.ജിയുടെ നിലപാടിനെതിരെ മുല്ലപ്പെരിയാര്‍ സമരസമിതി പ്രതിഷേധം അറിയിച്ചു. സര്‍ക്കാരിന്റെയും യു.ഡി.എഫിന്റെയും നിലപാടല്ല എ.ജിയുടേതെന്നും എ.ജിക്കു തിരുത്തേണ്ടി വരുമെന്നും നിരാഹാരം അനുഷ്ഠിക്കുന്ന റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. എ.ജിയെ തത്സ്ഥാനത്തു നിന്നു മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പറഞ്ഞു. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി നിജപ്പെടുത്തണമെന്നും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുമാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ജിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മന്ത്രി കെ.പി രാജേന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് ഉടന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: